Author: SHAMNA N M

ഓർമകളുടെ കാവൽക്കാരി

കുറച്ചുദിവസങ്ങൾക്ക് മുമ്പ് മിഠായിത്തെരുവിലൂടെ നടന്നു വരുമ്പോൾ പിറകിൽ നിന്ന് ഒരു വിളി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. കാണാൻ കൊള്ളാമെങ്കിലും മുഖപരിചയം തോന്നാത്തത് കൊണ്ട് ഞാൻ പുഞ്ചിരിച്ചില്ല! ഉടനെത്തന്നെ കക്ഷി എന്റെ പേരും സ്ഥലവും പറഞ്ഞു കൊണ്ട് എനിക്ക് തെറ്റിയതല്ലല്ലോ എന്ന് ജിജ്ഞാസപ്പെട്ടു. ഭൂതകാലത്തിന്റെ ഇരുണ്ട ഗലികളിലൂടെ അലഞ്ഞു തിരിഞ്ഞുകൊണ്ട് ഞാൻ ആ മുഖം ഓർത്തെടുക്കുവാൻ ശ്രമിച്ചു. ഇല്ല. ഒന്നും ഓർമ വരുന്നില്ല. “ഞാൻ സൗദത്തയുടെ മോനാണ്. നിങ്ങടെ വീട്ടില് പണ്ട് ഈറ്റിന് നിന്ന…”, അവൻ പാതിയിൽ നിർത്തി. പൊടുന്നനെ ഉള്ളിൽ നിന്ന് ഓർമകളെ മൂടിക്കിടന്ന കരിയിലകൾ ശറപറേന്ന് പാറിയകന്നു. നേർത്ത ഇരുളിൽ തെളിഞ്ഞു കത്തുന്ന ഇളംപച്ച കണ്ണുകൾ…! മൂത്ത ഇത്ത രണ്ടാമത്തെ മകളെ പ്രസവിച്ച് കിടന്ന കാലത്ത് മുൻവശത്തെ വാതിൽ തുറക്കുമ്പോൾ പലപ്പോഴും കണ്ടിരുന്ന ഒരു മുഖം. നന്നേ ചെല്ലിച്ച രൂപവും അസാമാന്യമായ തിളക്കമുള്ള ആ പൂച്ചക്കണ്ണുകളും മാത്രം ഓർമ വന്നു. “ഇന്റെ മോനാണ്… താഹിറ്.…

Read More

ഞാൻ ഉമൈബാനു ” ഇത്തയുടെ രണ്ടാമത്തെ പ്രസവത്തിന് വന്ന ഹോംനേഴ്സിനെ കണ്ട് ഞങ്ങൾ എല്ലാവരും അമ്പരന്ന് പോയി. ശാന്തി നഴ്സിംഗ് ഹോമിൽ നിന്ന് വരുന്നയാളുടെ പേര് മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. പേര് കേട്ട് പത്തൻപത് വയസ്സിന്റെ തഴക്കവും പഴക്കവും ഉള്ള ഒരു സ്ത്രീയെ പ്രതീക്ഷിച്ച് നിന്നിരുന്ന ഉമ്മയ്ക്ക് മുമ്പിലേക്ക് പത്തിരുപത്താറു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു ചെറുപ്പക്കാരി ഓട്ടോയിൽ നിന്ന് ഇറങ്ങി വന്നു നിന്നു. ഇളംവയലറ്റിൽ മയിൽപ്പച്ച നിറത്തിലുള്ള കുഞ്ഞുപൂക്കൾ ചിതറി വീണുകിടക്കുന്ന കോട്ടൺസാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തിരിക്കുന്നത് കണ്ടപ്പോൾ പഴയ മലയാളസിനിമകളിലെ സുമലതയെ ഓർമ വന്നു. അവർ എന്നെ നോക്കി പ്രത്യേകം പുഞ്ചിരിച്ചു. ഞാനന്ന് പി.ജിയ്ക്ക് പഠിക്കുകയാണ്. ഏതാണ്ട് സമപ്രായക്കാരിയായി തോന്നിച്ചത് കൊണ്ടാകുമെന്ന് ഞാൻ അമ്പരന്നു. ചെറുപ്പക്കാരി ഹോംനേഴ്സിനെ കണ്ടപ്പോൾ ഉമ്മയ്ക്ക് ആകെ വെപ്രാളമായി. “പെറ്റ പെണ്ണിന് മരുന്നുണ്ടാക്കാനും കുട്ടീനെ നോക്കാനുമൊക്കെ അറിയ്യോ ആവോ. കണ്ടിട്ട് കല്യാണം കൂടി കഴിഞ്ഞിട്ടില്ല്യന്ന് തോന്നുന്ന്…” ഉമ്മ ആവലാതിപ്പെട്ടു. അല്ലെങ്കിലും ഏത് ഹോസ്പിറ്റലിൽ ചെന്നാലും പ്രായം…

