27 വർഷവും 29ദിവസവും മുൻപുള്ള ഒരു തണുത്ത പ്രഭാതം. എന്റെ വിവാഹദിനം.
അന്നൊക്കെ ഏപ്രിൽ മാസത്തിലും രാവിലെ തണുപ്പുണ്ടായിരുന്നു. അന്നത്തെ രാത്രി മഴ പെയ്തിരുന്നു. വേനൽമഴ ഒക്കെ ധാരാളം കിട്ടിയിരുന്ന കാലം.
കാലത്ത് അഞ്ചു മണിക്ക് വീടിന്റെ അടുത്തുള്ള അമ്പലത്തിൽ പോയി തൊഴുത ഏക ദിവസം അന്നായിരുന്നു. കാരണം അഞ്ചു മണി കഴിയുമ്പോഴേക്കും മേക്കപ്പ് ചെയ്യുന്ന ചേച്ചി വരാമെന്ന് പറഞ്ഞിരുന്നു.
താലികെട്ട് തറവാട്ട് വക ധർമ്മദൈവക്ഷേത്രത്തിൽ ആയിരുന്നു. അത് കഴിഞ്ഞ് കല്യാണം ഇരിഞ്ഞാലക്കുടസിന്ധു തീയേറ്ററിൽ. അന്ന് സിന്ധു കല്യാണമണ്ഡപം ആയിരുന്നു.
താലികെട്ടിന് ഒരു വേഷം, അത് കഴിഞ്ഞ് അടുത്ത വേഷം, ഈ വക ബുദ്ധിമുട്ടുകൾ ഒന്നും അന്നില്ലായിരുന്നത് ഭാഗ്യം. ഒറ്റ വേഷം കെട്ടൽ മതി. കല്യാണത്തിന് വരൻ കൈയിൽ തരുന്ന സാരി സദ്യക്ക് ശേഷം ഉടുത്ത് ഭർതൃഗൃഹത്തിലേക്ക് പോകും, അതിന് സ്പെഷ്യൽ മേക്കപ്പ് ഒന്നുമില്ല. അതുകഴിഞ്ഞ് വൈകീട്ട് തന്നെ സ്വന്തംവീട്ടിലേക്ക് പോരുകയും ചെയ്യും.
സത്യം പറഞ്ഞാൽ ഇപ്പോളത്തെ ഫോട്ടോ ഷൂട്ട് ഒക്കെ കാണുമ്പോൾ അസൂയ തോന്നും എങ്കിലും വധുവിന്റെ ഒറ്റദിവസത്തെ വേഷപ്പകർച്ചകൾ കാണുമ്പോൾ നമ്മുടെ സമയമാണ് നല്ലതെന്ന് തോന്നും. ഇന്നും ഓർക്കുമ്പോൾ മേക്കപ്പ് , സാരി, ആഭരണങ്ങൾ, മുടിക്കെട്ട് ഒന്നും ഒരു ഭാരമായി തോന്നിയിട്ടേ ഇല്ല. ഇപ്പോളത്തെ കുട്ടികൾ ഉച്ചയാകുമ്പോളെക്ക് ഫോട്ടോ ഷൂട്ടും മേക്കപ്പും ഒക്കെയായി ക്ഷീണിക്കുന്നത് കാണാം. എന്റെ വിവാഹദിനം ഞാൻ വളരെ ഫ്രഷും ഉന്മേഷവതിയും ആയിരുന്നതായാണ് ഓർമ്മ. സ്റ്റേജിൽ ഇരുന്ന് എന്റെ കൂട്ടുകാരെയും പഠിപ്പിച്ച സാർ& മിസ്സുമാരെയും ഒക്കെ കാണിച്ചു കൊടുത്തും സുഹൃത്തുക്കളെ അന്യോന്യം പരിചയപ്പെടുത്തിയും ഞങ്ങൾ ഇരുവരും ആകെ സന്തോഷഭരിതരായിരുന്ന ഒരു ദിവസം.
ഫോട്ടോ / വീഡിയോഗ്രാഫർ ആയി ശ്രീകുമാറിന്റെ സൈഡിൽ നിന്ന് വന്നത് ശ്രീകുമാറിന്റെ ആത്മാർത്ഥസുഹൃത്തും നാട്ടുകാരനുമായ മറ്റൊരു ശ്രീകുമാർ ആയിരുന്നു എന്നത് ഫോട്ടോഷൂട്ടും രസകരമാക്കി.
