മരണത്തിലേക്കുള്ള എൻട്രി കാർഡാണ് ജനനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ കാർഡ് നേടിയിട്ടുള്ള ആൾക്കേ മരിക്കുവാൻ ഒരു ചാൻസ് ഉള്ളൂ. ജനനം എന്നത് പാസ്പോർട്ടും ജീവിതം എന്നത് വിസ പ്രൊസസിങ്ങിനുള്ള സമയവും..
ഞാൻ ആദ്യം മരണത്തെ മുഖാമുഖം കണ്ടത് എന്റെ നഴ്സിംഗ് പഠനകാലത്താണ്. 75 വയസ്സുള്ള ഒരു താത്ത (വല്യപ്പൻ) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എന്റെ വാർഡിൽ വച്ച് മരണപ്പെട്ടു. എളുപ്പമായിരുന്നില്ല, ആ മരണം.മോഡേൺ മെഡിസിൻ ആ മരണം എളുപ്പമാക്കിയില്ല എന്നതാണ് സത്യം.വായു വലിക്കാൻ തുടങ്ങിയപ്പോഴേ ഞങ്ങൾ പ്രൊഫഷണൽസ് ഇടപെട്ടു.. ബന്ധുക്കളെ പുറത്താക്കി! പിന്നെ അവിടെ ഒരു അങ്കമായിരുന്നു ഓക്സിജൻ, അട്രോപ്പിൻ, അഡ്രിനാലിൻ,ഡോക്ടർ, നേഴ്സ് എമർജൻസി ട്രോളി,സി പി ആർ.. ..
ആ സാധു വയോധികന്റെ വാരിയെല്ല് ഞെരിഞ്ഞുടയുന്ന ഒച്ച ഇന്നും എന്റെ കാതുകളിൽ മരിക്കാത്ത ശബ്ദമാണ്!! എന്തിനെന്നറിയാതെ അരമണിക്കൂർ നീണ്ട ആ പ്രഹസനത്തിനൊടുവിൽ മരണം ഡിക്ലയർ ചെയ്യപ്പെട്ടു. രാത്രി എട്ടുമണി സമയമായിരുന്നു അത്.അന്നും, പിന്നീട് പല ദിവസങ്ങളിലേക്കും തൊണ്ടയിൽ ഒരിറുക്കമായി എന്റെ ഊണിനെയും കൺപോളകൾക്കപ്പുറം ഒരു പേക്കിനാവായി എന്റെ ഉറക്കത്തെയും അത് കെടുത്തി. എന്റെ പ്രിയപ്പെട്ടവർക്ക് മരണം അങ്ങനെയാവരുത്.. അന്ന് ഞാൻ മനസ്സിൽ കുറിച്ചു.
എന്നിട്ടും എത്രയെത്രയോ തവണ ഞാനും സിപി ആറിൽ എന്റേതായ താക്കോൽ സ്ഥാനങ്ങൾ വഹിച്ചു! തിരിച്ചു തരണേ, തിരിച്ചുവരണേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു അവയിൽ മിക്കവയും. ക്രമേണ ഒരു നിയോനേറ്റൽ /പീഡിയാട്രിക് നേഴ്സ് ആയ എനിക്ക് 99% സിപി ആറുകളും ഒരു തിരിച്ചുവിളിക്കൽ തന്നെയായിരുന്നു. അപ്പോഴും മരണം ഒരു അനുഗ്രഹമായി മാറുന്നു എന്നുള്ളവരെ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്നത് ഒരു ക്രൂരതയായിത്തന്നെ ഞാൻ കരുതി.
