ചെറുതെങ്കിലും വൃത്തിയുള്ളതായിരുന്നു നിൻ്റെ മുറി. ചുമലിൽ നിന്നും സാരിതലപ്പ് വലിച്ചു മാറ്റി ധൃതിപ്പെട്ട് ബ്ലൗസിന്റെ കുടുക്ക് അഴിക്കാൻ ആരംഭിച്ച നിന്നെ ഞാൻ തടഞ്ഞു.
“വേണ്ട. എനിക്ക് നിന്നോട് സംസാരിക്കണം”.
എന്നെ തടഞ്ഞ നീ അത്ഭുതത്തോടെ നോക്കി.
“അനുവദിച്ച സമയം കുറച്ചേയുള്ളൂ”
ഞാൻ എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ നീ പുഞ്ചിരിയോടെ പറഞ്ഞു.
“നിങ്ങളെ എനിക്കറിയാം ദേവ് ബാബൂ.നിങ്ങൾ എന്നെ കണ്ടത് പോലെ ഞാനും നിങ്ങളെ കണ്ടിരുന്നു.ഒരിക്കൽ നിങ്ങളെന്നെ തേടി വരുമെന്ന് എനിക്കറിയാമായിരുന്നു”.
“ഇങ്ങനെ ലഹരിയിൽ എരിഞ്ഞു തീരാൻ മാത്രം നിങ്ങൾക്ക് എന്താണ് സംഭവിച്ചത്?
നിങ്ങളുടെ ശരിക്കുള്ള പേര് ദേവ് എന്നാണോ”?
മറക്കാനാഗ്രഹിക്കുന്നതൊക്കെ നീ ചോദ്യങ്ങളിലൂടെ എന്നെ ഓർമ്മിപ്പിച്ചു.
ഭൂതകാലത്തിലെങ്ങോ ആരോ ‘ബാലൂ’ എന്ന് ഉറക്കെ വിളിക്കുന്നത് കേട്ടു.
അമ്മായിയുടെ മകൾ മീനാക്ഷിയും അവളുടെ നിറയ്യൗവനവും അഞ്ചു വയസ്സുകാരിയുടെ ബുദ്ധിയും ഓർമ്മ വന്നു.
ആ നശിച്ച ദിവസവും പറ്റിപ്പോയ തെറ്റും..
ആരോടും ഒന്നും പറയാനാകാതെ വീടും നാടും വിട്ടു.ഒരിക്കൽ പോലും അന്വേഷിച്ചില്ല,മീനാക്ഷിക്ക് എന്തു പറ്റി കാണുമെന്ന്. അതിനുള്ള ധൈര്യം വന്നില്ല.
ശാന്തമായി എല്ലാം കേട്ടു നിന്ന നിനക്ക് എന്നോട് വെറുപ്പാകുമെന്ന് ഞാൻ കരുതി. പക്ഷേ നീ എൻ്റെ തലയിൽ തഴുകി, എന്നെ മാറോട് ചേർത്തു. ഞാൻ നിൻ്റെ കാലടി ഇറുകെ പുണർന്ന് സമാധാനമായി ഉറക്കത്തിലേക്ക് വീണു.