സ്വപ്നം വിതച്ചെന്റെ ഭൂമിയിലെന്നും ഞാൻ
സ്വർണ്ണപ്പാത്രത്താൽ ജലം പകർന്നു
പൂത്തു ചെടികളിൽ സ്വപ്നങ്ങളായിരം
സ്വപ്നഭൂമിയെന്നു പേർ വിളിച്ചു
പൂത്ത സ്വപ്നങ്ങൾ ചിലതെല്ലാം പിന്നെയോ
കാലത്തിൻ കാറ്റിൽ കറുത്തു പോയി
ദുസ്വപ്നമെന്നു പേർ ചൊല്ലിയതിനെ ഞാൻ
ഇരുളിന്റെ കോണിൽ വലിച്ചെറിഞ്ഞു
പൊൻവർണ്ണപ്പൂക്കളെ നെഞ്ചോട് ചേർത്തതിൻ
സൗന്ദര്യത്തിൽ ഞാൻ സ്വയം മറന്നു
കാലമെടുത്തതു കൊണ്ടുപോയെന്നുടെ
യാത്രാപഥങ്ങൾ അലങ്കരിച്ചു
യാത്രയിൽ പിന്നിട്ടിതാവഴികൾ
സ്വർണ്ണസ്വപ്നങ്ങളും അന്യമായി
എങ്കിലുമീ ഭൂമി ഇന്നുമെന്റേതല്ലോ
പൂക്കുമിനിയും, സ്വപ്നപ്പൂക്കളേറെ.
ലേഖ മാധവൻ
2 Comments
നല്ല വരികൾ ചേച്ചി🥰👌
Thanks Neethi