Read More

വർഷങ്ങൾക്ക് മുമ്പ് കെട്ട്യോൻ കടുത്ത പനി ബാധിച്ച് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ പുലർച്ചെ രണ്ടുമണിയ്ക്ക് ലബോറട്ടറിയുടെ മുമ്പിൽ വെച്ചാണ് ഞാൻ ബിൽക്വിസ്ത്തയെ വീണ്ടും കാണുന്നത്. നിയോൺ ലാംപിന്റെ മങ്ങിയ വെട്ടത്തിൽ ഇരുന്ന് തൊഴിൽവാർത്തയുടെ കൂടെയുള്ള ഹരിശ്രീ കരണ്ടു തിന്നുകൊണ്ടിരിക്കുകയായിരുന്നു, ഞാൻ. അടുത്തയാഴ്ച എച്ച്.എസ്.എ എക്സാമാണ്. കെട്ട്യോന് ഡെങ്കിപ്പനിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം. ബ്ലഡ് റിസൾട്ട്‌ വരുവാൻ സമയമെടുക്കും. ഉള്ളിൽ മൂപ്പരെ ചൊല്ലി കടുത്ത ആധിയുണ്ട്. പക്ഷേ പഠിക്കാതെ വയ്യ. “ന്നെ മനസ്സിലായോ?” കാണുവാൻ ഏറെ അഴകുള്ള ഒരു സ്ത്രീ എന്റെ അരികിൽ അരികിൽ വന്നുനിന്നു. ബിൽക്വിസ്ത്ത! ഉവ്വെന്ന് ഞാൻ ചിരിച്ചു. വെളുത്ത ചുരിദാറിൽ നിന്ന അവർക്ക് പ്രേതസിനിമകളിൽ കണ്ടു പരിചയിച്ച യക്ഷിയുടെ ഛായയുണ്ടെന്ന് തോന്നി. അവരുടെ ഉമ്മ ഐ.സിയുവിലാണെന്നും പുറത്തെ ബെഞ്ചിൽ ഇരുന്നിട്ട് ഉറക്കം വരാതിരുന്നപ്പോൾ എഴുന്നേറ്റു നടന്നതാണെന്നും പറഞ്ഞു. ഇരുളും വെളിച്ചവും കെട്ടിപ്പുണരുന്ന കോറിഡോറിലെ സ്റ്റീൽ ബെഞ്ചിൽ പരസ്പരം തൊടാതെ, മൗനത്തിന്റെ അദൃശ്യഭിത്തിയിൽ മുഖം ചേർത്തുവെച്ച് അപരിചിതരെപ്പോലെ ഞങ്ങൾ ഇരുന്നു. അഞ്ചാറുവർഷത്തിന് മുമ്പ്…

