ലഹരി……..✍️
********
ലഹരിയുടെ കരങ്ങളിൽ ആർത്തുല്ലസിച്ച് മായക്കാഴ്ചകൾ കണ്ടുനടന്ന വഴിത്താരകൾ, ഞരമ്പുകളിലിന്ദ്രജാലംതെളിയുന്ന നിമിഷങ്ങൾ…
മായാലോകത്തിൻ ജാലകം തുറന്നു പറന്നുയർന്നൊരാ വഴികൾ നിൻമുന്നിലെത്തുമൊരുനാൾ നീപോലുമറിയാതെ കണ്ണുനീർത്തുള്ളികളായ് ഹൃത്തടംചുട്ടുപൊളളിക്കുവാൻ..
അറിയാതെയുള്ളിൽആളിപ്പടരും പകയോടെ സഹജരുടെ ജീവനെടുത്ത അസുരജന്മമേ നീയറിയുന്നുവോആ പെറ്റമ്മതൻ തീരാനഷ്ടം..
ജീവിച്ചുകൊതിതീരും മുൻപേ തീനാളങ്ങൾ പുൽകിയ ദേഹവും എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും തീരാനൊമ്പരമായ് മാനവർതൻ ചിത്തത്തിലലയടിക്കവേ..
മാതൃഹൃദയത്തിൻ തേങ്ങലുകൾ കാണുവാനാകാതെ പ്രകൃതിപോലും മിനീർവാർക്കുന്ന വേളയിൽ ലഹരിതൻ കരങ്ങളിൽ നൃത്തമാടും അല്ലയോ നീചനാം നരാധമാ നീയോർക്കുമോ വിടരുംമുൻപേ നിൻ കരങ്ങളാൽ പിടഞ്ഞുവീണൊരാ പനിനീർമുകുളങ്ങളെ..
എന്തുനേടി നീയീജീവിതത്തിൽ തിരിഞ്ഞൊന്നുനോക്കുക,നടന്ന വഴിത്താരകളിൽ കാണാംനിനക്ക്, വിടരാതെ കൊഴിഞ്ഞ മോഹങ്ങളുടെ കണ്ണുനീരിൽക്കുതിർന്ന യാത്രാമൊഴികൾ..
തുടച്ചുനീക്കാം നമുക്കീമണ്ണിൽ നിന്നും സ്വർഗ്ഗലോകത്തിൻ മായക്കാഴ്ചകൾ കാട്ടും ലഹരിതൻ കരങ്ങളെ..
റജീന നൗഷാദ്……🖋️