സ്വാതന്ത്രദിനത്തിന് മുമ്പേ ഞങ്ങൾ ആഘോത്തിൻ്റെ ഭാഗമായി ഓടിത്തുടങ്ങിയിരുന്നു. അല്ലെങ്കിലും പ്രവാസികളുടെ എല്ലാ ആഘോഷങ്ങളും അവധി ദിവസങ്ങളിലായിരിക്കുമല്ലോ.
കുട്ടികളായിരുന്നപ്പോഴായിരുന്നു സ്വാതന്ത്രദിനങ്ങളൊക്കെ ശരിക്കും ആഘോഷിച്ചിരുന്നത്. എന്തൊരു ആഹ്ളാദമായിരുന്നു. സ്കൂളിൽ അസംബ്ലി, പതാകയുയർത്തൽ, പായസം, ഘോഷയാത്ര, വഴിനീളെ തൊണ്ടപൊട്ടുമാറുച്ചത്തിൽ ധീരദേശാഭിമാനികൾക്ക് അഭിവാദ്യങ്ങളർപ്പിച്ച് പ്രകടനം. ഉറക്കെയുറക്കെയുള്ള ദേശീയഗാനാലാപനങ്ങൾ.
നാടു മുഴുവൻ തോരണങ്ങളും പായസവിതരണവും ഒക്കെയായി ഉത്സവ പ്രതീതിയായിരിക്കും.
അക്കാലം മുതൽ മനസ്സിലും ശരീരത്തിലും ദേശാഭിമാനത്തിൻ്റെ വിപ്ലവ വീര്യം ഉറച്ചു പോയതാണ്. എത്ര മനോഹരമായിരുന്നു ആ കാലം…
കാലം കഴിയും തോറും വർഗീയ വാദത്തിൻ്റെ ഫാസിസത്തിൻ്റെയും കടന്നുകയറ്റം കാരണം ഓരോ ദേശീയ ദിനത്തിലും മനസ്സ് വേദനിക്കുകയാണ്. 77 വർഷങ്ങളായിട്ടും മണിപ്പൂരിലും ഹരിയാനയിലും തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജാതിയുടെയും മതത്തിൻ്റയും പേരിൽ മനുഷ്യനെ പരസ്പരം കൊല ചെയ്യിപ്പിക്കുകയല്ലെ.
അവർ പോലുമറിയാതെയാണ് ഫാസിസ്റ്റുകൾ അവരെ ഇരകളാക്കുന്നത്. കേവലം രാഷ്ട്രീയ അധികാരത്തിന് വേണ്ടി മാത്രം. അതിലപ്പുറം മറ്റെന്താണ്.
ഏതു മതമായാലും ജാതിയായാലും ഭാഷക്കാരനായാലും പരസ്പരം സ്നേഹത്തിലും സഹകരണത്തിലും സന്തോഷത്തോടെ കഴിയുന്നതിൽ ആർക്കാണ് നഷ്ടം. നഷ്ടം ആർക്കുമില്ല. പക്ഷേ ഫാസിസ്റ്റുകൾക്ക് വേണ്ടത് അധികാരമാണ്. അതിന് വേണ്ടി എന്തു നുണ പറയാനും അത് പ്രചരിപ്പിക്കാനും അതിന് വേണ്ടി ആളെക്കൂട്ടാനും യാതൊരു മടിയുമില്ല. പണവും അധികാരവും കയ്യിൽ വന്ന് ചേരുമ്പോൾ പിന്നെ അവർ ചെകുത്താൻ്റെ സന്തതികളാണ്.
മാരത്തോണിലേക്ക് വരാം..
ഘോഷയാത്രപോലെയല്ല മാരത്തോൺ ഓട്ടം. പകുതി ദൂരം പിന്നിടുമ്പോൾ ശരീരത്തിലെ എനർജിയെല്ലാം ഏകദേശം തീർന്നിരിക്കും ബാക്കി പകുതി ദൂരം പിന്നീടേണ്ടത് മനശക്തികൊണ്ടാണ്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത കാരിരുമ്പ് പോലെ എത് തീച്ചൂളയിലും പതറാത്തൊരു മനസ്സ് ഉണ്ടാക്കണം.
അവസാന ലാപ്പുകളിൽ ശരീരം നുറുങ്ങുന്ന വേദനയായിരിക്കും എന്നാലും നിർത്താതെ ഓടും കാരണം ഒന്നു നിർത്തിയാൽ പിന്നെ ചിലപ്പോൾ തുടർന്നോടാൻ കഴിയില്ല.
