കിടന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും ബോബച്ചായൻ അന്നയുടെ കൈകളിൽ മുറുകെ പിടിച്ചു. അന്നക്ക് ആ കൈകളിലെ വിറയൽ ഉൾക്കൊള്ളാൻ സാധിച്ചില്ല.
” എന്താ അച്ചായാ?”
അവൾ ചോദിച്ചു.
” നെഞ്ച്.. നെഞ്ച് വേദനിക്കുന്നു” അസഹ്യമായ വേദന കടിച്ചുപിടിച്ച് ബോബച്ചായൻ പറഞ്ഞു.
അവൾ വേഗത്തിൽ ലൈറ്റോണാക്കി മൊബൈൽ ഫോൺ കയ്യെത്തിയെടുത്തു. ഡ്രൈവർ മാത്യുവിൻ്റെ നമ്പറിൽ വിളിച്ചു നോക്കി ഡയൽ ചെയ്യുന്നുണ്ട്, എടുക്കുന്നില്ല.
” ഞാനീ ഭൂമിയിൽ നിന്നും പോയി കഴിയുമ്പോൾ മാത്രം നീ സണ്ണിയെ വിളിച്ചാൽ മതി” എന്ന്, മകനെ എന്തെങ്കിലും ആവശ്യത്തിന് വിളിക്കണമെന്നുണ്ടെങ്കിൽ അച്ചായൻ പറഞ്ഞ് വച്ചതിങ്ങനെയായിരുന്നു. എന്നാലും ഇങ്ങനെയൊരു ഘട്ടത്തിൽ എനിക്ക് വിളിക്കാതെ വയ്യ! ഫോണിൽ സണ്ണിയുടെ നമ്പർ ഡയൽ ചെയ്ത് ആവലാതിയോടെ കാതോർത്തിരുന്നു അന്ന.
മറുതലക്കൽ ഫോണെടുത്ത് സണ്ണി ” എന്താ ആൻറി? എന്താ ഈ നേരത്ത് വിളിച്ചത്? “
” മോനെ പപ്പയ്ക്ക് നെഞ്ചുവേദന.. മാത്യുവിനെ ഫോണിൽ കിട്ടുന്നില്ല. നീ പെട്ടെന്ന് വരുമോ? ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ? ” അന്ന ഗദ്ഗദത്തോടെ ചോദിച്ചു.
” ശരി ആന്റി, ഞാനിതാ ഇപ്പോൾ എത്താം! “
ഒരു കൈ കൊണ്ട് നെഞ്ചമർത്തിപ്പിടിച്ച് ബോബച്ചായൻ, ” ഞാൻ ചത്തിട്ട് അവനെ വിളിച്ചാൽ മതിയായിരുന്നു.”
” അച്ചായൻ ഒന്ന് മിണ്ടാതിരുന്നേ.. അവനിപ്പോ എത്തും. “
അന്നയുടെ ഹൃദയസ്പന്ദനം ദ്രുത ഗതിയിലായി. അന്നയുടെ ഒരു കൈയ്ക്ക് ചെറിയൊരു ബലക്ഷയമുണ്ട്, അതുകൊണ്ട് ഭാരമുള്ളതൊന്നും പൊന്തിക്കാൻ അവൾക്കൊറ്റയ്ക്കാവില്ല. അന്ന വീട്ടുവേലക്കാരിയെ വിളിച്ചുണർത്തി,
” ട്രീസാ.. ട്രീസാ…”
ഏത് ഉറക്കത്തിലും ചെറിയൊരനക്കം കേട്ടാൽ വരെ ഉണർച്ചയുള്ള ട്രീസ മുടി വാരിക്കെട്ടി അവർ കിടക്കുന്ന മുറിയിലേക്ക് ഓടിയെത്തി.
