ക്രിച്ചക്ക് ചപ്പക്ക് ഛക്! ഗേറ്റ് തുറന്നടയുന്ന ശബ്ദം.
“അയ്യോ.. എത്ത്യാ”
ഗുണ്ട എത്തിയ ഭീതിയോടെ ഒരാൾ കത്തിയെടുത്ത് വേഗത്തിൽ പഠക് തഠക് ടക്ക് വെട്ടിയരിയാൻ തുടങ്ങി.
മറ്റേയാൾ വടിയും തടയുമായി പണിതുടങ്ങി.
ഇനിയുമൊരാൾ ചെവിയിൽ തിരുകിയ വള്ളിയോടുകൂടിയ സാധനം സെറ്റിയിലേക്ക് എറിഞ്ഞ് പുസ്തകമെടുത്ത് കണക്കപ്പിള്ള ചമഞ്ഞു.
മെയിൻ ഡോറിൽ തട്ട് കേട്ടതും വടിയും തടയും മാറ്റിവച്ചയാൾ ഓടിച്ചെന്ന് വാതിൽ തുറന്ന് ഭവ്യതയോടെ വന്നയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.
“പറഞ്ഞ പണി തീർത്തോ” വന്നയാൾ മുരടനക്കി ഘനഗാംഭീര്യത്തോടെ ചോദിച്ചു.
“തീർത്തുമ്മാ..”
സൂപ്പർ മാർക്കെറ്റിൽ പോയി തിരിച്ച് വരുന്നതിനുള്ളിൽ ചെയ്ത് തീർക്കാൻ മക്കൾക്ക് കുറിച്ച് ജോലി കൊടുത്തേൽപ്പിച്ച് പോയ ഒരു പാവം ഉമ്മിയായിരുന്നു അത്. അഞ്ചടി രണ്ടിഞ്ച് പൊക്കമുള്ള ആജാനബാഹുവായ ഒരു പാവം ഗുണ്ട.
✍️ഫാബി നിസാർ