“ഈ അമ്മയെന്താ ഇങ്ങനെ കുത്തിക്കുറിക്കുന്നത്. രണ്ടു ദിവസമായല്ലോ തുടങ്ങീട്ട് ” പരിഭവവും പരിഹാസവും കലർന്ന മകളുടെ ചോദ്യം കേട്ട് ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി. അവളെന്റെ കയ്യിലെ വരയിടാത്ത ഇരുന്നൂറു പേജിന്റെ നോട്ട് ബുക്ക് വലിച്ചെടുത്ത് ഗർവ്വോടെ അത് തുറന്നു. “അയ്യോ! ഇതെന്റെ ബുക്ക് ആണല്ലോ…!” ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഇളയ മകൻ ബുക്കിന്റെ പുറം കട്ടി കണ്ട് ഉറക്കെപ്പറഞ്ഞു. ഇത്രേം ദിവസം അവന് ഈ ബുക്ക് യാതൊരു ആവശ്യവും ഇല്ലാരുന്നു. ഇനി ഇതിലാകും അവന്റെ എഴുത്ത് മുഴുവൻ. അല്ലെങ്കിലും കുഞ്ഞു നാൾ മുതൽ എനിക്കു വേണ്ടി മാറ്റിവെക്കുന്ന മിഠായിത്തുണ്ടുകൾക്കും മധുരകഷണങ്ങൾക്കും അവന് വല്ലാത്തൊരു കൊതിയായിരുന്നു. എത്ര തിന്നു വയറു നിറഞ്ഞാലും അതും കൂടി തിന്നാലേ അവന് തൃപ്തി ആകൂ. ഞാനാണെങ്കിലോ മാതൃത്വത്തിന്റെ മഹത്വവും പറഞ്ഞ് സ്വമനസ്സാലേ അതെല്ലാം മക്കളുടെ വായിലേക്കും വച്ചുകൊടുക്കും. “പുതുവർഷം, പുതിയ ഞാൻ… പുതിയ വീട്ടമ്മ ” അവൾ ബുക്കിലെ ആദ്യപേജിലെ ആദ്യവരി ഉറക്കെ വായിച്ചു.…
Author: Soumya Muhammad
അടഞ്ഞു കിടക്കുന്ന തീവ്രപരിചരണ യൂണിറ്റിന്റെ മുന്നിലുള്ള സ്റ്റീൽ കസേരയിൽ ഞാൻ വെപ്രാളത്തോടെയിരുന്നു. തളർന്നു പോയ ശരീരത്തെയും അതിലും തകർന്നുപോയ എന്റെ മനസ്സിനെയും അതിന്റെ വഴിക്ക് വിട്ട് ഈ തണുത്ത മാർബിൾ തറയിൽ ഭിത്തിയിലേക്ക് തലയും ഉടലും ചാരി അല്പം നീരുവന്ന കാലുകൾ മുന്നോട്ട് നീട്ടി വെച്ച് എന്റെ മുഴുവൻ ക്ഷീണവും മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ച് തിരക്കൊട്ടുമില്ലാതെ എനിക്കിവിടെ ഇരിക്കണമെന്നുണ്ട്. അല്ലെങ്കിലും എന്റെ മൂന്നു പെണ്മക്കളിലൊരാൾ ഈ ചില്ലുകൂട്ടിൽ കിടക്കുമ്പോൾ ഞാൻ അങ്ങനെ തന്നെയല്ലേ ഇരിക്കേണ്ടത്? മൂന്നു മക്കൾ… മൂന്നു പെണ്മക്കൾ എന്ന് തന്നെയല്ലേ പറയേണ്ടത്? എനിക്കിപ്പോ എല്ലാത്തിനും സംശയമാണ്! ഇങ്ങനെയല്ലേ ഇരിക്കേണ്ടത്? ഇങ്ങനെയല്ലേ പറയേണ്ടത്? ഇങ്ങനെ തന്നെ ആയിരുന്നില്ലേ അവരോടു ചിരിക്കേണ്ടത്? അങ്ങനെയങ്ങനെ ഒരു നൂറായിരം സംശയങ്ങൾ! പ്രായമേറുകയല്ലേ! പ്രായമേറുകയല്ലേ എന്നൊരാ ഒറ്റ ചിന്തയിൽ വെപ്രാളപ്പെട്ടിരുന്ന ഞാൻ പിന്നെയും വിയർത്തു വിളറി വെപ്രാളപ്പെട്ടു. എനിക്ക്…
പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ വൃദ്ധനായതെങ്ങനെയെന്നു ഞാൻ ഒരു വേള അതിശയപ്പെട്ടു. തലേന്നത്തെ പുത്തൻ ഖബറിനു മുകളിലെ മണ്ണ് ഇപ്പോഴും നനവാർന്നു കിടക്കുന്നു. കയ്യിലിരുന്ന മൈലാഞ്ചി കൊമ്പ് സുഹറയുടെ ഖബറിനോടു ചേർത്ത് കുഴിച്ചിടുമ്പോൾ ഞാൻ അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ശ്വാസം മുട്ടലിനുമേൽ ഞാൻ തീർത്തും നിസ്സഹായനായി. ഇന്നലെ നട്ടുച്ചയോടെയാണ് അടുക്കളയിൽ തല കറങ്ങി വീണ അവളുടെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്. ഒന്നും പറയാതെ അവൾ പോയി… അല്ലെങ്കിലും പറച്ചിലും പരാതിയും എന്നും കുറവായിരുന്നല്ലോ! സ്നേഹമായിരുന്നു മുഴുവനും.. ! പലപ്പോഴും തോന്നിയിട്ടുണ്ട് കടപ്പാടിന്റെ പേരിലാണോ അർഹിക്കാത്ത സ്നേഹം മുഴുവൻ ഇവൾ എനിക്കായി വച്ചുനീട്ടുന്നത് എന്ന്. കാരണം കണ്ണിലെ കിനാക്കളെല്ലാം നിറം മങ്ങി പ്രതീക്ഷകൾ ഒന്നുമില്ലാതെ മൗനത്തിന്റെ വലിയൊരു കരിമ്പടം പുതച്ച് യതീം ഖാനയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും മൈലാഞ്ചി മണം നിറഞ്ഞ…
“ഉമ്മീ… പാത്രം കഴുകാനുണ്ടേൽ തായോ. ഒൻപതരക്കു കളി തുടങ്ങും. പിന്നെ എനിക്ക് പറ്റൂല്ല” ഫ്രിഡ്ജിൽ നിന്നും തേങ്ങ മുറി ഒന്നെടുക്കുമ്പോഴാണ് പതിനാറുകാരി മോള് വന്നെന്നെ പിന്നിൽ നിന്നും കെട്ടിപിടിക്കുന്നത്. ഞാൻ അവളെ നോക്കി. കപ്പുമേന്തിയ ഒരു വമ്പൻ റൊണാൾഡോയുടെ ചുമപ്പു ജഴ്സിയണിഞ്ഞ അവളുടെ കണ്ണിൽ കളിയുടെ പൂരം തുടങ്ങി കഴിഞ്ഞിരിക്കുന്നു. “ഉമ്മീ… തേങ്ങ ചിരകണമെങ്കിൽ തന്നേരെ ട്ടോ. കുറച്ചു കഴിഞ്ഞാൽ എനിക്കു പറ്റൂല്ല…” പത്തൊമ്പതുകാരൻ മോനാണ്. എന്റടുത്തു നിൽക്കുന്ന റൊണാൾഡോ പെണ്ണിനെ കണ്ട് അവൻ ചിറി കോട്ടി. “പിന്നേയ്… നീ ഇതൊക്കെ ഇട്ടോണ്ട് നടന്നോ. കപ്പ് നമ്മടെ ബ്രസീലിനുള്ളതാ… വേണമെങ്കി പന്ത്രണ്ടരക്ക് കളിയൊന്നു കണ്ടു പഠിച്ചോ…” പിന്നെ അവിടരയൊരു പട തന്നെ തുടങ്ങി. “എടി… തേക്കാനെന്തേലും ഉണ്ടേൽ തന്നേരെ ട്ടോ… ” അടുത്തത് കെട്ട്യോനാണ്…. “നിങ്ങളൊക്കെ എന്താ രാജ്യം വിട്ടു പോവ്വാണോ?” നിയന്ത്രണം വിട്ടു ഞാൻ അലറി. അല്ല പിന്നേ… എനിക്കും കളി കാണാനുള്ളതാണ്. “ഉവ്വ്… ഉമ്മിക്ക് കലിയിളകും. മെസ്സി ചൊറിയും…