അങ്ങിനെ ഈ ആഴ്ചയിലെ മാരത്തോൺ പരിശീലനമായ വീക്കെറ്റ് ലോഗ് റൺ ഒരു ഹാഫ് മാരത്തോണുകൂടി (21.4 KM) വിജയകരമായി അവസാനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു
ഇത്തവണ മറ്റൊരു സന്തോഷം കൂടിയുണ്ട്. പ്രിയ സുഹൃത്ത് രജ്ജിത്തിൻ്റെ ആദ്യ ഹാഫ് മാരത്തോൺ പൂർത്തിയാക്കാൻ വേണ്ടി അവനോടൊപ്പമാണ് ഓടിയത്. അവനെന്നെ സപ്പോർട്ട് ചെയ്തു എന്നു പറഞ്ഞാലും ശരിയാണ്. ഞങ്ങൾ പരസ്പരം കഥയൊക്കെപ്പറഞ്ഞ് മെല്ലെ മെല്ലെ 21 Km ഓടി തീർത്തു. പുലർച്ചെ 4.30 ന് തുടങ്ങിയ ഓട്ടം കഴിയുമ്പോൾ ഏകദേശം 7.30 കഴിഞ്ഞിട്ടുണ്ട്. മൂന്ന് മണിക്കൂർ
മംസാർ ബീച്ചിൻ്റെ തീരത്തോടെയുള്ള ഓട്ടമായതിനാൽ നയനമനോഹരമായ കാഴ്ചകളായിരുന്നു. വീക്കെൻ്റായതിനാൽ രാത്രി മുഴുവൻ കളിച്ചും ചിരിച്ചും ബീച്ചിൽ കഴിച്ച് കൂട്ടുന്നവരുമുണ്ട്.
നേരം പുലരും തോറും ബീച്ചിലേക്ക് വരുന്നവരും പോകുന്നവരും കുളിക്കുന്നവരും കളിക്കുന്നവരും ചൂണ്ടയിടുന്നവരും ഫോട്ടം പിടിക്കുന്നവരും റീൽസെടുക്കുന്നവരുമായി പല പല കാഴ്ചകൾ കണ്ടിങ്ങനെ പോകുമ്പോൾ പിന്നിടാനുള്ള ദൂരത്തെക്കുറിച്ച് വലിയ വേവലാതിയൊന്നുമുണ്ടായിരുന്നില്ല.
കൂട്ടം കൂട്ടമായെത്തിയ സൈക്കിൾ സവാരിക്കാരുമുണ്ടായിരുന്നു. അതിൽ പലരും പലപ്പോഴും ഞങ്ങളുടെ സൈക്കിൾ സവാരി സഹയാത്രികർ.
മനോഹരമായ ദൃശ്യങ്ങളെല്ലാം കേമറയിൽ പകർത്താൻ ആഗ്രഹിക്കുമ്പോഴും സൂര്യനുദിച്ചു വരുമ്പോഴേക്കും പരമാവധി ഓടിത്തീർക്കണമെന്ന ചിന്തയിൽ പലപ്പോഴും കേമറയിൽ തൊട്ടില്ല
മറ്റൊരു ദിവസം കുട്ടികളുമൊത്ത് ഇവിടെയൊക്കെ കളിച്ചു നടക്കണമെന്ന മോഹം മനസ്സിലുറപ്പിച്ചിട്ടുണ്ട്. അത്രക്ക് മനോഹരമാണ് പലരിയിലെ ബീച്ച് കാഴ്ചകൾ.
ഇതെൻ്റെ നാലാമത്തെ ഹാഫ് മാരത്തോണായിരുന്നു. ഇതിപ്പങ്ങനെ എണ്ണം പിടിക്കാനൊക്കെയുണ്ടോ എന്നാണെങ്കിൽ അത്രയൊന്നുമില്ലന്നെ.. ഈ സച്ചിനൊക്കെ സ്വഞ്ചറിയടിക്കുമ്പോൾ ഇങ്ങനെ പറയില്ലെ.. അതുപോലൊരു സന്തോഷം.
അല്ലെങ്കിലും ഈ കാട്ടിക്കൂട്ടലുകളൊക്കെ നമ്മുടെ ഒരു സന്തോഷത്തിനല്ലെ. പറയുമ്പോഴും കുറിച്ചു വെക്കുമ്പോഴും ഒരു രസം. കുറേക്കാലം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ നാം പിന്നിട്ട വഴികളൊക്കെ കാണുമ്പോഴുള്ള സന്തോഷമുണ്ടല്ലോ.. അത്രമാത്രം..
ഇനി ഇതൊക്കെ വായിച്ച് ആവേശം കേറി ആരെങ്കിലുമൊക്കെ ഓട്ടം തുടങ്ങിയാൽ അതും നല്ലതല്ലെ..
നാൽപതുകൾ കഴിയുമ്പോൾ ആരോഗ്യം തിരിച്ച് പിടിക്കാൻ മനുഷ്യൻ നെട്ടോട്ടമോടുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്..
അപ്പോൾ എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ നേരുന്നു..