ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സ്പെഷ്യൽ സ്കൂളിലോ തെറാപ്പി സെന്ററിലോ പോയിട്ടുണ്ടോ? പോയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും അവിടേക്ക് പോകണം. അവിടെ ടീച്ചർമാരും തെറാപ്പിസ്റ്റുമാരും നമ്മുടെ മക്കളെ എത്രത്തോളം സ്നേഹത്തോടെയും ക്ഷമയോടെയും കരുതലോടെയുമാണ് നോക്കുന്നതെന്ന് നേരിട്ട് കണ്ടാൽ മാത്രമേ മനസ്സിലാകൂ. സ്പെഷ്യൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ അവിടെയും ടീച്ചർമാരുണ്ട് എന്നത് മാത്രമായിരിക്കും പലരുടെയും ധാരണ. എന്നാൽ അവരുടെ ജോലി പാഠപുസ്തകത്തിലെ അറിവുകൾ പകർന്നു കൊടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ മക്കളെ സ്വയം പര്യാപ്തരാക്കി, കഴിയുന്നത്ര സ്വാതന്ത്ര്യത്തോടെ ഈ ലോകത്ത് ജീവിക്കാൻ പ്രാപ്തരാക്കുകയാണ് അവർ ചെയ്യുന്നത്. ഒരു കുട്ടിക്ക് ഇരിക്കാൻ പഠിക്കാൻ, നിവർന്ന് നിൽക്കാൻ, പിച്ചവെച്ച് നടക്കാൻ, സംസാരിക്കാൻ, ഭക്ഷണം കഴിക്കാൻ, പല്ല് തേക്കാൻ, വസ്ത്രം ധരിക്കാൻ, ബാത്റൂം ഉപയോഗിക്കാൻ തുടങ്ങി നമ്മൾ ജീവിതത്തിൽ സ്വാഭാവികമായി ചെയ്യുന്ന ഓരോ കാര്യവും സ്വയം ചെയ്യാൻ പഠിപ്പിക്കുന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്. പാഠപുസ്തകം നോക്കി പഠിപ്പിക്കുകയല്ല അവർ ചെയ്യുന്നത്. ഓരോ…