നേഴ്സിന്റെ കുപ്പായം ഊരിയിട്ട് ഒരു ബൈ സ്റ്റാൻഡറുടെ വേഷത്തിൽ മരണമെന്നെ ആദ്യം സമീപിക്കുന്നത് ഇവിടുത്തെ അച്ചാച്ചന്റെ വിയോഗസമയത്താണ്. അപ്പോഴേക്കും ഞാൻ നഴ്സിംഗ് വിട്ടിട്ട് ഏകദേശം 8-9 വർഷമായിരുന്നു. എങ്കിലും അച്ചാച്ചൻഏതാണ്ട് എട്ടുമാസത്തോളം ശയ്യാവലംബി ആയിരുന്നു എന്നതും എന്റെ സംരക്ഷണയിൽ ആയിരുന്നു എന്നതും നഴ്സും ബൈസ്റ്റാൻഡറും തമ്മിലുള്ള അകലം കുറച്ചു. അച്ചാച്ചൻ ഊർദ്ധ്വം വലിക്കുമ്പോൾ വിങ്ങിപ്പൊട്ടി എങ്കിലും ഒരു കെയറിങ് പ്രൊഫഷണലിന്റെ നിർമ്മമത ഒരളവു വരെ എന്നെ പിടിച്ചുനിർത്തി. കിടന്നു നരകിക്കാതെ, തൊലിപ്പുറത്തൊരിടത്തും ഒരു പോറൽ പോലുമില്ലാതെ,സി പി ആറിന് വിധേയനാകാതെ അച്ചാച്ചൻ യാത്രയാകുമ്പോൾ എന്റെ ഹൃദയം ദുഃഖ സാന്ദ്രമെങ്കിലും കൃതജ്ഞതാഭരിതവും ആയിരുന്നു. ഞങ്ങൾ മരുമക്കൾക്ക് വല്ലാത്തൊരു തുണയും സ്നേഹത്തണലും ആയിരുന്നു അദ്ദേഹം.
അതിനുശേഷം ഉള്ള കാലം ഞാൻ ഒത്തിരിയേറെ മാറ്റങ്ങൾക്ക് വിധേയയായി.നേഴ്സിന്റെ കുപ്പായം എനിക്ക് തീരെ ചേരാതെയായി. ആശുപത്രിയിലെ ‘അകത്തെ ആൾ’ പരിവേഷം പതിയെ ഞാൻ പിറകിൽ ഉപേക്ഷിച്ചു.അപ്പോഴാണ് ഇവിടുത്തെ അമ്മച്ചിയുടെ മരണം! ഒരു പാഠപുസ്തകം പോലെയാണ് ആ മരണം എന്നെ പുണർന്നത്..
—————————————
അച്ചാച്ചന്റെ മരണശേഷമാണ് ‘താൻ മരിക്കാൻ റെഡിയാണ്’ എന്ന് അമ്മച്ചി പറഞ്ഞു തുടങ്ങിയത്.ഇടതടവില്ലാത്ത പ്രാർത്ഥനയുടെ കാലമായിരുന്നു പിന്നീടങ്ങോട്ട്.പണ്ടേ അത് അങ്ങനെയായിരുന്നുവെങ്കിലും കൃത്യമായ ഫോക്കസ് ഉള്ള ഒരു പ്രക്രിയയായി അത് ഇപ്പോൾ രൂപം മാറി. മരിച്ചാൽ ഉടുക്കുവാനുള്ള വെള്ളസാരി, തലയിൽ കിരീടത്തിനൊപ്പം വെള്ള അലുക്കുള്ള നെറ്റ്, വെള്ള മൊട്ടുകമ്മൽ, തലയ്ക്കൽ വയ്ക്കാൻ ചെറിയ പടിയുള്ള കുരിശുരൂപം എല്ലാം അമ്മച്ചി രഹസ്യമായി ഒരുക്കിവച്ചു. മരണശേഷം 30 ദിവസം മുടങ്ങാതെ കുർബാന അർപ്പിക്കാനുള്ള പണവും അമ്മച്ചി മകനെ പറഞ്ഞേൽപ്പിച്ചു! ഇത്രയൊക്കെ ഒരുങ്ങിയെങ്കിലും മരണ ഭയം അമ്മച്ചിയെ ഇടയ്ക്കിടെ പിടികൂടാറുണ്ടായിരുന്നു. ‘മരിച്ചാൽ ശ്വാസം മുട്ടില്ലേ’ എന്ന് ഞാൻ ഭയക്കുന്നത് പോലെ സ്വാഭാവികമായ ഒരു അനിശ്ചിതത്വം അമ്മച്ചിയെയും പിടികൂടാറുണ്ടായിരുന്നിരിക്കണം. രണ്ടിൽ കൂടുതൽ തവണ തന്റെ മരണസമയം മണിക്കൂറുകൾക്കുള്ളിൽ ഉണ്ട് എന്ന രീതിയിൽ അമ്മച്ചി പ്രവചിക്കുകയും ചെയ്തു. പക്ഷേ ഒന്നും സംഭവിച്ചില്ല!