Read More

തീ കൊളുത്തി മരിക്കുവാൻ ശ്രമിച്ച ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വന്നതിൽ പിന്നെ ഞാൻ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയായിരുന്നു. അവളുടെ പാതി കരിഞ്ഞ മുഖം ഇടക്കിടെ സ്വപ്നത്തിൽ കടന്നു വന്നെന്നെ ഞെട്ടിച്ചു. ഹരിത കെട്ട്യോന്റെ നാട്ടുകാരിയാണ്. വിവാഹം കഴിഞ്ഞ നാളിൽ പുതിയ നാടും വീടും തീർത്ത അങ്കലാപ്പിലേക്ക് കടന്ന് വന്ന് അവിടെ വേരുകളാഴ്ത്തുവാൻ സഹായിച്ച കൂട്ടുകാരി. അന്ന്,എനിക്ക് മുമ്പിൽ നിറഞ്ഞ മിഴികളോടെ കിടക്കുന്ന ഹരിതയ്ക്ക് അരികിലായി ഇരിക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥപ്പെട്ടു. ഇത്രയും പൊള്ളിപ്പിടഞ്ഞൊരു മരണം സ്വയം വിധിക്കുവാൻ മാത്രം അവൾ തന്നെ അത്രമേൽ വെറുത്തുപോയെന്നോ? ഞാൻ ഉള്ളിൽ പിറുപിറുത്തു. “നീ വരേണ്ടിയിരുന്നില്ല…” എണ്ണ മിനുപ്പുള്ള നുണക്കുഴി മുഴുക്കെ വെന്തുമാഞ്ഞു പോയ കവിൾ പൊത്തി അവൾ വിതുമ്പി. വരേണ്ടിയിരുന്നില്ല. എനിക്കും തോന്നി. തൊലി പൊളിച്ച നാവുമത്സ്യം പോലെ തോന്നിച്ച മൂക്കിലെ വജ്രമൂക്കുത്തിയുടെ തുള പോലും കാണുവാനില്ല. “കിരണേട്ടൻ പണിയിച്ചു തന്നതാ…” വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വെട്ടിത്തിളങ്ങുന്ന…

Read More

ആദ്യമായി എഴുതിയ പി.എസ്.സി പരീക്ഷയുടെ റിസൾട്ട്‌ വരുമ്പോൾ ഞാൻ പ്രസവിച്ച് കിടപ്പാണ്. നോക്കുമ്പോൾ നവജാത ശിശുവിന്റെ ഉമ്മ ലിസ്റ്റിലുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയായിരുന്നു, എച്ച്.എസ്.എസ്.ടി പരീക്ഷ. ബി.എഡ് ന് പഠിക്കുന്ന സമയത്ത് തന്നെ സെറ്റ് കിട്ടിയത് കൊണ്ട് അപ്ലൈ ചെയ്തിട്ടതാണ്. അടുക്കളയിൽ പലവിധ പാചക പരീക്ഷണങ്ങളിൽ മുഴുകിയ നവവധു ഒരുവിധം പരീക്ഷ എഴുതി വന്നുവെന്നേ ഉണ്ടായിരുന്നുള്ളൂ. ലിസ്റ്റിൽ നമ്പർ വന്നതോടെ ഉള്ളിൽ വീണ്ടും പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇന്റർവ്യൂവും പി.എസ്.സി യുടെ പട്ടത്തുള്ള മെയിൻ ഓഫീസിൽ വെച്ചാണ്. മൂന്നുമാസം തികയാത്ത കുഞ്ഞിനേയും കൊണ്ട് പോകുക തന്നെ! അങ്ങനെ കെട്ട്യോനും കെട്ട്യോളും കുഞ്ഞും തിരുവനന്തപുരത്തിന് വെച്ച് പിടിച്ചു. രാവിലെ ഒൻപത് മണിക്ക് എത്താൻ പാകത്തിലാണ് യാത്ര. കെട്ട്യോൻ വെയിറ്റ്റിങ് ലിസ്റ്റിലാണ്. ആകെ കിട്ടിയ വിൻഡോ സീറ്റ് ബെർത്ത്‌ ആക്കി മോനെയും കൊണ്ട് കിടന്നു. കോഴിക്കോട് പിന്നിട്ടപ്പോൾ കുറേ നാടോടി സ്ത്രീകൾ കയറി. പച്ച, ചുവപ്പ്,വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള ചേല…