” എന്താ ചേടത്തി? അയ്യോ സാറിനിതെന്ത് പറ്റി? “
ഒരു കൈക്കൊണ്ട് വെട്ടി വിയർക്കുന്ന ബോബച്ചയാനെ വല്ലവിധേനേയും പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കുന്ന അന്ന ട്രീസയുടെ ചോദ്യം കേട്ട് പരിഭ്രാന്തിയോടെ പറഞ്ഞു, ” സംസാരിച്ച് നിൽക്കാൻ സമയമില്ല ട്രീസ, അച്ചായന് നെഞ്ച് വേദനിച്ചിട്ട് വയ്യെന്ന്, സണ്ണിയിപ്പോൾ കാറ് കൊണ്ട് വരും നമുക്കച്ചായനെ ഹോള് വരെയെത്തിക്കാൻ കഴിഞ്ഞെങ്കിൽ ഉപകാരമാവില്ലെ? നീയൊന്ന് കൈ വെച്ചേ..”
ട്രീസ അച്ചായന്റെ ഇടത് ചുമലിൽ പിടിച്ച് ബെഡിൽ നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. രണ്ട് പേര് പിടിച്ചിട്ടും ബോബച്ചായൻ കിടക്കയിൽ നിന്നും പൊങ്ങിയില്ല. അന്നമ്മയും ട്രീസയും ഫാനിന് താഴെ നിന്നിട്ടും വെട്ടി വിയർത്തു.
പുറത്ത് കാറിന്റെ ഹോണടി കേട്ടപ്പോഴാണ് ഗെയ്റ്റ് പൂട്ടിയിരിക്കുന്നത് ട്രീസക്ക് ഓർമ്മ വന്നത്.
” ചേടത്തി കുഞ്ഞ് വന്നെന്ന് തോന്നുന്നു. ഞാൻ പോയി ഗെയ്റ്റ് തുറന്ന് കൊടുക്കട്ടെ..” ബോബച്ചായനെ താഴെ കിടത്തി താക്കോലെടുക്കാനുള്ള പാച്ചിലിൽ ട്രീസ പറഞ്ഞു.
ട്രീസ മുൻ വശത്തുള്ള വാതിൽ തുറക്കുന്നത് വരെ സണ്ണിയുടെ കാറിന്റെ ഹോൺ മുഴങ്ങിയിരുന്നു.
“ഈ ഗെയ്റ്റൊന്ന് തുറന്നിടാമായിരുന്നില്ലേ ട്രീസേച്ചി?”
ഗേയ്റ്റ് തുറന്ന് പിടിച്ച് നിൽക്കുന്ന ട്രീസയോട് കുറച്ച് കടുപ്പിച്ച് സണ്ണി പറഞ്ഞു.
കാർ പെട്ടെന്ന് തന്നെ തിരിച്ചിട്ട് അകത്തേക്ക് ഓടിക്കയറി സണ്ണി, പിന്നാലെ ട്രീസയുമെത്തി. വേദനക്കൊണ്ട് പുളയുന്ന പപ്പയെ കണ്ട് ഭാവഭേദമില്ലാതെ ഒരാശ്വാസ വാക്ക് പോലും പറയാതെ സണ്ണി,
” നിങ്ങൾ രണ്ട് പേരും കാലിൽ പിടിച്ചാൽ മതി, ഞാൻ പറയുമ്പോൾ പൊക്കണം കേട്ടോ..” സണ്ണി ബോബച്ചായന്റെ ഒരു കയ്യെടുത്ത് തന്റെ ചുമലിൽ ചുറ്റി വെച്ച് അദ്ദേഹത്തെ കിടക്കയിൽ നിന്നുമുയർത്തി എന്നിട്ടവരോട് സ്വരം താഴ്ത്തി ഭാരമെടുത്ത അടക്കത്തോടെ, ” ആ.. പൊക്കിക്കോ.. ” എന്ന് പറഞ്ഞു.
സണ്ണി കാർ സിറ്റൗട്ടിനോട് ചേർത്തിയിട്ടിരുന്നതിനാലും അവർ കിടക്കുന്ന മുറി അകലെയല്ലാത്തതിനാലും അധികം ദൂരവും സമയവും നഷ്ടമാവാതെ ബോബച്ചായനെ കാറിലേക്ക് കയറ്റുവാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അന്ന ഓമനിച്ച് വളർത്തിയ ബോൺസായി ചെടി സണ്ണിയുടെ കാൽത്തട്ടി സ്റ്റെപ്പിൽ നിന്നും മറിഞ്ഞു വീണു. അത് ഗൗനിക്കാതെ അന്ന കാറിൽക്കയറിയിരുന്നു.