മരണം തന്റെ കൈപ്പിടിയിൽ അല്ല എന്ന് പതിയെ ആൾ മനസ്സിലാക്കി. ഒരു നിരാശ ഏതൊരാളെയും പിടികൂടാവുന്ന സന്ദർഭം. പക്ഷേ ഞങ്ങൾ ക്രിസ്ത്യാനികൾ വേദപാഠ ക്ലാസുകളിൽ പറഞ്ഞു പഠിക്കുന്ന മൂന്നു പുണ്യങ്ങൾ ഉണ്ട്- വിശ്വാസം, പ്രത്യാശ, ഉപവി(സ്നേഹം ).
വിശ്വാസം നമുക്കുണ്ടെന്ന് ശഠിക്കാം, സ്നേഹം നമുക്ക് പ്രകടിപ്പിച്ചു കാണിക്കാം..എന്നാൽ പ്രത്യാശ ഓരോരോ ജീവിത പ്രതിസന്ധികളിൽ വെളിവാക്കി കിട്ടുന്നതാണ്.തന്റെ പ്രവചനങ്ങൾ തെറ്റുന്നു എന്നു മനസ്സിലാക്കിയിട്ടും അമ്മച്ചി പ്രസാദം കൈവെടിഞ്ഞില്ല. വീണ്ടും സ്വർഗ്ഗത്തിലേക്ക് കൈകൾ ഉയർത്തി നല്ല മരണത്തിനായി പ്രാർത്ഥിച്ചു. പ്രത്യാശയുടെ പാഠം എന്റെ കൺമുമ്പിൽ തെളിയുകയായിരുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം പ്രാർത്ഥന ഒരിക്കലും വിഫലമായി പോകാറില്ല.അപേക്ഷിച്ചത് കിട്ടിയില്ലെങ്കിലും ഏതെങ്കിലും ഒരു വിധത്തിൽ അത് നമുക്ക് നന്മയെ കൊണ്ടുവരും. നന്മരണത്തിനായി സർവ്വാത്മനാ യാചിച്ച അമ്മച്ചിക്ക് നന്മരണവും ഒപ്പം മറ്റൊരു നന്മയും കൂടി സ്വർഗ്ഗം അനുവദിച്ചു കൊടുത്തു.ഞങ്ങൾ മക്കളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കുവാൻ അനുവദിക്കാതെ ദൈവം അമ്മച്ചിയെ കൊണ്ടുപോയി. പ്രാർത്ഥനയിലെ കളങ്കം ഇല്ലായ്മയ്ക്കാണ് സ്വർഗ്ഗം വിലയിട്ടത് എന്നാണ് ഈ അനുഭവം എന്നെ പഠിപ്പിച്ചത്..
അനിവാര്യമായ മരണത്തെ പുൽകേണ്ടവരാണ് നാമെല്ലാം. ഇന്നുമുതൽ മാനത്തേക്ക് നോക്കിയുള്ള പെറ്റീഷനുകളിൽ നൻമരണവും കൂടി നമുക്ക് എഴുതിച്ചേർത്താലോ? പൊട്ടക്കണ്ണന്റെ മാവിലേറുപോലെയാണെങ്കിലും ഒരുപക്ഷേ അത് ലക്ഷ്യം കണ്ടാലോ???
അമ്മച്ചിയുടെ മരണം എന്നെ പഠിപ്പിച്ച പ്രത്യാശയുടെ പാഠമാണത്.
4 Comments
ചേച്ചീ ഈ ചെറിയ എഴുത്ത് ഒരുപാട് ചിന്തിപ്പിച്ചു. മരണമെന്നതു ക്ഷണിക്കപ്പെടാത്ത ഒരതിഥി ആണങ്കിലും നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് എത്തിച്ചേരണമെന്നില്ല.. നല്ലെഴുത്ത്👌👏
നന്നായി എഴുതി 👍👍❣️
Good article 👌. ജനനത്തിലൂടെ ജീവിതം വഴി മരണം. ജീവിതം നന്നാവട്ടെ. മരണത്തിലും ജീവനുള്ളവരുടെ ഹൃദയത്തിൽ ജീവിക്കാനാകട്ടെ 👍.
സൂപ്പർ എഴുത്ത് ഡിയർ ❤️
ജനനവും മരണവും.. സത്യത്തിൽ ജീവിതത്തിലെ ഒന്നും നമ്മടെ കൈകളിൽ അല്ല.. ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.. 👍