“അവൾക്കൊക്കെ അഹങ്കാരം, അല്ലാതെന്ത്… ഇതിനൊക്കെ വളം വച്ചു കൊടുക്കാൻ കുറേപ്പേരും. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ കേട്ടുകേൾവിയുള്ള കാര്യം വല്ലതുമാണോ ഇത്!!”
ദേഷ്യം വന്ന് അലവിക്കയും അദ്ദേഹത്തിന്റെ തോളിൽ കിടന്ന ഉറുമാലും ഒരുപോലെ വിറച്ചു.
“എന്താ അലവിക്കാ, എന്താ പ്രശ്നം? ”
അലവിക്കയുടെ എരിപൊരി സഞ്ചാരം കണ്ട് ലൈബ്രറിയിൽ പോകുകയായിരുന്ന, ഉസ്താദിന്റെ മകൻ ജമാൽ അടുത്തേക്ക് വന്നു.
“എന്റെ ജമാലെ അപ്പൊ നീയൊന്നുമറിഞ്ഞില്ലേ, നമ്മടെ ഖാദറിന്റെ മോളില്ലേ. അവൾ പോലീസ് സ്റ്റേഷനിൽ കേസിനുപോയെന്ന്. അതും നാണം കെട്ട ഒരു കാര്യത്തിന്.. അവൾക്കിപ്പോ ഒരു പെണ്ണിന്റെ കൂടെ പോയി പൊറുക്കണമെന്ന്. അതും ദമ്പതിമാരെ പോലെ. ”
“ഓഹ്.. സൈനുവിന്റെ കാര്യമാണോ നിങ്ങളിപ്പോ പറഞ്ഞോണ്ടിരുന്നത്. ഇക്കാ അവർ രണ്ടുപേരും ലെസ്ബിയൻ ആണ്. അവർക്ക് പ്രായപൂർത്തി ആകുകയും ചെയ്തു. അവർ ഒന്നിച്ച് ജീവിക്കട്ടെന്നേ ”
“ഭാ.. ബലാലെ… പടച്ചോന് നിരക്കാത്ത കാര്യം പറഞ്ഞാലുണ്ടല്ലോ, ഉസ്താദിന്റെ മോനാന്നൊന്നും നോക്കില്ല അടിച്ചു പല്ല് ഞാൻ താഴെയിടും പറഞ്ഞേക്കാം. ”
അലവിക്കയുടെ കലി തുള്ളൽ കണ്ട് ജമാൽ രണ്ടടി പുറകിലേയ്ക്ക് മാറി നിന്നു. വയസ്സ് അന്പത്തഞ്ച് ആയെങ്കിലും നല്ല ആരോഗ്യമാണ് കാർന്നോർക്ക്. എന്തിനാണ് വെറുതെ തടി വെടക്കാക്കുന്നത്.
“ഇക്കാ,നിങ്ങളൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ള ആൾക്കാരല്ലേ. നമ്മളുടെ ഒക്കെ മാതൃകയല്ലേ. ആ നിങ്ങളിങ്ങനെ കൃമി കടിച്ചപോലെ പിടക്കല്ലേ. ഞാനൊരു കാര്യം പറഞ്ഞോട്ടെ ”
ജമാലിന്റെ ആ സുഖിപ്പിക്കൽ പുള്ളിക്കാരന് ‘ക്ഷ ‘പിടിച്ചു.
