ഗംഗേ.. നിൻ്റെ യാഥാർത്ഥ്യം എനിക്ക് അറിയണമായിരുന്നു. ഞാൻ ആ വീട്ടിലെ സ്ഥിരം സന്ദർശകനായി. കാണുമ്പോൾ ഒക്കെയും ഒരു നിഗൂഢത നിന്നെ ചുഴിഞ്ഞു നിന്നു. ഒരിക്കൽ എൻ്റെ നെഞ്ചിൽ താളമിട്ട് മൃദുവായ ശബ്ദത്തിൽ നീ വളരെ മനോഹരമായി പാടി.
സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉത്തരമായി നീ ചിരിച്ചു.
എന്നിട്ട് ഒരു കഥ പറഞ്ഞു,
ആ കഥയിൽ ജമീന്ദാരായ ബന്ധോപാദ്ധ്യായ ചാറ്റർജിയും മകളായ നബനീതയും അനിയത്തിയും അമ്മയും വന്നു പോയി.
വീട്ടിലെ സഹായി ആയിരുന്ന ശുഭാൻഷുവിലൂടെയാണ് നബനീത പുറംലോകം അറിഞ്ഞിരുന്നത് എന്ന് പറയുമ്പോൾ നിൻ്റെ കണ്ണിൽ തെളിഞ്ഞത് എന്ത് വികാരമായിരുന്നു എന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.പ്രണയമായിരുന്നോ അതോ വെറുപ്പോ!
പ്രണയസാഫല്യം തേടി ബാബയേയും അമ്മയെയും അനിയത്തിയെയും ഉപേക്ഷിച്ച് കേട്ടറിഞ്ഞ നഗരത്തിലേക്ക് കുടിയേറിയപ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നിരിക്കണം നിനക്ക്.
‘ദിവസങ്ങൾ പോകെ ഒടുവിൽ ജീവിതത്തിൽ അവശേഷിച്ചത് വറ്റി പോയ പ്രണയവും ഒരിക്കലും തീരാത്ത വെറുപ്പും മാത്രമായി’ എന്ന് നീ പറഞ്ഞപ്പോൾ ആ വാക്കുകളിലെ വേദന ഞാൻ അറിഞ്ഞു.
“തിരികെ ചെന്നാൽ ബാബ സ്വീകരിക്കുമായിരുന്നില്ലേ?” എന്ന് ഞാൻ ചോദിച്ചപ്പോൾ നീ മുഖം തിരിച്ചു കളഞ്ഞു. എന്നിട്ട് പിറുപിറുക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
“വൈകിപ്പോയി.. വൈകിപ്പോയി” ഞാൻ ഇപ്പോൾ നബനീത അല്ല. ചുവന്ന തെരുവിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഗംഗയാണ്..