Author: സായന്ദ് സാരംഗ്

Nothing to say just wandering

ഈ രാവ് പുലരുമ്പോളിരു വഴിയേ പിരിഞ്ഞു പോകും ഞാനും നീയും.. പിന്നെ മറവിയിലമർന്നു പോകുമീ വഴിയമ്പലത്തിലെ കൂട്ടും, അരണ്ടൊരീ നിലാവിൽ നമ്മൾ പങ്കു വെച്ച മോഹങ്ങളും സ്വപ്‌നങ്ങളും , ശ്രുതിയിടറിയ നോവുകൾ തൻ പാട്ടുകളും.. കരളിൽ കൊളുത്തി വെച്ച കരുണ തന്നീറൻ വെളിച്ചവും.. എങ്കിലും കൂട്ടുകാരാ.. ഒരിക്കൽ കൂടി പാടുക.. ഹൃദയദ്രവീകരണമാമൊരൊച്ചയിൽ, ഇനിയും വരും നല്ല നാളെകൾ എന്നൊരു ഗാനം…. ആൽമരത്തിലന്തിയ്ക്ക് ചേക്കേറിയ പറവകളുറങ്ങി, വഴി തെറ്റി വന്ന മേടക്കാറ്റിൽ തളിരുകൾ അലസമുലയുന്നു.. നിതാന്തനീല നിശബ്ദതയിൽ മങ്ങിത്തെളിയുന്നൊരമ്പിളിയും.. എന്തിനാണെന്നറിയാതെ വെറുതെ, മിഴികൾ നിറച്ചു ഞാനും.. ഗദ്ഗദം തിങ്ങി, സ്വരം വിറച്ചുന്മാദത്തിലെന്ന പോലെ പ്രണയം പാടുന്ന നീയും…. കിഴക്കെവിടെയോ.. ഛായാചിത്രം പോൽ പടർന്ന ഗിരിനിരകൾക്ക് മീതെ ചക്രവാളങ്ങളിൽ മിന്നലിൻ ലാസ്യ നൃത്തം.. ദൂരെയെവിടെയോ പെയ്യുന്ന വേനൽമഴയുടെ നേർത്ത തണുപ്പുമായി മരങ്ങളെ ചുംബിക്കും പാതിരാക്കാറ്റ്.. വിരഹം ജീവന്റെ വേരുകളെ ഉരുക്കിയുണക്കി കളയുന്നെന്നു നീയധരം വിതുമ്പിപ്പാടവേ ഓർമ്മകൾ പോലും മറഞ്ഞേയിരിക്കുന്നു ഞാൻ പുലരി വരും. ഇരുവഴി പിരിയും നാം.…

Read More