“ചട്ടീം കലോം ആകുമ്പോൾ തട്ടീം മുട്ടീം ഒക്കെ ഇരിക്കും, നമ്മൾ പെണ്ണുങ്ങൾ അല്ലേ അത് അങ്ങ് ക്ഷമിച്ചു കൊടുക്കേണ്ടത്.”
അമ്മായിഅമ്മയോട് തന്റെ നാത്തൂൻ തന്നെ അടക്കം പറയുന്നത് കേട്ടാണ് അകത്തെ മുറിയിൽ നിന്നും അവൾ അങ്ങോട്ട് വന്നത്.
“ഇത്താത്ത പറഞ്ഞത് നേരാണ്, തട്ടീം മുട്ടീം ഒന്നും ഇരിക്കുന്നത് കുഴപ്പമില്ല, പക്ഷേ പൊട്ടരുത്.”
സുധീറിന്റെ ഒറ്റ അടിയിൽ കരണക്കുറ്റിയും കടന്ന് കാതിലെ കമ്മലാണ് ഒടിഞ്ഞു പോയിരിക്കുന്നത്. തലയിലെ തട്ടം മാറ്റി അവൾ അത് കാണിച്ചപ്പോൾ നാത്തൂന് ഉത്തരം മുട്ടി, അമ്മായിഅമ്മ മുഖം താഴ്ത്തി.
“അത് ഷെറീന… ഞാൻ..”
“ഇത്താത്താക്ക് ഇതുപോലെ എത്ര തല്ലു കിട്ടീട്ടുണ്ട് എന്റെ ആങ്ങളയുടെ കയ്യിൽ നിന്ന്.”
നാത്തൂനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഷെറീന വീണ്ടും തുടർന്നു.
“നിങ്ങളാരും പേടിക്കണ്ട ഞാനും കുഞ്ഞുങ്ങളും നിങ്ങളുടെ കൂടെ പോരുകയോ, നിങ്ങൾക്ക് ബാധ്യത ആകുകയോ ഇല്ല. പക്ഷേ എനിക്ക് കുറഞ്ഞത് ഒരു ഉറപ്പു കിട്ടണം ഇനി എന്റെ മേൽ ആരും കൈ വക്കില്ല എന്ന്. അതിനുള്ള ബാധ്യത എന്റെ വീട്ടുകാരായ നിങ്ങൾക്കുണ്ട്, കാരണം നിങ്ങൾ കണ്ടു പിടിച്ച് തന്ന ബന്ധം ആണിത്”
“സുധീർ എവിടെ?”
ഇതു കേട്ട് വന്ന ആങ്ങള മുഖം കടുപ്പിച്ചു കൊണ്ട് ചോദിച്ചു.
“അവൻ ഇപ്പോൾ പുറത്തേക്കു പോയി” സുധീറിന്റെ ഉമ്മ പറഞ്ഞു.
“ഇപ്പോഴൊന്നും അല്ല, രാവിലെ എന്നെ തല്ലി കഴിഞ്ഞ് ഞാൻ ബഹളം വച്ച ഉടനെ മൂന്നു നാലു തെറി കൂടി പറഞ്ഞിട്ട് ഇവിടുന്നു പോയതാണ്. അല്ലെങ്കിലും ആണുങ്ങൾക്ക് തല്ലുകയോ, കൊല്ലുകയോ, മാന്തുകയോ, ഉത്തരം മുട്ടുകയോ ചെയ്തു കഴിഞ്ഞാൽ വീട്ടീന്ന് ഇറങ്ങി പോയാൽ മതിയല്ലോ”
ഷെറീന മക്കളെ ചേർത്തു പിടിച്ച് പറഞ്ഞു.
“വീട്ടിൽ പറയും എന്ന് പറഞ്ഞപ്പോൾ അവൻ എന്ത് പറഞ്ഞു”,ആങ്ങള ചോദിച്ചു
“നീ പറയാൻ നിൽക്കണ്ട, നിന്റെ വീട്ടിലേക്കു പൊയ്ക്കോളാൻ “ഷെറീന ആങ്ങളയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“ഈ പ്രശ്നങ്ങളുടെ ഒക്കെ വല്ല കാര്യോം ഉണ്ടോ? അവനു നിന്നോട് സ്നേഹമില്ലേ?നിന്റെ എല്ലാ കാര്യങ്ങളും നടത്തിതരുന്നില്ലേ? പിന്നെ ഒരു പ്രാവശ്യം ഒന്ന് തല്ലിയെന്നു വച്ച് ഇത്ര പുകിലുണ്ടാക്കാൻ ഉണ്ടോ?”