ചെടിച്ചട്ടി പടിയിലേക്ക് കയറ്റി വച്ച ട്രീസയോട് അന്ന, ” ഗെയ്റ്റ് പൂട്ടി ട്രീസയും കാറിൽ കയറ്.. “
വർഷങ്ങളായി ട്രീസ ഇവരോടൊപ്പമാണ്. ഒരു കുടുംബത്തിലെ അംഗം പോലെ. ബോബച്ചായന് ഒരു വേലക്കാരി മാത്രമല്ല സഹോദരി കൂടിയായിരുന്നു ട്രീസ.
നാലുപേരേയും കൊണ്ട് കാർ അടുത്തുള്ള ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയിൽ എത്തിയയുടനെ ബോബച്ചായനെ സ്ട്രക്ച്ചറിൽ അകത്തേക്ക് കൊണ്ടുപോയി, മറ്റുള്ളവർ പിന്നാലെയും ഓടിക്കിതച്ചെത്തി.
മനസിലെ സംഘർഷങ്ങൾ പുറത്ത് കാണിക്കാതെ സണ്ണി ശാന്തനായി ഉലാത്തി കൊണ്ടിരുന്നു. ” കറിവേപ്പില പോലെ നിങ്ങളെ പുറത്താക്കിയതല്ലെ.. ന്നിട്ട് നാണമില്ലാതെ അപ്പനെ ആശുപത്രിയിലാക്കാൻ പോകുവാ.. ഇപ്പോ നിങ്ങളെ അവർക്കാവശ്യമുണ്ടല്ലേ..” ഭാര്യയുടെ പരിഹാസമുറ്റിയ വാക്കുകൾക്ക് മറുപടി പറയാതെയാണയാൾ വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാണോ താൻ അവളുടെ വാക്ക് കേട്ട് പപ്പയോട് തന്റെ ഭാഗം തരാൻ പറഞ്ഞത് അന്ന് മുതൽ പപ്പയുടെ മനസ് നീറി തുടങ്ങിയതാണ്. പപ്പ രണ്ടാമതും വിവാഹിതനായതോടെ തങ്ങൾക്കിടയിലെ വലിയൊര് വിടവായത് മാറി. പപ്പക്ക് ഒന്നും സംഭവിക്കരുതേയെന്ന് അവൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ട്രീസയുടെ കൈ പിടിച്ച് മേൽക്കുരയിലേക്ക് മുഖമുയർത്തി കണ്ണടച്ച് കസേരയിൽ ചാരിയിരിക്കുകയാണ് അന്ന.
” അന്നക്കുട്ടി.. ഞാൻ പെട്ടെന്നെങ്ങാനും നിന്നെ വിട്ട് പോയാൽ.. നീയെന്ത് ചെയ്യും?” എന്ന് ചോദിച്ച ബോബച്ചായന്റെ സ്വരം അന്നക്കുട്ടിയുടെ ചെവികളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
ജീവിതത്തിൽ ആകെ കിട്ടിയ ഒന്നര വർഷം മാത്രം നീണ്ട് നിന്ന പുതുവസന്തകാലം അന്നയുടെ ഓർമ്മ മണ്ഡലത്തിൽ പൂത്തു നിറഞ്ഞു.
അറുപത്തിമൂന്ന് വയസുള്ള അന്ന എറണാകുളം ഘടകത്തെ പ്രതിനിധീകരിച്ച് കോഴിക്കോടേക്ക് ഓൾ കേരള പെൻഷനേഴ്സ് അസോസിയേഷന്റെ മീറ്റിംഗിന് പോയപ്പോഴാണ് ആദ്യമായി ബോബച്ചായനെ കാണുന്നത്. ആശംസയർപ്പിക്കാനായി അന്നയും കോഴിക്കോട് സംഘാടക കമ്മിറ്റിയെ പ്രതിനിധീകരിച്ച് ബോബച്ചായനും സംസാരിച്ചു. മറ്റുള്ളവരുടെ നിർബന്ധപ്രകാരം ഒരു പാട്ടും അന്നക്ക് പാടേണ്ടി വന്നു.
