മിറാൻഡാ !!
അതൊരു അലർച്ചയാണ്. വെള്ളിയാഴ്ചകളിൽ കേൾക്കുന്നത്. ഫ്രഡറികിന്റെ ഓഫ് ഡേ. മിറാൻഡക്ക് ഒഴിവില്ലാത്ത ദിനവും. ദുബായിലെ വ്യാഴാഴ്ചകൾ ഫ്രഡറിക്കിനെ പോലെ പലർക്കും ഓഫ് ആകാനുള്ളതാണ്. പിറ്റേന്ന് കെട്ടിറങ്ങുമ്പോളെക്കും മിറാൻഡ വീട് മുഴുവൻ വൃത്തിയാക്കിയിരിക്കണം. എവിടെയെങ്കിലും ഒരു പൊട്ടു ഛർദ്ദിലോ ഒരു ഇറച്ചിതുണ്ടോ കണ്ടു കാണും. ഉള്ളു വിറച്ചു കൊണ്ട് മിറാൻഡ വാതിലോളം ചെന്നു. തുടയ്ക്കാൻ വിട്ടു പോയൊരറ്റമുള്ള നീളൻ ഷൂ മിറാൻഡയുടെ മുഖത്തു കറുപ്പടയാളം വീഴ്ത്തി മുറിക്കുള്ളിൽ നിന്നും പോന്നു.
,…………………….
‘ഡോക്ടർ ഡിസൂസ, ഇതൊരു സ്പെഷ്യൽ കേസ് ആണ്. ഈ കുട്ടിക്ക് മെൻസ്ട്രുവേഷനെ പറ്റി വല്യ ധാരണയില്ല. മൈനർ ആണ്. കല്യാണം എന്നാണ് കഴിഞ്ഞതെന്ന്പാരെന്റ്സ് കൺഫേം ചെയ്യുന്നില്ല. മാരിറ്റൽ റേപ്പ് പോലെ തോന്നുന്നു. ഡോക്ടർ ആകുമ്പോ കുറേക്കൂടി എളുപ്പത്തിൽ ചോദിക്കുമല്ലോ. ‘
‘ താങ്ക്സ് ഡോക്ടർ ഹമീദ്. ‘
‘Dr. ഡിസൂസ, are you ok ? മുഖത്തു ഒരു swelling കണ്ടത് കൊണ്ട് ചോദിച്ചതാണ്. Is everything alright ?”
‘Yes Dr. ഹമീദ്. I am fine. ‘
ഫൈൻ.. Dr. മിറാൻഡ ഡിസൂസക്ക് സുഖമാണ്. ഒരു കൊല്ലം മുൻപേ എന്തൊരു രസമായിരുന്നു ജീവിതം. മെഡിക്കൽ കോളേജിലെ തിരക്കുകളും MD ചെയ്യുന്നതിന്റെ, പഠനത്തിന്റെ, അതൊക്കെ മാത്രമായിരുന്ന ജീവിതം. അന്ധേരിയിലെ വീടും ലോവർ പരേലിലെ കോളേജും കുറെ പുസ്തകങ്ങളും. ആന്റണി ഡിസൂസയെന്ന മംഗളൂരിയൻ ബസ് കണ്ടക്ടർ സ്ട്രോക്ക് വന്നു ഒന്ന് വീഴുന്നത് വരെ കല്യാണം എന്നൊരു നിർബന്ധം അവൾക്കു മുന്നിൽ എത്തിയില്ല. ആന്റണി ഡിസൂസയുടെ വീഴ്ച, ഒരേയൊരു പുത്രൻ കെസ്റ്ററിന്റെ നിസ്സംഗത, കൊണ്ട് വരുന്ന കല്യാണാലോചനകൾ മുഴുവൻ വരന് പഠിപ്പു കുറവാണെന്നു പറഞ്ഞു തള്ളിക്കളയുന്ന മിറാൻഡ.. റീന ഡിസൂസക് തല പെരുത്ത് പോയൊരു ദിവസമാണ് ഫ്രഡറികിന്റെ കാര്യം മുന്നിൽ വന്നത്.
‘മിറാൻഡ, നോക്കു ദുബായ് ആണ്. നിനക്ക് പഠിപ്പനുസരിച്ചു ജോലി കിട്ടും. ബാക്കി എല്ലാം ചേരുന്നുണ്ട്. ഇനി ഫ്രഡ്ഡി ടെ എഡ്യൂക്കേഷൻ ഒന്നും നോക്കി മമ്മിയെ വിഷമിപ്പിക്കരുത്. ‘
ഒന്ന് കൂടി ആലോചിക്കാൻ സമയം തരാത്ത വണ്ണം പിടി മുറുക്കിയെന്ന് ഫ്രഡ്ഡി എന്ന് മമ്മി സ്നേഹത്തോടെ പറഞ്ഞപ്പോ മിറാന്ഡക്കു മനസിലായി. എങ്കിലും ഗ്ലോറിയ ചർച്ചിന്റെ ചെറിയ പടികൾ ഫ്രഡറികിന്റെ കൈ പിടിച്ചിറങ്ങുമ്പോൾ മിറാൻഡക്കു സന്തോഷമായിരുന്നു. ഫൈൻ… ദുബായിലെത്തുന്നത് വരെയും മധുവിധുകാലം ഭംഗിയാക്കിയ യുവദമ്പതികൾ.. മമ്മിയുടെ വാക്ക് കേട്ടത് നന്നായി എന്ന് തോന്നിയ സമയങ്ങൾ.
