അന്നാണ് ആ വലിയ വീടിൻ്റെ അകത്തളത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിക്കുന്നത്.ഈർപ്പം കലർന്ന ഇരുട്ടായിരുന്നു ഉള്ളിൽ. പുതിയ അതിഥിക്ക് തിരഞ്ഞെടുക്കാൻ പാകത്തിൽ നിരത്തി നിർത്തിയ പെൺകുട്ടികൾക്കിടയിൽ ആ ഇരുട്ടിലും ഞാൻ നിന്നെ കണ്ടു. ആ മൂക്കൂത്തിയുടെ തിളക്കം എൻ്റെ കണ്ണിൽ പ്രതിഫലിച്ചു.നിന്നെ ചൂണ്ടിക്കാട്ടി ഗംഗുറാമും സുരവിമാസി എന്ന് വിളിപ്പേരുള്ള ആ തടിച്ച സ്ത്രീയും ചേർന്ന് എന്നോട് വില പേശി.
“അവൾ നിസാരക്കാരിയല്ല ദേവ് ബാബൂ.കാശ് അൽപ്പം കൂടും”.
ചോദിച്ച പണം അവർ നീട്ടിയ കയ്യിലേക്ക് വെച്ചു കൊടുത്തു.
നിന്നെ ഒന്നടുത്തു കാണാൻ,സംസാരിക്കാൻ എന്തിനും ഞാൻ തയ്യാറായിരുന്നു.നിൻ്റെ മുറിയിലേക്ക് എന്നെ പറഞ്ഞു വിടുമ്പോൾ പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു,
“ഗംഗാ..സാബ് നെ നന്നായി സന്തോഷിപ്പിക്കൂ. വലിയ ആളാണ്”.
ആ പാദങ്ങൾ കണ്ണീരാൽ കഴുകി എൻ്റെ ആത്മാവ് ശുദ്ധിയാക്കാൻ ഞാൻ ആഗ്രഹിച്ചു.