മീറ്റിംഗ് കഴിഞ്ഞ് ഭക്ഷണസമയത്ത് തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സ്വർണ്ണ തലമുടിയുള്ള സുമുഖനെ അന്ന ശ്രദ്ധിക്കാതിരുന്നില്ല. അന്നയുടെ അടുത്ത ഇരിപ്പടത്തിൽ തന്നെ ഭക്ഷണമടങ്ങിയ പാത്രവുമായി തിടുക്കത്തിൽ വന്നിരിക്കുന്ന ചാരനിറത്തിലുള്ള ഷർട്ട്ധാരിയെ അന്ന കാണാത്ത പോലെയിരിക്കുകയായിരുന്നു.
കഴിക്കുവാൻ തുടങ്ങുന്നതിന് മുൻപ് ബോബൻ അന്നയെ നോക്കി ശ്രദ്ധ ആകർഷിച്ചു കൊണ്ട് പറഞ്ഞു,
” അന്നാ വർഗീസിന്റെ വീട് എറണാകുളമാണല്ലെ? ഞാൻ ബോബൻ കർത്താ , കോഴിക്കോട് തന്നെയാണ് സ്വദേശം.”
അന്ന മുഖമുയർത്തി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മറുപടി കൊടുത്തു, ” അതേ.. പരിചയപ്പെട്ടതിൽ സന്തോഷം..”
അദ്ദേഹം പിടിവിടാൻ ഭാവമില്ലാതെ, ” അന്നയുടെ ഹസ്ബൻഡ്?”
വളരെ സ്വാഭാവികതയോടെ വായിലേക്ക് ഭക്ഷണം വക്കുന്നതോടൊപ്പം, ” ഹി ഈസ് നോ മോർ! “
“ഓ.. ഞാനുമൊരു വിഭാര്യനാണ്. എന്റെ ത്രേസ്യ മരിച്ചിട്ട് അഞ്ച് വർഷമായി..” വളരെ വ്യസനത്തോടെ അയാളത് പറഞ്ഞു.
അതിൽ വലിയ അതിശയോക്തിയില്ലാതെ ” ഹ്മ്..” എന്ന് മാത്രം മൂളി അന്ന. ഭാര്യയോട് അയാൾക്ക് വലിയ സ്നേഹമായിരുന്നുവെന്ന് സംസാരത്തിൽ തന്നെ വ്യക്തമാണ്. തനിക്കാണെങ്കിലെന്നേ ഭർത്താവിനോട് വെറുപ്പിന്റെ കയ്പ്പ് നുരഞ്ഞ് പൊന്തിയിരുന്നു. തീർച്ചയായും ഇയാളെ പോലെയൊരു ഭർത്താവിനെ ലഭിച്ച് ഇഹലോകം വെടിഞ്ഞ ആ സ്ത്രീ ഭാഗ്യവതി തന്നെ. ഇപ്പോഴും ഇയാളുടെ കണ്ണുകളിൽ അവരോടുള്ള സ്നേഹത്തിന്റെ കണം നിറയുന്നത് കാണുന്നുണ്ടെന്ന് അന്നക്ക് തോന്നി.
” അപ്പോൾ ഫാമിലിയൊക്കെ? മീൻസ്.. മക്കൾ? ” ഒന്നിനു പിറകെ ഒന്നായി ബോബച്ചായന്റെ ചോദ്യങ്ങൾ വന്നു കൊണ്ടിരുന്നു.
ഭക്ഷണം കഴിച്ചു കഴിയുമ്പോഴെക്കും ബോബച്ചായനും അന്നയും തങ്ങളുടെ കുടുംബങ്ങളെക്കുറിച്ചുള്ള ധാരണ പരസ്പരം കൈമാറി. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അന്ന ഒന്നും തന്നെ ചോദിക്കാതെയാണ് ബോബച്ചായൻ സ്വന്തം കുടുംബത്തെക്കുറിച്ച് പറഞ്ഞിരുന്നതെന്നാണ്.