“ആ.. പറ ”
“ഇക്കാ ഇക്കാക്ക് ആമിനാത്താത്താക്ക് പകരം അക്ബറിനെ കെട്ടാൻ പറ്റുമോ. ചിന്തിക്കാൻ എങ്കിലും സാധിക്കുമോ ഒരു പുരുഷനെ വിവാഹം കഴിക്കുന്ന കാര്യം. ഇല്ലല്ലോ. കാരണമെന്താ, നമ്മളൊക്കെ ഹെറ്റെറോസെക്ഷ്വൽ ആണ്. അതായത് എതിർ ലിംഗത്തിൽ പെട്ടവരോട് മാത്രമേ നമുക്ക് ആകർഷണം തോന്നൂ, പ്രണയം തോന്നൂ. അവരെ മാത്രമേ ജീവിതപങ്കാളി ആക്കാൻ സാധിക്കൂ. നമ്മുടെ ലിംഗത്തിൽ പെട്ടവരുടെ കൂടെ കുടുംബജീവിതം നയിക്കാൻ പറ്റില്ല ”
“അതിന് അതും ഇതും തമ്മിൽ എന്താണ് ബന്ധം?” ഉറുമാലെടുത്ത് മുഖത്തെ വിയർപ്പൊന്ന് ഒപ്പിക്കൊണ്ട് അലവിക്ക ചോദിച്ചു. ജമാൽ പതുക്കെ ഇക്കയുടെ അടുത്തേക്ക് നിന്നു.
“ബന്ധമുണ്ടിക്കാ, നമ്മളെപ്പോലുള്ളവരെ കൂടാതെ വേറൊരു കൂട്ടം ആളുകൾ കൂടെ ഉണ്ട്. ഹോമോസെക്ഷ്വൽ എന്ന് പറയും.”
“ഈ ഹോമിയോപ്പതി പോലെ വല്ലതുമാണോടാ!”
“ഹോമിയോപ്പതിയും മുറുക്കാൻ പൊതിയുമൊന്നും അല്ലിക്കാ. അവർക്ക് സ്വന്തം ലിംഗത്തിലുള്ളവരോട് മാത്രമേ ആകർഷണം തോന്നൂ. അവരെയേ ജീവിതപങ്കാളി ആക്കാൻ പറ്റൂ.”
“അത് നല്ല അടി കിട്ടാത്തതിന്റെ കുറവാണ്.”
അലവിക്കാ വീണ്ടും കലിപ്പിലായി.
“അല്ലിക്കാ. അങ്ങനെയാണെങ്കിൽ നമുക്ക് എതിർലിംഗത്തോട് ആകർഷണം തോന്നുന്നതും ഒരു രോഗമാണെന്ന് പറയേണ്ടി വരും. ഇങ്ങനെയുള്ള ഒരുപാട് പേരുണ്ട് ഈ ലോകത്ത്. പെൺകുട്ടികൾക്ക് പെൺകുട്ടികളെ മാത്രമേ പ്രണയിക്കാൻ സാധിക്കുന്നുള്ളു എങ്കിൽ അവരെ ലെസ്ബിയൻ എന്ന് പറയും. ആൺകുട്ടികൾക്ക് അവരോട് മാത്രമേ ആകർഷണം തോന്നുന്നുള്ളു എങ്കിൽ അവർ ഗേ ആണ്. അവർക്ക് എതിർലിംഗത്തിൽ പെട്ടവരോട് ആകർഷണം ഉണ്ടാവില്ല. ചികിത്സ വഴിയോ കൗൺസിലിംഗ് കൊടുത്തോ ഇവരെ മാറ്റാനും പറ്റില്ല. കാരണം ഇതൊരു രോഗം അല്ലാത്തത് കൊണ്ട് തന്നെ.*സെക്ഷ്വൽ ഓറിയന്റേഷൻ മറച്ച് വച്ചോ മറ്റ് മാർഗ്ഗങ്ങളില്ലാതെയോ മറ്റോ അവരവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി വിവാഹം ചെയ്യുന്ന സന്ദർഭങ്ങളിൽ അവർ രണ്ട് പേരുടെ ജീവിതവും ഒരുപോലെ കുഴപ്പത്തിലാവാനാണ് സാധ്യത. കല്യാണം/കൗൺസിലിംഗ്/ശാരീരിക-മാനസികപീഡനം തുടങ്ങി ഒന്നും സെക്ഷ്വൽ ഓറിയന്റേഷൻ മാറ്റില്ല.*”
“മറ്റുള്ളവർ ഇതുകണ്ട് പഠിക്കില്ലേ?”