Read More

എല്ലാവരുടെയും ജീവിതത്തിൽ വളരെ നിറം മങ്ങിയ ഒരു കാലഘട്ടം ഉണ്ടാകും. പ്രസവശേഷം ഭർതൃഗൃഹത്തിൽ എത്തിയത് തൊട്ട് എന്റെ ദിവസങ്ങൾക്ക് ചാരനിറങ്ങളായി തുടങ്ങി. ആദ്യമായി പഠിക്കാനോ വായിക്കാനോ പുറം ലോകത്തേക്കിറങ്ങുവാൻ പ്രത്യേകിച്ച് കാരണങ്ങളോ ഇല്ലാതായ കാലം! കുഞ്ഞിനെ പരിചരിക്കലും വീട്ടുജോലിയും കഴിഞ്ഞ് മറ്റൊന്നിനും സമയമില്ല. ഞാൻ കൂടുതൽ കൂടുതൽ വിളർത്തും നേർത്തും വന്നു. കണ്ണുകളിൽ വിഷാദം കൂടുകൂട്ടി. ആയിടയ്ക്കാണ് പെരുന്നാൾ വന്നത്. കുഞ്ഞിനെയുമായി ഷോപ്പിംഗ് നടക്കില്ലെന്ന് പറഞ്ഞ് ഗ്രേപ്പ് കളറിൽ സ്വർണ്ണത്തൊങ്ങലുള്ള ഒരു ചുരിദാർ കെട്ട്യോൻ തനിയെ സെലക്ട്‌ ചെയ്തു വാങ്ങിച്ചു കൊണ്ട് വന്നു. പുറത്തിറങ്ങാനുള്ള ഒരു വഴി അങ്ങനെ തുറക്കുംമുമ്പേ അടഞ്ഞു പോയതിൽ ഞാൻ ഖേദിച്ചു. “കുഞ്ഞിന് പാൽ കൊടുക്കാൻ മുമ്പിൽ കൊളുത്ത് വയ്ക്കണം. ടൗണിൽ ഉള്ള ഏതേലും നല്ല തയ്യൽക്കടയിൽ തന്നെ പോകാം” ഞാൻ ഉടനെ ഒരു പോംവഴി കണ്ടു പിടിച്ചു. അങ്ങനെയാണ്‌ ഞാനും കെട്ട്യോനും ടൗണിലുള്ള ‘കോസ്‌റ്റ്യൂം’എന്ന ടൈലറിംഗ് ഷോപ്പിൽ എത്തുന്നത്. മനോരമ ആഴ്ചപ്പതിപ്പിന്റെ അകത്താളിൽ നിന്നെന്ന പോലെയുള്ള…

Read More

കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ പോയപ്പോൾ ഗ്രീൻ ഗ്രോസറി സെക്ഷനിൽ മൂത്തുപഴുത്തൊരു മത്തൻ എന്നെ നോക്കി തൊണ്ണ കാണിച്ച് ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട്… “ആഹാ… മത്തൻ ഒടച്ചത് ണ്ടാക്കാം.” ഞാൻ ഒരല്പം ഉറക്കെ കണക്ക് കൂട്ടി. “എത്ര കാലായി ഉമ്മ ണ്ടാക്കണ കുമ്പളം ഒടച്ചത് കഴിച്ചിട്ട്… ” കെട്ട്യോന്റെ കണ്ണുകൾ വികസിച്ചു. അല്ലേലും ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചക്കാരനാണ്, പുള്ളി! പോട്ടെ, ഉമ്മരുചികൾ എല്ലാർക്കും പ്രിയം തന്നെ. ഞാൻ ആശ്വസിച്ചു! മൂപ്പരുടെ നാട്ടിൽ മത്തന് കുമ്പളം എന്നാണ് പറയുക. എന്റെ നാട്ടിലാണെങ്കിൽ ഇളവനാണ്,കുമ്പളം! കല്യാണം കഴിഞ്ഞ കാലത്ത് വിരുന്നിന് പോകുവാൻ ഇറങ്ങിയ എന്നോട് തഞ്ചത്തിൽ ഉമ്മ പറഞ്ഞു : “തിരിച്ചു വരുമ്പോ കൊറച്ച് കുമ്പളം വാങ്ങിച്ചോ. രാത്രി ഉപ്പാക്ക് ചോറിനൊപ്പം കൊടുക്കാനാ… കുമ്പളം ഒടച്ചത് ണ്ടേൽ ഉപ്പാക്ക് ചോറ് ബെയ്ക്കാൻ പിന്നൊന്നും വേണ്ട. ” ‘പിന്നെന്താ വാങ്ങിക്കാലോ ‘എന്ന് ഞാൻ പുഞ്ചിരിച്ചു. വൈകിട്ട് തിരിച്ചു വരും വഴി ഞാനൊരു ഇളവൻ കായ മുഴുക്കെ…

