മഹാരാജ 2024 ( തമിഴ്)
സംവിധാനം : നിതിൽ സ്വാമിനാഥൻ
ജേണർ: ഇമോഷണൽ ത്രില്ലർ
തിരക്കഥയാണ് താരം ! 2024 ന്റെ തുടക്കം മുതൽ മലയാള സിനിമ കാണിച്ച തിരക്കഥകളിലെ സമീപനം തമിഴ് സിനിമാ ലോകം ആദരവോടെയാണ് നോക്കി കണ്ടത്. തട്ടുപൊളിപ്പൻ – മസാല പടങ്ങളാണ് തമിഴ് സിനിമയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിച്ച് കളിയാക്കി ചിലതെല്ലാം നമ്മളും ആഗ്രഹിച്ച് ആസ്വദിച്ച് കൊണ്ടാടിയിട്ടുമുണ്ട്. എന്നാൽ മനസു നിറക്കുന്ന സിനിമാനുഭവങ്ങൾ സമ്മാനിച്ച തിരക്കഥകളെ നമ്മളെന്നും നെഞ്ചോട് ചേർത്തിട്ടുണ്ട് ഉദാ :- പരുത്തിവീരൻ , വെയിൽ, തേവർമകൻ, ചിത്തിരം പേശുതടി, ചില ഭാരതി രാജ പടങ്ങൾ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോവും. അതെല്ലാം തമിഴന്റെ സ്വകാര്യ അഹങ്കാരങ്ങളാണ്. അതിലേക്ക് കൂട്ടി ചേർക്കാനുതകുന്ന ഒരു മുതലാണ് മഹാരാജ!
ഒരേ സമയം മാസ്സും ക്ളാസുമാണ് ഈ തിയേറ്റർ അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നത്. സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ തന്നെ തിരക്കഥക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് നിതിലനും റാം മുരളിയും ചേർന്നാണ്. പടത്തിന്റെ പ്രധാന പ്രത്യേകത ഛായാഗ്രഹണവും എഡിറ്റിംഗിലുമുള്ള സൂക്ഷ്മതയാണ്. ഏതെങ്കിലും ഒരു സീൻ അനാവശ്യമാണന്ന് തോന്നുകയെ ഇല്ല . ആറ്റി കുറുക്കിയ തിരക്കഥയിൽ വളരെ ഭംഗിയായി കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നു.
വിജയ് സേതുപതി അടുത്തിടെ ചെയ്ത സൈക്കോ വില്ലൻ വേഷങ്ങൾ ചെറുതായി ബോറടിപ്പിച്ച് തുടങ്ങിയിരുന്നു. ഒരു നടൻ എന്ന നിലക്ക് പാകപ്പെട്ട / ഗംഭീര പ്രകടനമാണ് മഹാരാജയിലേത്❣️ നായകന് ചേർന്ന സൈക്കോ വില്ലൻ ! അനുരാഗ് കശ്യപിന്റെ പ്രകടനങ്ങൾ മുമ്പും നമ്മളെ ത്രസിപ്പിച്ചിട്ടുണ്ടങ്കിലും പടത്തിന്റെ ക്ളൈമാക്സിലെ ഇമോഷണൽ സീനുകളിലെ പ്രകടനം ഒരു പടികൂടി കടന്ന് നമ്മളെ പിടിച്ചുലക്കുന്നുണ്ട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
നായികമാരായി മംമത മോഹൻദാസും അഭിരാമിയും തങ്ങളുടെ വേഷങ്ങൾ വൃത്തിയായി ചെയ്തു. 2 മണിക്കൂർ 22 മിനുട്ടിൽ ഒട്ടും ബോറടിക്കാതെ പിടിച്ചിരുത്തിയ മഹാരാജയ്ക്ക് 4 / 5 റേറ്റിങ്ങ് കൊടുക്കാം.
നിതിൽ സ്വാമിനാഥന്റെ ഇമോഷണൽ ത്രില്ലർ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക. കഥയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്ന OTT റിവ്യൂകൾ പടത്തിന്റെ ആസ്വാദന നിലവാരം കുറക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. നല്ല സിനിമകൾ തിയേറ്ററുകളിൽ തന്നെ കൊണ്ടാടപ്പെടട്ടെ അതിന് അതിരുകളില്ല !
മഹാരാജ 2024ലെ സൂപ്പർ രാജയാണ് !