മീന മാസത്തിലെ വെയിൽ ചൂട് തൊടിയിലാകെ പരക്കുന്ന നേരത്താണ് നാട്ടിലെ തിരക്കുള്ള കല്യാണ ബ്രോക്കർ പടി കടന്ന് വരുന്നത് നൗറിൻ കണ്ടത്. എന്തു പൊല്ലാപ്പും കൊണ്ടാണാവോ ഇത്തവണത്തെ എഴുന്നള്ളിപ്പ്? നാളെ സെമെസ്റ്റർ എക്സാം തുടങ്ങുകയാണ്. ഇനിയും ഒരാവർത്തി കൂടി പല പോർഷൻസും വായിച്ചു തീർക്കണം. അതിനിടയിലാണ് ഇങ്ങേരുടെ വരവ്… അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ഉമ്മറത്തേക്ക് ചെല്ലുമ്പോഴേക്കും ഉപ്പ അയാളെ അകത്തേക്ക് വിളിച്ച് ഇരുത്തി കഴിഞ്ഞിരുന്നു. “ഇവിടുത്തെ മോൾക്ക് നല്ലൊന്നാന്തരം ഒരു ആലോചന വന്നിട്ടുണ്ട്. നല്ല ബെസ്റ്റ് കുടുംബക്കാര്, പോരാത്തേന് പണവും പ്രതാപവും വേണ്ടുവോളമുണ്ട്” ഈ പേരും പറഞ്ഞ് ഇനി ഇതുവഴി വരരുതെന്ന് കഴിഞ്ഞ ആഴ്ചയും കൂടി കവലയിൽ വച്ച് ഇയാളെ കണ്ടപ്പോൾ താൻ പറഞ്ഞതാണ്. എന്നിട്ട് പിന്നേം.. നൗറിൻ വാതിലിനു പുറകിൽ നിന്നുകൊണ്ട് ഉപ്പയുടെ മറുപടിക്കായി കാതോർത്തു. “അത് പിന്നെ…” ഉപ്പ ചുമലിലെ തോർത്തു കൊണ്ട് നെഞ്ചും മുഖവും അമർത്തി തുടച്ചു. കൊടും വെയിലിൽ കരിവാളിപ്പ് പടർന്ന ഉപ്പയുടെ…
“ഉമ്മാ… നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്? ഞാൻ ഇനി നേഹയുടെ പേരെന്റ്സിനോട് എന്ത് പറയും? അറ്റ്ലീസ്റ്റ് നിങ്ങൾക്ക് എന്നെ കുറിച്ചെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ? ഇത്രയും കാലം ജീവിച്ചിട്ട്! ശ്ശേ… മോശം!” അഫ്സൽ അത്യധികം വെറുപ്പോടെയും ദേഷ്യത്തോടെയും സംസാരിക്കുന്നത് കേട്ട് സൈനബ വിദൂരതയിലേക്ക് നോക്കി വെറുതേ ഇരുന്നു. എങ്കിലും അവളുടെ മനസ്സ് നിറയെ മുപ്പതു വർഷങ്ങൾക്കും മുന്നേ മഴ പെയ്തു തോർന്ന ഒരു വൈകുന്നേരമായിരുന്നു. “ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്? മഹല്ല് കമ്മറ്റിക്ക് കത്തെഴുതാൻ മാത്രം നിങ്ങൾക്ക് ഇത്രയും ധൈര്യമുണ്ടായിരുന്നോ?” അവൾ അഫ്സലിന്റെ വിറക്കുന്ന മീശയിലേക്ക് നോക്കി. “അന്നൊരു പേമാരി കാലത്ത് നിന്റെ ഉപ്പ മറ്റൊരുത്തിയോടൊപ്പം എന്റെ കണ്മുന്നിൽ പൊറുതി