Read More

ഒരു മൂവന്തി നേരത്താണ് വാഹിത്ത പച്ചയും മഞ്ഞയും പ്ലാസ്റ്റിക് നാരുകൾ കൊണ്ട് കൊരുത്ത വള്ളിക്കൂടയും തൂക്കി വീട്ടിലേക്ക് കയറി വന്നത്. അവർ ഉമ്മയുടെ വകയിലൊരു ഇളയമ്മയുടെ മകളായി വരും. “ഞാൻ ഇവിടെ കൊറച്ചൂ സം നിൽക്കാൻ പോക്വാ.” വാഹിത്ത വന്നുകയറിയ ഉടനെ പ്രഖ്യാപിച്ചു. ഉമ്മയുടെ മുഖം മങ്ങി. ഉപ്പയുടെ മരക്കച്ചോടം എട്ടുനിലയിൽ പൊട്ടിയിരിക്കുന്ന സമയമാണ്. “അവനോന്റെ പൊര ആകുമ്പോ പള്ള മുറുക്കി ഉടുത്തങ്ങോട്ട് കഴിയാം. മാറ്റാനാളുകള് ( അന്യർ ) വന്ന് കയറിയാൽ അത് പറ്റ്വോ ” ഉമ്മ പിറുപിറുത്തു. “ഞ്ഞി അന്റെ പുയ്യാപ്ലന്റവിടെ പറഞ്ഞിട്ട് തന്നല്ലേ പോന്നത് വാഹിദാ…?”സാരി മാറുന്ന വാഹിത്തയോട് ഉമ്മ ഗൗരവത്തിൽ തിരക്കി. “ഇൻക്ക് വേറെ പണീല്ല്യ… “അവർ ചിറികോട്ടി. “ഞാനൊന്ന് കുളിച്ചിട്ട് വരാം എളാമ്മാ…കൊറേ ദൂരം ബസ്സില് വന്നതല്ലേ… മേലപ്പടി പൊടീം വെയർപ്പും” വാഹിത്ത മുറിയിൽ നിന്ന് പുറത്തിറങ്ങി. “എത്ര വീടുകളുണ്ട്, കുടുമ്മത്തിൽ… നനഞ്ഞ നെലം കുയിക്കാൻ തന്നെ എല്ലാരിക്കും ഇഷ്ടം…” വാഹിത്തയ്ക്ക് കുളിക്കാൻ…

Read More

ചില ബന്ധങ്ങൾ മനസ്സിലേക്കൊരു കനൽക്കട്ട എടുത്തു വെച്ച പോലെയാണ്, കൊടും ശൈത്യത്തിൽ ചൂടേകുമ്പോഴും അതിങ്ങനെ ആത്മാവിനെ പോലും പൊള്ളിച്ചു കൊണ്ടിരിക്കും… മറ്റു ചിലവ കാരമുള്ള് പോലെയാണ്;കടഞ്ഞു നീറി കൊണ്ടിരിക്കും.. ഇനിയും ചിലതുണ്ട്; ചൊറിയണം പോലെ ചൊറിഞ്ഞു ചൊറിഞ്ഞു പുകച്ചിലേകുന്നവ! എങ്കിലും നിലാവ് പോലെയും ഒരു നനുത്ത സുഗന്ധം പോലെയും അതിലോലമാം ബന്ധങ്ങളുമുണ്ട്;തൂവലോളം മൃദുവായി സ്പർശിക്കുന്നവ.. അടയിരിക്കുന്ന പക്ഷിയുടെ ചൂടും കരുതലും നൽകുന്നവ…

Read More