ബോബച്ചായൻ ഫോൺ നമ്പർ ചോദിച്ചപ്പോൾ മടിച്ചാണെങ്കിലും അന്ന നമ്പർ കൊടുത്തു. എന്തോ ഒരാകർഷണം അന്നയ്ക്കും ബോബച്ചായനോട് തോന്നിയിരുന്നു. ഭക്ഷണ ശേഷം പിരിഞ്ഞു പോരുമ്പോൾ എറണാകുളത്തേയ്ക്ക് താൻ വരുമ്പോൾ വീണ്ടും കാണാമെന്ന് ബോബച്ചായൻ അന്നയോട് വാക്ക് പറഞ്ഞു. ഉവ്വ് ഞാൻ വന്നതു തന്നെയെന്ന് അന്നയും മനസിലുറപ്പിച്ചു.
തിരികെ പോരുമ്പോൾ ട്രെയിനിലിരുന്ന് ബോബച്ചായനെയും വർഗീസിനെയും തമ്മിൽ അറിയാതെ താരതമ്യം ചെയ്തു കൊണ്ടിരുന്നു അന്ന.
” പല്ലിന് വിടവും മര്യാദക്കുള്ള ശരീരവടിവുമില്ലാത്ത നിന്നെ ഞാൻ കെട്ടിയതേ നിന്റെ വീടും പറമ്പും ഉദ്ദേശിച്ച് തന്നെയാണ് ” മരിച്ചാലും മറക്കാത്ത വാക്കുകൾ, മദ്യപിച്ച് ശർദിച്ചവശനായി നാവ് കുഴഞ്ഞ വർഗീസ് അങ്ങനെ പറഞ്ഞപ്പോഴും പേടിച്ചരണ്ട് നിൽക്കുന്ന മകനെയും മകളെയും ഒരു കരക്കെത്തിക്കുക എന്ന ആഗ്രഹം മാത്രമായിരുന്നു അന്ന് മനസിൽ.
നാൽപ്പത്തിയേഴാം വയസിൽ ലിവർ സിറോസിസ് വന്ന് അയാളീ ലോകം വിട്ട് പോയി, ഞങ്ങൾ രക്ഷപ്പെട്ടപ്പോൾ അയാളുടെ ജോലി ഏറ്റെടുക്കാൻ മടി കാണിച്ചയെന്നോട് ,
” ഇതുവരെ അവനെക്കൊണ്ട് ആർക്കും ഒരുപകാരവും ഉണ്ടായിട്ടില്ല. ചേച്ചിക്കിതിന് അർഹതയുമുണ്ട്, അതിനുള്ള വിദ്യാഭ്യാസവുമുണ്ട്. ഇതുപേക്ഷിക്കേണ്ട ചേച്ചി. ” എന്ന് പറഞ്ഞ ഭർതൃ സഹോദരിയാണ് ഇപ്പോഴും എന്നോടൊപ്പമുള്ളത്.
ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സ്നേഹവുമില്ലാത്ത വർഗീസും ബോബച്ചായനും തമ്മിൽ എത്ര വലിയ അന്തരമാണുള്ളതെന്നവൾ ചിന്തിച്ചു. ട്രെയിൻ എറണാകുളത്തെത്തി വീട്ടിലേക്ക് കയറി സാലിയോട്, ബോബച്ചായനെക്കുറിച്ചാണ് ഞാനേറ്റവുമധികം സംസാരിച്ചത്.
” ആന്റീ.. ആന്റിയ്ക്ക് കുടിക്കാൻ വെള്ളം വേണോ? ” സണ്ണിയുടെ സ്വരം അന്നയെ ഓർമ്മകളുടെ ജാലകത്തിന്റെ പാളികൾ പതിയെ ചാരിയിട്ട് വർത്തമാനകാലത്തിലെത്തിച്ചു. ” വേണ്ട മോനേ.. അദ്ദേഹത്തിന്?”
“ഇല്ല.. ഒന്നും പറഞ്ഞിട്ടില്ല..” സണ്ണി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
” സാറിന് ഒരു കുഴപ്പവുമുണ്ടാവില്ല ചേടത്തി ” എന്ന് പറഞ്ഞ് ട്രീസ എന്റെ കൈപ്പിടിച്ചമർത്തി.