“ഒരിക്കലുമില്ല. അതു ഒരിക്കലും സാധ്യമല്ല. കാരണം ഹെറ്ററോസെക്ഷ്വൽ ആയ ഒരാൾക്ക് ഹോമോസെക്ഷ്വൽ ആവാനോ തിരിച്ചോ ഒരിക്കലും പറ്റില്ല.”
“അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല”
വലിയ എന്തോ കാര്യം പറഞ്ഞ ഭാവത്തിൽ നിൽക്കുന്ന അലവിക്കയെ നോക്കി ജമാൽ ഒന്ന് ചിരിച്ചു.
“വിവാഹിതരായ എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടോ ഇക്കാ. ഇനി അഥവാ അവർക്കൊരു കുഞ്ഞു വേണമെങ്കിൽ ദെത്തെടുക്കാമല്ലോ. അത് പിന്നീടുള്ള കാര്യമല്ലേ. ജീവിതത്തിൽ താങ്ങാവാനും തണലാവാനും ഒരുകൂട്ടല്ലേ എല്ലാവർക്കും വേണ്ടത്. അവർ ഇണക്കിളികളായി ഒന്നിച്ചു ജീവിക്കട്ടെന്നെ. അവരുടെ ജീവിതത്തിൽ പുറമെ നിന്നുള്ള നമ്മൾ ഇടപെടാതിരിയ്ക്കുന്നതല്ലേ ബുദ്ധി.”
വായനശാല സംഘടിപ്പിക്കുന്ന വൈകിട്ടുള്ള സാംസ്കാരിക സമ്മേളനത്തിൽ ഇതും ഒരു വിഷയമാക്കണം എന്നുറപ്പിച്ച് ജമാൽ മുൻപോട്ടു നടന്നു.
*Dr.Shimna Azeez
11 Comments
Good message 👍👍
ഇപ്പോഴും അംഗീകരിക്കാൻ മടിക്കുന്ന നേർക്കാഴ്ചകൾ
Good message
സമൂഹത്തിൻ്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്
നല്ല സന്ദേശമുള്ള എഴുത്ത് 😍
Thank you 🥰🥰🥰🥰
നന്നായി എഴുതി.
As parents accept ചെയ്യാൻ ബുദ്ധിമുട്ടാണ്, ആദ്യമാദ്യം love മാര്യേജ്സ് അങ്ങനെ ആയിരുന്നില്ലേ.
അതുപോലെ ഇതിലും മാറ്റം ഉണ്ട്.
എത്ര പ്രോഗ്രെസ്സിവ് ടോക്ക് നമ്മൾ ചെയ്താലും റിയാലിറ്റി എന്നൊന്ന് വരുമ്പോൾ…..
അതു ശരിയാണ്. പക്ഷേ അവരുടെ ഐഡന്റിറ്റി മറച്ചു വച്ച് വേറെ വിവാഹജീവിതത്തിലേയ്ക്ക് ഒക്കെ തള്ളിവിട്ടുകഴിയുമ്പോൾ ഇതിലും വലിയ ട്രോമയാവും അനുഭവിക്കേണ്ടി വരിക.
അവരുടെ ഐഡന്റിറ്റി മറച്ചു വെച്ച് വിവാഹം ചെയ്യിക്കുന്നതാണ് ഏറ്റവും വലിയ ദ്രോഹം.
നന്നായി എഴുതി പക്ഷേ കുട്ടികൾ ഒക്കെ ഇപ്പോൾ ഉണ്ടാകുന്നുണ്ടല്ലോ💖💖
ലെസ്ബിയൻ ആണെങ്കിൽ ഉണ്ടാവില്ലല്ലോ. ഉണ്ടായാലും ആരുടെയെങ്കിലും ഒരാളുടെ മാത്രം ആവില്ലേ. Sperm donation വഴിയൊക്കെയല്ലേ സാധിക്കൂ .Adopt ചെയ്യാനും ഇന്ത്യയിൽ നിയമ സാധുത വന്നിട്ടില്ല എന്നാണ് തോന്നുന്നത്.