രാവിലെ അടുക്കള ജോലികളെല്ലാം ധൃതിയിൽ തീർത്ത് മക്കളെ സ്കൂളിലേക്ക് വിട്ടു, ഒരു കാക്ക കുളിയും കഴിഞ്ഞുവന്ന് സാരി ഞൊറിഞ്ഞുടുക്കുമ്പോൾ അവൾ അയാളെ വീണ്ടും വിളിച്ചുണർത്താൻ ശ്രമിച്ചു.
“ദാസേട്ടാ.. ണീക്കുന്നില്ലേ…
ദേ… മേശമേൽ വെച്ച ചായയും പുട്ടും എല്ലാം തണുത്തു.
ഇങ്ങനെ കിടന്നാലോ. എണീറ്റ് എന്നെയാ കവല വരെയെങ്കിലും ഒന്നെത്തിച്ചു തന്നൂടെ… എന്തൊരു കിടപ്പാ ഇത്… ഇങ്ങനെ സുഖിയനായാ കൊള്ളൂല…ട്ടോ..”
ദാസേട്ടാ….ദാ..
അവൾ മുഴുമിച്ചില്ല…
അതിനു മുൻപേ അയാൾ ദേഷ്യത്തോടെയൊന്ന് മുരണ്ട് തിരിഞ്ഞു കിടന്നു.
ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ ബാഗിൽ ടിഫിനും തിരുകി ഫോണുമെടുത്ത് അവൾ ഇറങ്ങി.
മുറ്റത്ത് ഹീറോ ഹോണ്ട വിശ്രമിക്കുന്നുണ്ട്. അത് അവളുടെ ദാസേട്ടന് കൂട്ടുകാരുമൊത്തു കറങ്ങാനും സഭ കൂടാൻ പോകാനുമുള്ളതാണ്.
വിയർത്തൊഴുകി കവലയിലേക്ക് എത്തുമ്പോഴേക്കും അവളുടെ ബസ് പോയി കഴിഞ്ഞിരുന്നു.
മുനിസിപ്പാലിറ്റിയിൽ എൽഡി ക്ലർക്ക് ആണവൾ. അവളുടെ ഏക വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. പ്രായപരിധി അവസാനിക്കാറായപ്പോൾ എന്തോ ഭാഗ്യത്തിന് കിട്ടിയതാണാ ജോലി. അവൾക്ക് ജോലി കിട്ടിയ അന്നുമുതൽ അവളുടെ ദാസേട്ടൻ പണിക്ക് പോയിട്ടില്ല. ദാസേട്ടന്റെ കറക്കത്തിനുള്ള പോക്കറ്റ് മണി വരെ അവളുടെ ശമ്പളത്തിൽ നിന്നാണ് പിടിച്ചു പറിക്കുന്നത്.
അവൾക്ക് മടുത്തു തുടങ്ങിയിരുന്നു.
കയറിപറ്റിയ ബസ്സിലെ തിരക്കിനിടയിൽ ശ്വാസം വിടാനാവാതെ നിൽക്കുമ്പോഴും അവൾ ചിന്തിച്ചത്, വൈകുന്നേരം വീട്ടിൽ ചെന്ന് കയറുമ്പോഴും ഉച്ചയൂണും കഴിഞ്ഞ് പാത്രം പോലും എടുത്തു വയ്ക്കാതെ കിടക്കയിൽ അലസനായികിടക്കുന്ന സുഖിയനായ അയാളെ കുറിച്ചാണ്.