ചാരിയിട്ടിരുന്ന ജനൽപാളി മെല്ലെ തുറന്ന് ഞാനെത്തി നോക്കി. ഞാനും ബോബച്ചായനും റോയൽ വാക്ക് വായേൽ നിൽക്കുകയാണ്. അദ്ദേഹം വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയിൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന കാലത്തെക്കുറിച്ചൊക്കെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. പതുക്കെ സംസാരം മക്കളിലെത്തി ചേർന്നു. എന്നെപ്പോലെ തന്നെ സ്വത്ത് ഭാഗം വേണമെന്ന മക്കളുടെ ആവശ്യത്തിന് മുൻപിൽ, ജീവിതത്തിന്റെ കൺകെട്ടികളിയിൽ ഭാഗമായാണ് അദ്ദേഹവും നിൽക്കുന്നതെന്ന നഗ്നസത്യം ഞാൻ മനസിലാക്കി.
വീടെഴുതി ലഭിക്കുന്ന മകനല്ലെങ്കിൽ മകൾ, അത് ലഭിച്ചിട്ടേ അപ്പനെയോ അമ്മയെയോ നോക്കുകയുള്ളൂ എന്ന് ശഠിക്കുന്ന ഞങ്ങളുടെ രണ്ടുപേരുടെയും മക്കൾ!
” എന്റെ ത്രേസ്യ പോയപ്പോൾ പിന്നാലെ എനിക്കും പോവാമായിരുന്നുവെന്ന് ഇടക്കിടക്ക് എനിക്ക് തോന്നാറുണ്ട്! ” ഇടറിയ ശബ്ദത്തിൽ ബോബച്ചായൻ എന്നോട് പറഞ്ഞു.
” അതെനിക്ക് തീരെ തോന്നിയിരുന്നില്ല.. അയാളെന്നെ സ്നേഹിച്ചിരുന്നില്ല! ” എന്ന് മാത്രം ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞവസാനിപ്പിച്ചത് അദ്ദേഹത്തെ തെല്ല് നൊമ്പരപ്പെടുത്തിയെന്ന് തോന്നുന്നു.
കൂടുതലായൊന്നും സംസാരിക്കാതെ ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു. ഞങ്ങളുടെ കൂട്ടുക്കെട്ട് പെട്ടെന്നാണ് വളർന്നത്. അതൊരു പ്രണയമായി രൂപാന്തരപ്പെടുകയായിരുന്നു എന്നതാണ് സത്യം. ആരും കേൾക്കാനില്ലാത്തവർ, ഒന്ന് ചാരുവാനില്ലാത്തവരായ ഞങ്ങൾ രണ്ടുപേരും കാഴ്ച കൊണ്ട് രണ്ട് തരത്തിലായിട്ടും പരസ്പരം കേൾക്കുന്നവരായി. ശരീരത്തോടുള്ള ആസക്തി, കാമം എന്നതിനപ്പുറം ആത്മാക്കൾ തമ്മിലുള്ളൊരു കൂടിച്ചേരലായി.
ഒരു സുപ്രഭാതത്തിൽ ഫോൺ ചെയ്ത് ബോബച്ചായൻ ചോദിച്ചു,
” അന്നക്കുട്ടി, ഞാനിനി ഇങ്ങനെ വിളിച്ചോട്ടേ? നമ്മളിങ്ങനെ രണ്ടറ്റത്ത് കഴിഞ്ഞാൽ മതിയോ? തനിക്ക് എന്റെ കൂടെ ജീവിക്കാൻ സമ്മതമാണോ? ഞാൻ കുറച്ചാൾക്കാരെ അങ്ങോട്ട് വിടട്ടെ?”
ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്! അന്നക്കുട്ടി, വല്ല്യപ്പച്ചനും എളയപ്പനും മാത്രമാണ് എന്നെയിങ്ങനെ വിളിക്കാറുള്ളത്. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ദേഹം മുഴുവൻ കോരിത്തരിക്കുന്നതുപോലെ തോന്നി എന്തു പറയണമെന്ന് ഒരു നിശ്ചയവും ഉണ്ടായില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് കണ്ണാടിയുടെ മുൻപിൽ നിന്നു. അയാൾ മരിച്ചിട്ട് ഒരിക്കൽപോലും രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ഇതിപ്പോൾ.. എൻ്റെ മൗനം നീണ്ടു പോയപ്പോൾ, ” അന്നക്കുട്ടി ഇപ്പോഴൊന്നും പറയേണ്ട. നമ്മൾ രണ്ടുപേരും അനാഥരാണ്. അതുകൊണ്ട് ചോദിച്ചെന്ന് മാത്രം നിനക്ക് സമ്മതമെങ്കിൽ എന്നോട് പറയൂ..” ബോബച്ചായനിങ്ങനെ പറഞ്ഞ് ഫോൺ കട്ടാക്കി.
രണ്ടാമതൊരു വിവാഹം അതും ഈ വയസാം കാലത്ത്. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോൾ അല്ലെങ്കിൽ മൂക്കിൽ പല്ല് വന്നപ്പോൾ പെമ്പ്രന്നോരുടെ പൂതി കണ്ടില്ലേ എന്ന് നാട്ടുകാരും വീട്ടുകാരും പറയും. മമ്മിക്ക് ഞങ്ങളെ പറ്റിയൊന്ന് ചിന്തിക്കാൻ മേലായിരുന്നോയെന്ന് മക്കളും ചോദിക്കും. എല്ലാവർക്കും എനിക്കും അതിലേറെ നാണക്കേട്. എന്നാൽ പിന്നെ സാലിയുടെ അഭിപ്രായമറിയാൻ അവളെ വിളിച്ചു. ” ചേച്ചി എന്നതാ ഇത്ര ചിന്തിക്കാൻ? ഇത്രകാലം മക്കൾ.. മക്കളെന്ന് പറഞ്ഞ് ജീവിതത്തിന്റെ പ്രധാന ഭാഗം കളഞ്ഞു. ഇനിയെങ്കിലും സ്വന്തം കാര്യം നോക്ക്.. വേറെയൊന്നും ചിന്തിക്കണ്ട! “
എന്ന് പറഞ്ഞത് കേട്ടപ്പോൾ ബോബച്ചായന് ഡയൽ ചെയ്തു. കാര്യങ്ങൾ സംസാരിച്ചു. അങ്ങനെ തുടങ്ങിയതാണീ പുതിയ നാളുകൾ.
സത്യത്തിൽ വർഗീസ് എന്ന മനുഷ്യനെ വിവാഹം കഴിക്കുന്നതിനു മുൻപ് ബോബച്ചായനെ ഞാൻ കണ്ടിരുന്നെങ്കിൽ? ഇല്ല, ഒരിക്കലുമില്ല ഒരു പ്രണയ വിവാഹമോ? അന്നോ? അങ്ങനെയൊന്ന് എൻ്റെ ജീവിതത്തിൽ ഇപ്പോഴല്ലേ സംഭവിച്ചത്.
പല്ലിന് വിടവുള്ള, ശാരീരിക വടിവില്ലാത്ത, നിറം മങ്ങിയ സ്ത്രീകളെയും സ്നേഹിക്കാൻ മനുഷ്യരുണ്ടെന്ന് മനസ്സിലാക്കിത്തന്ന എന്റെ ബോബച്ചായൻ!
” സണ്ണി.. ഉണ്ടോ? ബോബൻ സ്റ്റെബിലൈസ്ഡ് ആയിട്ടുണ്ട്. കയറി കണ്ടോളു..”
ഞാൻ കണ്ണ് തുറന്ന് സണ്ണിയെ നോക്കി. അവനെന്നോട് കയറി കണ്ട് കൊള്ളാൻ ആംഗ്യം കാണിച്ചു.
എന്റെ ബോബച്ചായനെ കൈവിടാത്ത ഈശ്വരന് നന്ദി പറഞ്ഞ് ഞാനകത്തു കടന്നു. 💓
5 Comments
പ്രണയം.. ഇങ്ങനെ ആവണം
അസ്സലായി എഴുതി 👍
Great 👍
ഇതാണ് പ്രണയം ❤️
ശരീരബന്ധിയല്ലാത്ത പ്രണയം 🥰🥰🥰 നന്നായെഴുതി ♥️
നന്നായിട്ടുണ്ട് 👌👌