തുടങ്ങിയത് കണ്ടു നിന്ന അത്ര ധൈര്യമൊന്നും ഇതിന് ആവശ്യമില്ലെടാ…” സൈനബ ചെറുതായൊന്നു ചിരിച്ചു. “അത് അന്നല്ലായിരുന്നോ, അതും കഴിഞ്ഞ് കാലം എത്രയോ കഴിഞ്ഞിരിക്കുന്നു? അന്നൊന്നും ആവശ്യപ്പെടാതെ നിങ്ങൾ ഇപ്പോൾ വിവാഹ മോചനത്തിന് പള്ളി കമ്മിറ്റിയിൽ അപേക്ഷ കൊടുക്കുകയും പുനർ വിവാഹത്തിന് ആഗ്രഹിക്കുകയും…
“നിന്നെ ആർക്കും ഇഷ്ടമല്ലാത്തതും നിന്റെ ഈ സ്വഭാവം കൊണ്ടാണ്. ആളും തരവും നോക്കാതെയുള്ള നിന്റെയീ വർത്തമാനം കുറേ ആയി ഞാൻ സഹിക്കുന്നു”. ദേഷ്യത്തോടെ ഒരു കൈ കൊണ്ട് പാത്രം നീക്കി വെച്ച് മറു കയ്യാൽ ഫോൺ ശ്രദ്ധയോടെ പിടിച്ചു കൊണ്ട് അയാൾ എഴുന്നേറ്റു. “വേണ്ടെങ്കിൽ തിന്നണ്ട …”, എന്ന് പതിയെ പറഞ്ഞു കൊണ്ട് ടേബിളിനടുത്തേക്ക് വരുമ്പോൾ മകൻ അവളോട് ചോദിച്ചു. “അമ്മക്കറിയില്ലേ അച്ഛന്റെ സ്വഭാവം, പിന്നെന്തിനാണ് തറു തല പറയാൻ നിൽക്കുന്നത്?” “ആഹാ.. അത് കൊള്ളാലോ! നിന്റച്ഛന് മാത്രാണോ സ്വഭാവം ഉള്ളൂ?” അച്ഛന്റെ അടുത്ത് തോറ്റതിന് മകന്റെയടുത്ത് എന്ന രീതിയിൽ ഇരച്ചു വന്ന ദേഷ്യം മുഴുവൻ അവൾ മോനോട് തീർത്തു. ഇന്നത്തെ കറിക്ക് ഉപ്പ് കുറവും മുളക് കൂടുതലും എന്ന് അച്ഛൻ പറഞ്ഞതിന് അമ്മ ഇത്രയും ദേഷ്യപ്പെടാൻ എന്തിരിക്കുന്നു? മകന്റെ ചോദ്യം കേട്ട് വളരെ സ്വാഭാവികതയോടെ അവൾ മറുപടി പറഞ്ഞു. “ഞാൻ എവിടെ ദേഷ്യപ്പെട്ടു എന്നാണ് നീ പറയുന്നത്? ഇന്നത്തെ കറി…
“ഓ… എന്റമ്മോ അവളുടെയൊരു പത്രാസ്! കണ്ടിട്ട് മിണ്ടീം കൂടിയില്ല’ അയലത്തെ വീട്ടിൽ കല്യാണത്തിന് പോയി വന്നയുടനെ ഞാൻ പേഴ്സ് മേശപ്പുറത്തേക്ക് ഒരേറു വച്ചു കൊടുത്തു. “എന്നാൽ പിന്നെ നിനക്കങ്ങോട്ട് മിണ്ടാൻ പാടില്ലായിരുന്നോ?” കെട്ട്യോൻ ചോദിച്ചത് കേട്ട് ഞാൻ അങ്ങേരെ ദഹിപ്പിച്ചു നോക്കി. “പിന്നേയ്… എന്റെ പട്ടി മിണ്ടും. എന്നാലും അവളുടെയൊരു തൊലിക്കട്ടി! ദിവസോം ദിവസോം ഫേസ് ബുക്കിൽ ഫോട്ടോ മാറ്റി മാറ്റി ഇടുന്നു” “നീയും ഇട്ടോ…” “ഉം… ഈ തടിയും കരിമങ്ങല്യം പിടിച്ച മോന്തയും വച്ച് ഇനി ഞാൻ ഫോട്ടോ ഇടാത്ത കുഴപ്പമേയുള്ളൂ. അല്ലെങ്കിലും അവള് വെല്യ ജോലിക്കാരി അല്ലേ. അവൾക്ക് കിട്ടണ പൈസക്ക് അണിഞ്ഞൊരുങ്ങി നടന്നാൽ മതിയല്ലോ. ഞാൻ ഈ അടുക്കളേൽ കിടന്നു ചാകും ” “നിനക്കും വാങ്ങാമായിരുന്നല്ലോ ജോലി. ഇനി ആയാലും മതി ” “എനിക്കെങ്ങും പറ്റില്ലാ.. അവളെപോലെ വീട്ടീന്ന് മാറി നിന്നും ഉറക്കം കളഞ്ഞുമൊന്നും പഠിക്കാൻ. പിന്നെ വീട്ടിലെ പണീം ജോലീം കൂടി…. എനിക്ക് മടിയാണ്.അവൾക്ക് എല്ലാത്തിനും…
