നമുക്ക് സ്നേഹിക്കാൻ നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലാതെ ആയിപ്പോകുന്ന അവസ്ഥയെ പറ്റി ഒന്നാലോചിച്ചു നോക്കൂ. എത്ര ഭീകരമാണത്.
അടുത്തിടെ ഉണ്ടായ ഒരുൾപൊട്ടലിൽ ഒരു നാട് ഒന്നാകെ തുടച്ചു നീക്കിയപ്പോൾ ബാക്കിയായ കുറച്ച് പേരിൽ ഒരാൾ ആയിരുന്നു അയാൾ. വലിയൊരു കുടുംബത്തിലെ ഇളയവൻ. എല്ലാവരും ഉണ്ടായിരുന്നു കുറച്ച് ദിവസം മുമ്പ്. ഇപ്പോൾ ഞാൻ എല്ലാവരും ഒരുമിച്ച് നഷ്ടപ്പെട്ട അനാഥൻ, അയാൾ വിതുമ്പി. തകർന്നു തരിപ്പണമായി ചെളി നിറഞ്ഞ വീടിൻ്റെ അസ്ഥിവാരത്തിൽ ഒറ്റക്കിരിക്കുകയായിരുന്നു അയാൾ. അയാൾക്ക് ഒന്ന് ഉറക്കെ കറയണമെന്നുണ്ടെന്ന് തോന്നി. പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല. കണ്ണിൽ നിന്ന് ഇടതടവില്ലാതെ ഒഴുകുന്ന കണ്ണുനീർ മാത്രം.
ഒരുപക്ഷേ തനിക്ക് പുതിയ വീട് കിട്ടുമായിരിക്കും, കുറച്ച് പണം കിട്ടുമായിരിക്കും. പക്ഷേ, നഷ്ടമായ ഒരാളെയെങ്കിലും തിരികെ തരാൻ ആർക്കെങ്കിലും കഴിയുമോ?
തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരാളെയെങ്കിലും….
അച്ഛനമ്മമാർ, ഭാര്യ, മക്കൾ ബന്ധുമിത്രാദികൾ
ആരുമില്ലാതെ അവരുടെ സ്നേഹമില്ലാതെ
സാന്ത്വനം ഇല്ലാതെ എങ്ങനെ ഞാൻ… തനിയെ ഇനി.
അയാൾ ശബ്ദമില്ലാതെ തേങ്ങി.
അപ്പോൾ തേയിലക്കാടുകൾക്കിടയിൽ നിന്നും ഒരു ഇളം കാറ്റ് അയാളുടെ മുടിയിഴകളെ തഴുകി കടന്നുപോയി. ഒരു സാന്ത്വനം പോലെ വിരഹാർദ്രമായ തേങ്ങൽ പോലെ പിഞ്ചിളം കൈകൾ കൊണ്ടൊരു തലോടൽ പോലെ…
അതെ സ്നേഹിക്കുന്നവർ മരിച്ചാലും അവരുടെ സ്നേഹം മരിക്കുന്നില്ല എന്ന് ഓർമിപ്പിക്കാൻ എന്നപോലെ… അയാളുടെ കണ്ണുകൾ ദൂരെ ഹാരിസൺ തോട്ടത്തിലേക്ക് നീണ്ടു. തന്റെ പ്രിയപ്പെട്ടവർ ഒരുമിച്ചുറങ്ങുന്ന ആ ഇടത്തേക്ക്…
ജീവിക്കുന്ന കാലം അത്രയും നിങ്ങളുടെ പ്രിയപ്പെട്ടവരെ എത്രമേൽ സ്നേഹിക്കാമോ അത്രയും സ്നേഹിക്കുക. അസാന്നിധ്യത്തിലും സാന്നിധ്യമാകാൻ, സാന്ത്വനമാകാൻ ആത്മാർത്ഥസ്നേഹത്തിന് കഴിയും, കഴിയട്ടെ!
2 Comments
❤️❤️
😢സ്നേഹിയ്ക്കപ്പെടാൻ കൊതിയ്ക്കാത്ത മനുഷ്യനുണ്ടോ.. അല്ലേ..
അയാൾക്ക് കൂട്ടായും ആരെങ്കിലും എത്തട്ടെ ❤️