*****
‘ഫ്രെഡ്, ഞാൻ ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു. ഒന്ന് ഉറങ്ങിക്കോട്ടെ പ്ളീസ്. ‘
‘നിനക്കവിടെ എന്താ പണി ? എനിക്ക് തോന്നുമ്പോ ഇവിടെ, ഈ ബെഡിൽ നീ വേണം !!!’
വായ്ക്ക് ഉള്ളിലേക്കു തിരുകി വെയ്ക്കുന്ന തുണികളും ചിലപ്പോൾ ഒക്കെ കട്ടിലിൽ ചേർത്തു കെട്ടി വെക്കുന്ന കൈകളും.. ചുണ്ടുകൾക്കിടയിൽ നിന്ന് വരുന്ന ഏറ്റവും വെറുപ്പാർന്ന പദവും.. ‘ബിച്ച് !!’
****
‘ആസിയ, ഇപ്പൊ എങ്ങനെയുണ്ട് ? ‘
PV ചെയ്യുന്നതിന് മുന്നോടിയായി മിറാൻഡ ആസിയയുടെ മനസ് തണുപ്പിക്കാൻ ഒരു ചെറിയ ശ്രമം നടത്തി. മുകളിലേക്കു, ശൂന്യതയിലേക്ക് മിഴി പൂകി അവൾ കിടക്കുകയാണ്. അകവും പുറവും മുറിഞ്ഞവൾ. മൂന്നു മാസം പ്രായമുണ്ടായിരുന്നൊരു ഭ്രൂണം അവളിൽ ഉണ്ടായതോ കഴിഞ്ഞ ദിവസം ചോര വാർന്നു പോയതോ മനസിലാകാത്ത കൊച്ചു കുട്ടി. അവളെ നോക്കി നിന്നപ്പോൾ മിറാൻഡയുടെ ഇടം കണ്ണിനു താഴെ തുടിക്കുകയും വേദന കൂടുകയും ചെയ്തു.
*****
‘എനിക്ക് ഇതിൽ കൂടുതൽ സഹിക്കാൻ പറ്റില്ല Dr. ഹമീദ്.. ‘
‘Dr. ഡിസൂസ, ഞാൻ ഇപ്പോളും ഷോക്കിലാണ്. നിങ്ങൾ പറയുന്നത് ഒന്നും എന്റെ തലച്ചോർ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല. നാലു അബോർഷൻസ് !! നിങ്ങൾ ഒരു ഡോക്ടർ അല്ലേ ? ‘
‘Dr. ഹമീദ്, ഞാൻ.. എന്റെ.. മമ്മി… എല്ലാരേം ഓർത്തപ്പോൾ.. സഹിക്കുക അല്ലാതെ വേറെ ഒന്നും സാധിക്കില്ല എന്ന് തോന്നി.. ഒരു പരിചയവുമില്ലാത്ത ഇവിടെ ഞാൻ എന്തു ചെയ്യാനാണ് !! പക്ഷെ ഇന്ന് ആസിയയെ കണ്ടപ്പോൾ.. അവളുടെ അവസ്ഥ തന്നെ അല്ലേ എനിക്കും !!’
‘……………..’
****
‘മമ്മി, അഭിമാനം, പ്രശ്നങ്ങൾ ഇങ്ങനെയൊന്നും പറയാതെ ഈ ഒറ്റ പ്രാവശ്യം എന്റെ കൂടെ നിൽക്കാമോ… ‘
‘നിന്നെ ഇത്രയും പഠിപ്പിച്ചു പോയതാണ് പ്രശനം ! ടോണിയോട് പറഞ്ഞാൽ തലേൽ കേറൂല്ലലോ !’
****
കുറെയേറെ കരച്ചിലിനും ശാപ വചനങ്ങൾക്കും ശേഷം റീന ഡിസൂസയുടെ ഫ്ലാറ്റിന്റെ വാതിൽ മിറാൻഡക്കു മുന്നിൽ തുറക്കപ്പെട്ടു. അവൾ ബോംബെയിൽ വീണ്ടും ജോലിക്കു പോയി തുടങ്ങിയ ദിവസം അവളുടെ കല്യാണവസ്ത്രം റീന ഡിസൂസ തീയിട്ടു.
***
‘Dr. ഡിസൂസ ! നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ അറിയാം. സുഖമാണെന്ന്. ‘
‘യെസ് Dr. ഹമീദ്. I am fine !! ‘
ബോംബെയുടെ അറ്റത്തെ മാത്തേരാൻ മല കയറുന്നതിനു മുൻപ് ഇളം വെയിലിലേക്കും കടുംപച്ചയിലേക്കും നോക്കി അവൾ ഒന്ന് കൂടി ചിരിച്ചു.
I am fine…