വേലിവക്കത്തും മുറ്റത്തും തടിച്ചുകൂടിയ നാട്ടുകാരുടെ മുന്നിൽ അമ്പതുകാരിയായ മാലതി കുറ്റവാളിയെപോലെ തലകുനിച്ചു നിന്നു. ഒപ്പം കോലായിൽ നിന്നിറങ്ങുന്ന പടികൾക്ക് താഴെ മാലതിയുടെ കൂടെ അച്ചാർ കമ്പനിയിൽ പണിയെടുക്കണ ചന്ദ്രനും നാട്ടുകാരുടെ ചവിട്ട്കൊണ്ട് ചുരുണ്ടു കിടന്നു.
നാട്ടുകാരാണ് കുറ്റം വിധിച്ചത്. കുറ്റം ഇതായിരുന്നു…
അകാലത്തിൽ വിധവയായ മാലതി രണ്ടു പെൺകുഞ്ഞുങ്ങളെ ഒറ്റക്ക് കഷ്ടപ്പെട്ട് വളർത്തി, കെട്ടിച്ചുകൊടുത്തു. സ്വന്തം കുടുംബവും കുഞ്ഞുങ്ങളുമായപ്പോൾ മക്കൾ വല്ലപ്പോഴുമുള്ള വിളിയിൽ അമ്മയോടുള്ള സ്നേഹമൊതുക്കുകയും തിരക്കൊഴിയാത്തതിനാൽ ഓണത്തിനും വിഷുവിനും മാത്രം തല കാണിച്ചു സ്നേഹം പുതുക്കുകയും ചെയ്തു. മക്കളെ ആശ്രയിക്കാതെ അച്ചാർ കമ്പനിയിൽ ദിവസക്കൂലിക്ക് പോയ മാലതിയും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ചന്ദ്രനും എപ്പോഴൊക്കെയോ ഒറ്റപ്പെടലിനെ അതിജീവിക്കാൻ പരസ്പരം ശ്രമിച്ചുകൊണ്ടിരുന്നു. പനിപിടിച്ച് കിടന്ന മാലതിയെ തേടി ചന്ദ്രന്റെ ചൂടുകഞ്ഞിയും ചമ്മന്തിയും എത്തി. പനി ദിവസങ്ങളിൽ മാലതിക്ക് കൂട്ടിരുന്ന ചന്ദ്രൻ ആരെന്നതായിരുന്നു പെൺമക്കളും നാട്ടുകാരും കൂടി ചേർന്നുന്നയിച്ച ചോദ്യം. ആ ചോദ്യത്തിൽ ആടിയുലഞ്ഞ മാലതിയുടെ കഴുത്ത് പാദത്തോളം നീളുകയും അടിവയറ്റിൽ ചവിട്ടുകൊണ്ട് ചന്ദ്രൻ ചുരുളുകയും ചെയ്തു.
കൂടുതൽ വിചാരണയില്ലായിരുന്നു. ശിക്ഷയും…
വേച്ചു വേച്ചു എണീറ്റുപോയ ചന്ദ്രനെ പിന്നെ ആരും കണ്ടില്ല. എന്നാൽ, പിറ്റേദിവസം കനാലിലെ അലക്ക് കടവിലെ ചെളി വെള്ളത്തിൽ ഒറ്റക്ക് കമിഴ്ന്നു കിടന്നുറങ്ങുന്ന മാലതിയെ കാണാൻ നാട്ടുകാർ ഒരിക്കൽ കൂടി ഓടിക്കൂടി.