ഓഫീസിലെ ദിവസങ്ങളായുള്ള ഡബിൾ ഡ്യൂട്ടിയുടെ കൊല്ലുന്ന തിരക്കിനിടയിൽ അവിചാരിതമായി അനുവദിക്കപ്പെട്ട ലീവ്! ഇത് ശരിക്കും ആസ്വദിക്കണം.. അയാൾ മനസ്സിലൊരായിരം സ്വപ്നങ്ങൾ നെയ്തു.
എത്ര സുന്ദരമായ രാത്രി! അത്താഴം കഴിഞ്ഞ് വീട്ടു മുറ്റത്തെ ചാരുകസേരയിലിരുന്ന് സംതൃപ്തിയോടെ അയാൾ പ്രകൃതിയെ മനസ്സിലേയ്ക്കാവാഹിച്ചു..
പാൽ നിലാവുപൊഴിച്ച് പുഞ്ചിരി തൂകുന്ന പൂർണ്ണചന്ദ്രൻ.. മരങ്ങളുടെ ചില്ലകളെ ഇക്കിളിയാക്കുന്ന മന്ദമാരുതൻ.. പൂന്തോട്ടത്തിൽ നിന്ന് ഒഴുകി വരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം.. എവിടെ നിന്നോ കേൾക്കുന്ന പാതിരാക്കുയിലിണകളുടെ കളകൂജനം.. ദേഹത്തെ തഴുകുന്ന ഇളം തണുപ്പ്..
ഈ പ്രപഞ്ചവും അതിലുള്ള ഓരോ ചരാചാരങ്ങളും എത്ര മനോഹരം! അയാൾക്ക് എല്ലാറ്റിനോടും എന്തെന്നില്ലാത്ത ഒരു പ്രണയം തോന്നി.
അതാ ഭാര്യ മെല്ലെമെല്ലെ അടുത്തേയ്ക്ക് നടന്നു വരുന്നു.. ഇവൾക്കെന്തൊരു സൗന്ദര്യം! മുഖമൊക്കെത്തുടുത്ത്, കണ്ണുകൾ വിടർന്ന്, ചുണ്ടുകൾ തുടിച്ച്.. ആഹാ ഇന്നു ഞാൻ..
‘അതേ ഒരു കാര്യം പറയട്ടേ‘ അവൾ മെല്ലെ ചോദിച്ചു..
അയാളുടെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി.. ‘പിന്നെന്താ പറഞ്ഞോളൂ..’
‘ഞാൻ ചെവിയിൽ പറയാം‘, അവളുടെ കളമൊഴി..
‘വേഗം പറയൂന്നേ‘ അയാൾ അവളുടെ ചുണ്ടുകളിലേയ്ക്ക് ചെവി അടുപ്പിച്ചു..
‘അതേ, നിങ്ങളുടെ മൊബൈലിന്റെ പാസ്സ്വേർഡ് എനിക്ക് ആ നോട്ട്ബുക്കീന്ന് കിട്ടി. ഞാൻ മൊബൈൽ തുറന്നു നോക്കി..’
നോക്കി.. നോക്കി…
അതേ.. അയാൾ ആകാശത്തേയ്ക്ക് നോക്കി.. അവിടെ നിറയെ അനേകായിരം ചലിക്കുന്ന നക്ഷത്രങ്ങൾ.. എവിടെ.. ആ നിലാവുപൊഴിച്ച ചന്ദ്രൻ എവിടെ?