“ആ പെണ്ണ് ഏതാണ്?” നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കവലയിൽ ബസിറങ്ങി റോഡിന്റെ ഓരം ചേർന്നു അവൾ നടക്കുമ്പോൾ പിന്നിൽ ദാമുവേട്ടന്റെ ചായക്കടയിലിരുന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു. “അത് ആ കുഞ്ഞർമാനിക്കാടെ മൂത്ത പെണ്ണാണ്.” “ഓ.. ഇവളീ നേരം വെളുക്കണേനും മുന്നേ എങ്ങോട്ട് പോയി വരുന്നു?” “അവള് നഴ്സിംഗിനല്ലയോ പഠിച്ചത്. കഴിഞ്ഞയാഴ്ച പട്ടണത്തിലെ പ്രൈവറ്റ് ആസ്പത്രീല് ഉദ്യോഗത്തിന് കേറി. രാത്രി ജോലിയും കഴിഞ്ഞ് പോകണ പോക്കാണ്!” “ഓ… ഈ പ്രായം വന്ന പെൺപിള്ളേരെയൊക്കെ രാത്രി പറഞ്ഞ് വിട്ടിട്ട് വീട്ടിലിരിക്കുന്ന തന്തേനേം തള്ളേനേം പറഞ്ഞാൽ മതിയല്ലോ!” “അഷ്ടിക്കു വകയില്ല ല്ലോ, പിന്നെന്തു ചെയ്യും?” രാവിലേ എട്ടുമണി നേരത്ത് കടയിലിരുന്ന് ചായയോടൊപ്പം പത്ര വായനേം അല്ലറ ചില്ലറ ഏഷണീം പരദൂഷണോം പറഞ്ഞു കൊണ്ടിരിക്കുന്ന സദസ്സിനിടയിലേക്ക് അവർ പറഞ്ഞ സംസാരം പാതിയും കേട്ടു കൊണ്ടാണ് ഞാൻ കടന്നു ചെന്നത്. വെറും ഇരുപത്തിരണ്ടു വയസ്സ് പ്രായമുള്ള അവളെ തല നരച്ച അവരിൽ പലരും നോക്കുന്നത് കണ്ട് ഞാൻ അമ്പരന്നു പോയി.…
എന്തോരമെന്തോരം സ്വപ്നങ്ങളും പരാതികളും വേദനകളും വേവലാതികളും പിന്നെ നാളെ എന്ന പ്രതീക്ഷകളും ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുമാണ് ഒലിച്ചുപോയത്… മാംസം മണക്കുന്ന, ഇരുൾ മാത്രം പടർന്ന മൂന്ന് പകലിരുവുകൾക്കിപ്പുറവും എന്തെന്നും ഏതെന്നുമറിയാതെ വിറങ്ങലിച്ചു നിൽക്കുന്നവർ എന്നെപ്പോലെ മാംസവും മജ്ജയും ഉള്ളവരാണെന്നോർക്കുന്ന നേരം മുഴുവൻ ഇനിയവരെങ്ങനെ ജീവിതം തുന്നി കൂട്ടുമെന്നോർത്തു ഞാൻ അങ്കലാപ്പിലാകുന്നു… ഇനിയുമെത്ര രാവുകൾ വെളുക്കണം അവരീ ചേറ്റുമണം മണക്കുന്ന, ഉരുൾ തകർത്ത ശരീരഗന്ധങ്ങൾ മറന്നൊന്നു കണ്ണൊന്നടക്കുവാൻ എന്നോർക്കുമ്പോഴൊക്കെയും ദിക്കറിയാത്ത മഴ ഇരമ്പലിൽ ഞാനും നൊന്തു പോകുന്നുണ്ട്…
