ഒരു ദിവസം അച്ഛൻ കയറി വരുമ്പോൾ ഞാൻ ഹാളിലിരിക്കയായിരുന്നു.
മൂപ്പര് നേരെ മുറിയിലോട്ട് പോയി.
പിന്നെ പെട്ടിയെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടു.
പുറകെ അമ്മയും, അനിയനും.
പന്തികേട് തോന്നി ഞാനും പുറകെ പോയി.
ഇതാണ് ലക്ഷ്മിയെന്ന് അമ്മയോട് പറഞ്ഞു.
അവര് മുറ്റത്ത് തന്നെ നിൽക്കായിരുന്നു.
“ആദ്യമായി വന്നതല്ലേ, എന്തേലും കുടിക്കാം. അവരെ വിളിച്ച് വാ” ന്ന് അമ്മ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല.
പിന്നെ കയറി വന്നു.
ചായ കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ, അച്ഛൻറെ ശീലങ്ങളെ കുറിച്ച്, ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും കുറിച്ച്,
എന്തിന്, എപ്പോളോക്കെ ദ്വേഷ്യം വരും എന്നതിനെ കുറിച്ച്,
എതൊക്കെ മരുന്ന്, എപ്പോളോക്കെ കഴിക്കുന്നതിനെ കുറിച്ച്,
വിശദമായി പറഞ്ഞു കൊടുത്തു.
കഴിഞ്ഞപ്പോൾ, അവര് ചിരിച്ചോണ്ട് അനിയൻറെ അടുത്തേക്ക് വന്നു.
അമ്മ അവനെ ചേർത്ത് പിടിച്ചു.
അവര് മുഖത്തോട് മുഖം നോക്കി.
അച്ഛൻ അവരെ വിളിച്ചു.
രണ്ട് പേരും പോയി.
അന്ന് രാത്രി അനിയൻ എന്തേലും ചോദിക്കും കരുതി ഞാൻ.
അവൻ ഒന്നും ചോദിച്ചില്ല.
ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
അന്ന് അനിയനെ ഒപ്പം കിടക്കാൻ അമ്മ സമ്മതിച്ചില്ല.
രാത്രി അമ്മ കരയുന്നത് എൻറെ മുറിയിലിരുന്ന് ഞങ്ങൾ കേട്ടു.
അപ്പൊ അവനെന്നെ ചേർത്ത് പിടിച്ചു.
പിറ്റേന്ന് അമ്മ പതിവ് നേരത്ത് തന്നെ എണീറ്റു.
ഞങ്ങളെ സ്ക്കൂളിലേക്കയക്കാനും, അമ്മക്ക് ഓഫീസിൽ പോകാൻ വേണ്ടതൊക്കെയും എന്നത്തേയും പോലെ തന്നെ ചെയ്തു.
ഞങ്ങൾ ഇറങ്ങി .
വീട് പൂട്ടി അമ്മയും.
വൈകുന്നേരം അമ്മ വരുമ്പോൾ അമ്മയുടെ ഒപ്പം ഒരു നായകുട്ടി ഉണ്ടായിരുന്നു .
കുറച്ച് ദിവസം കഴിഞ്ഞ് അതിന് ഒരു കൂട് പണിയിപ്പിച്ചു.
ഞങ്ങളെ നോക്കുന്ന പോലെ അതിനെയും നോക്കി.
ഞങ്ങളേക്കാൾ അതിനോട് മിണ്ടി.
കഥകൾ പറഞ്ഞു.
ഉമ്മ കൊടുത്തു.
“സ്നേഹിക്കണേൽ ഇതിനെയൊക്കെ സ്നേഹിക്കണം, തിരികെ അതുപോലെ സ്നേഹിക്കും.
നന്ദിയും ഉണ്ടാകും” അനിയനോട് പറഞ്ഞു.
രാത്രിയിൽ ചെറു അനക്കം കേട്ടാൽ അത് കുരക്കും.
“കാശും മുതലായല്ലേടാ?”, ചിരിച്ചോണ്ട് ചോദിക്കും അമ്മ.
നായ വലുതായി, ഞങ്ങളും.
ഒരു ദിവസം അതേ പെട്ടി പിടിച്ച് അച്ഛൻ കയറി വന്നു.
കയറണ്ട എന്ന് ഞാൻ പറയാൻ തുടങ്ങവേ,
അനിയൻ പറയാൻ തുടങ്ങവേ,
അകത്തോട്ട് കേറി പോടാന്ന് പറഞ്ഞു അമ്മ.
പിറ്റേന്നും അമ്മ എല്ലാം പതിവ് പോലെ ചെയ്ത് കൊടുത്തു അച്ഛന്.
നായക്ക് കൊടുത്ത ശേഷം.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ അനിയനോട് പറഞ്ഞു, “അമ്മക്കെന്തോ കുഴപ്പമുണ്ട്, നായയോടൊക്കെ ഒറ്റക്കിരുന്ന് മിണ്ടുന്നത്, ചിരിക്കുന്നത് കരയുന്നതൊക്കെ കാണാം, നമുക്കൊരു ഡോക്ടറെ കാട്ടിയാലോ.”
“അമ്മക്ക് സ്നേഹിക്കാൻ അറിയുമെന്നൊഴിച്ച് വേറെ കുഴപ്പമൊന്നുമില്ല ” ന്ന് പറഞ്ഞ് അവൻ എണീറ്റ് പോയി.
പിറ്റേന്ന് അച്ഛനെ കാണാതായി.
ആരും അന്വേഷിച്ചില്ല.
എല്ലാം പതിവ് പോലെ നടന്നു.
ഞാൻ കോളേജിലേക്കും അവൻ സ്ക്കൂളിലേക്കും വീട് പൂട്ടി അമ്മ ഓഫീസിലോട്ടും ഇറങ്ങി .
നായ തിണ്ണയിൽ നീണ്ട് നിവർന്ന് കിടക്കുന്നുണ്ടായിരുന്നു ഞങ്ങള് പോരുമ്പോൾ .
Vineeth Valsala Vijayan
പോര്
2019
4 Comments
👍👍
👍🏻👍🏻
സൂപ്പർ 👌👌👌👌👌
👌👌💔💔💔💔