ആങ്ങള കുറേ ചോദ്യങ്ങൾ ഒരുമിച്ച് ചോദിച്ചെങ്കിലും അവൾ പതറാതെ ഉത്തരം പറഞ്ഞു തുടങ്ങി.
“ആഹാ!! അത് കൊള്ളാലോ? ഒരു തല്ലു കൊണ്ടപ്പോൾ തന്നെ പറഞ്ഞതാണല്ലേ കാര്യം. കുറച്ചധികം കൊണ്ടിട്ടു പറഞ്ഞിരുന്നെങ്കിൽ കുഴപ്പമില്ലാരുന്നു അല്ലേ?
പിന്നെ ഇക്കാക്ക ചോദിച്ച സ്നേഹം.
നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ കുറ്റം പറയാതെ കഴിക്കാറുണ്ട്, തുണികൾ എല്ലാം അലക്കി മടക്കി വച്ചേക്കുമ്പോൾ വഴക്ക് പറയാറില്ല, ഒന്നും എതിർത്തു പറയാത്തപ്പോൾ തല്ലാൻ കൈ ഓങ്ങാറില്ല, പുറത്തു പോകാനോ എന്റെ കുടുംബത്തിലെ എന്തേലും പരിപാടിക്ക് പോകണമെന്നോ ഞാൻ നിർബന്ധം പിടിക്കാത്തപ്പോൾ വേറെ പ്രശ്നമില്ല, എന്തേലും അസുഖം വന്ന് കിടന്നിടത്തു നിന്നും എഴുന്നേൽക്കാതെ കിടന്നാൽ അയാൾ അസുഖ വിവരം ചോദിച്ചില്ലെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാറുണ്ട്, എന്നോട് സംസാരിക്കാൻ സമയം ഇല്ലാത്തതിനെ കുറിച്ചോ, എന്റെ തീരാത്ത പണികളെ കുറിച്ചോ, എന്റെ കുഞ്ഞു സ്വപ്നങ്ങളെ കുറിച്ചോ ഞാൻ പരിഭവം പറഞ്ഞില്ലേൽ പിന്നെ ഇവിടെ ഒരു പ്രശ്നവും ഇല്ല. ഇതിനൊക്കെയാണ് സ്നേഹം എന്ന് പറയുന്നത് എങ്കിൽ എന്റെ കെട്ട്യോന് എന്നോട് സ്നേഹമുണ്ട്. ”
“ഞാൻ ഇപ്പോൾ എന്ത് വേണമെന്നാണ് നീ പറയുന്നത്?” അയാൾ സ്വരം അല്പം മയപ്പെടുത്തി.
“ഇക്കാക്കക്ക് അറിയാല്ലോ നമ്മുടെ കുട്ടിക്കാലം. നിങ്ങളെക്കാൾ എത്രയോ മിടുക്കിയായിട്ടു ആണ് ഞാൻ പഠിച്ചത്, എത്ര പുസ്തകങ്ങൾ ആണ് ഞാൻ വായിച്ചിരുന്നത്. ഒരു ജോലിക്ക് ശ്രമിക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എനിക്കത് സാധിക്കുമായിരുന്നു. പകരം നിങ്ങൾ കുറച്ച് പൊന്നും പണവും കൊടുത്ത്, തരക്കേടില്ലാത്തത് എന്ന് സ്വയം സമാധാനിച്ച് ഒരുപാട് ആലോചിച്ചു വിഷമിക്കാതെ എന്നെ കെട്ടിച്ചു വിട്ടു.
അതിനൊന്നും ഞാൻ ഇന്നേ വരെ പരാതി പറഞ്ഞിട്ടില്ല, എനിക്ക് പരാതിയും ഇല്ല.
പക്ഷേ കെട്ടിച്ചു വിട്ടതിന്റെ പിറ്റേ നാൾ മുതൽ ഞാൻ ജനിച്ച എന്റെ വീട്ടിൽ വരുമ്പോൾ നിങ്ങൾ എന്നെ ഒരു വിരുന്നുകാരിയെ പോലെ സൽകരിക്കുന്നതിനു പകരം എനിക്ക് താങ്ങായും തണലായും ഇനിയും നിങ്ങൾ ഉണ്ടെന്ന് എന്റെ ഭർത്താവിനെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ എന്ന് ഞാൻ എത്ര വട്ടം ആശിച്ചിട്ടുണ്ടെന്നോ?
നിങ്ങൾ എന്റെ ഭർത്താവിനോട് ഇവൾ നല്ലോണം പഠിക്കുന്ന കുട്ടിയാണ്, അവൾക്കു കുറച്ച് ആഗ്രഹങ്ങൾ ഉണ്ട്, ഒന്ന് പിന്താങ്ങി കൊടുത്താൽ അവൾ അത് നേടിയെടുത്തോളുമെന്ന് ഒരിക്കലെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ എന്തു മാത്രം കൊതിച്ചിട്ടുണ്ടെന്നോ.”
തേങ്ങലോടെ അവൾ പറഞ്ഞു നിർത്തുമ്പോഴേക്കും ആങ്ങള ഫോൺ എടുത്ത് സുധീറിനെ വിളിച്ചു.
“അളിയൻ എവിടാണ്?
എനിക്കൊന്നു കാണണം.”
അര മണിക്കൂർ കഴിഞ്ഞ് സുധീർ വീട്ടിലെത്തി.
“ആഹ് !നിങ്ങൾ എപ്പോൾ വന്നു.”
അലസമായി അയാൾ ചോദിച്ചു.
“ഞങ്ങൾ കുറച്ചു നേരമായി വന്നിട്ട്. എന്റെ പെങ്ങളെ ആറു വർഷം മുൻപ് ഞങ്ങൾ കെട്ടിച്ചു തന്നപ്പോൾ അവളുടെ കരണകുറ്റിയിൽ ഈ പാട് ഉണ്ടായിരുന്നില്ല, അവളുടെ ചെവി പൊട്ടി ചോര ഒലിച്ചിട്ടും ഉണ്ടായിരുന്നില്ല. നിസ്സാര കാര്യത്തിന് പെണ്ണിന്റെ മുഖം അടിച്ചു പൊട്ടിക്കാൻ നിനക്ക് നാണമില്ലേ? ”
“എനിക്ക് ചോദിച്ചാൽ ചോദിച്ച സമയത്ത് ഭക്ഷണം കിട്ടണം, അവൾ വേറെ എങ്ങോ പോയി വായും പൊളിച്ചു നിൽക്കുന്നതു കണ്ട് എനിക്ക് കലി കയറി തല്ലിയതാണ്. മാത്രമല്ല ഈയിടെയായി അവൾക്ക് എന്നെ ചോദ്യം ചെയ്യലും ഇത്തിരി കൂടുതലാണ്.
സുധീർ അത്രയും പറഞ്ഞു നിർത്തിയതും ആങ്ങള അയാളുടെ കോളറിൽ കടന്നു പിടിച്ചു കൊണ്ട് അലറി.
“നിനക്ക് കലി കേറുമ്പോൾ കൈ തരിപ്പ് തീർക്കുന്നത് എന്റെ പെങ്ങടെ മോന്തക്കല്ല, അതിനു നീ വേറെ വഴി കാണണം കേട്ടോടാ. ഇപ്പൊ ഞാൻ ഇത്രയുമേ പറയുന്നുള്ളൂ, കെട്ടിച്ചു വിട്ടെന്ന് കരുതി അവളും ഞാനും ഒരേ ചോര തന്നെയാണെടാ.”
അയാൾ ഷെറീനയെ നോക്കി തുടർന്നു.
“നിനക്ക് എന്ത് ആവശ്യം ഉണ്ടേലും എന്നെ ഒന്ന് വിളിച്ചാൽ മതി, ഇനി നിന്റെ ദേഹത്ത് ആരും തൊടില്ല.”
“സുധീറിനെയും ഉമ്മയേയും നോക്കി അവളുടെ അടിയേറ്റ കവിളിൽ തലോടി അയാൾ വീണ്ടും പറഞ്ഞു, രണ്ട് ദിവസം കഴിയുമ്പോൾ ഞാൻ ഇനിയും വരും അപ്പോൾ ഈ മുഖത്തെയും ചെവിയിലെയും നീര് മാറിയിട്ടുണ്ടാകണം”
അത്രയും പറഞ്ഞ് പടി കടന്ന് പോകുന്ന ആങ്ങളയെ കണ്ണീരിനിടയിലും പുഞ്ചിരിച്ചു കൊണ്ട് അവൾ നോക്കി നിന്നു.
3 Comments
സ്വന്തം വീട്ടിൽ വിലയുള്ളവൾക്ക് ചെന്ന് കയറിയ വീട്ടിലും വിലയുണ്ടാകും
ചേർത്തുപിടിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ ഏതു പെണ്ണും സുരക്ഷിതയായിരിക്കും
Super… ഇങ്ങനെ ഒരാങ്ങളയുണ്ടെങ്കിൽ, പല സ്ത്രീകളുടെയും ജീവിതം ദുരിതപൂർണമാകില്ല.
നല്ല രചന ❤