ഞങ്ങളുടെ വിവാഹം പെട്ടെന്ന് സെറ്റ് ആയ ഒരു പരിപാടി ആയിരുന്നു. പെണ്ണ് കാണലിന്റെ പിന്നത്തെ ആഴ്ച വിവാഹനിശ്ചയം, പിന്നത്തെ ആഴ്ച കല്യാണം. കല്യാണം കഴിഞ്ഞ് പതിനാറാം ദിവസം, ഏപ്രിൽ 18 ന് ആള് പെട്ടിയും പാക്ക് ചെയ്ത് പോവുകയും ചെയ്തു, ഞാൻ ബി എഡ് പഠിക്കാൻ ഒറ്റപ്പാലം എന്ന നയനമനോഹരമായസ്ഥലത്തേക്കും പോയി.
കല്യാണതിയതി നിശ്ചയിക്കുമ്പോൾ എന്റെ ഒരു ചേച്ചി ചിക്കൻ പോക്സ് വന്ന് കൽക്കട്ടയിൽ കിടപ്പിൽ, ചേട്ടൻ അബുദാബിയിൽ. ഞാനും മൂത്ത ചേച്ചിയും കൂടി കല്യാണ നിശ്ചയത്തിനുടുക്കാനുള്ള സാരി തൊട്ടടുത്ത ടൗണിൽ നിന്ന് തന്നെ വാങ്ങാൻ പോയത് ഇപ്പോഴും ഓർക്കുന്നു. ഒന്നിനും സമയവും ആളും ഇല്ലല്ലോ.
കല്യാണത്തിന് മുൻപേ ചിക്കൻപോക്സുകാരിയും കുടുംബവും എത്തി. പക്ഷെ ചേട്ടന് ലീവ് ഇല്ല, വരുന്നില്ല എന്ന്അറിയിച്ചു. കല്യാണത്തിന്റെ 2 ദിവസം മുൻപ് പകൽ അച്ഛൻ ചേട്ടനോട് കാര്യങ്ങളൊക്കെ ഒന്ന് വിളിച്ചുപറയാമെന്ന് പറഞ്ഞ് ബൂത്തിലേക്ക് പോയി തിരിച്ചു വന്നത് ഒരു കള്ള ചിരിയുമായി ആയിരുന്നു. ഓഫീസിലേക്ക് വിളിച്ചപ്പോൾ ചേട്ടൻ നാട്ടിലേക്ക് പോന്നിരിക്കുന്നു എന്ന ന്യൂസ് കിട്ടി. ചേട്ടന്റെ ഒരു മണ്ടൻ കൂട്ടുകാരൻ ഒപ്പിച്ച പണിയാണ്. എപ്പോൾ എത്തും എന്നൊന്നും അറിയില്ല, പോന്നിട്ടുണ്ട് എന്നറിയാം.
രാത്രിയായി, ആളെ കാണുന്നില്ല. മൊബൈൽ പോയിട്ട് വീട്ടിൽ ലാൻഡ്ഫോൺ പോലും ഇല്ലാത്ത കാലം. രാത്രി 2 മണി ആയിക്കാണും. കാളിങ് ബെൽ കേട്ടതും എല്ലാവരും ചാടിയെണീറ്റു. അറിയാം ആരാണെന്ന്, എന്നാലുംആളെ നിരാശനാക്കാതിരിക്കാൻ എല്ലാവരും ഗംഭീരമായി അഭിനയിച്ചു. പിന്നീടാണ് കൂട്ടുകാരൻ ചതിച്ച കഥ അച്ഛൻ വെളിപ്പെടുത്തിയത്.
ഇന്നത്തെ സർപ്രൈസ് വരവ് റീലുകൾ കാണുമ്പോൾ ഞാൻ 27 വര്ഷം മുൻപത്തെ ആ സർപ്രൈസ് വരവ് ആണ്ഓർക്കാറ്.
അന്നത്തെ രാത്രി പിന്നെ ആരും ഉറങ്ങിയില്ല. അവസാനനിമിഷത്തിൽ ലീവ് എടുത്ത് മറ്റൊരുകൂട്ടുകാരനോടൊത്ത് തിരുവനന്തപുരം എയർപോർട്ടിൽ വന്നതും അവിടെ നിന്ന് ബസിലും ഓട്ടോയിലും ആയിഅലഞ്ഞ് തിരിഞ്ഞ് വീട്ടിലെത്തിയതും ഒക്കെ പറഞ്ഞിരുന്ന് നേരം വെളുത്തത് അറിഞ്ഞില്ല.
ഇനിയും കുറെ ഓർമ്മകൾ ഉണ്ട്, ഞങ്ങളുടെ കല്യാണത്തിനോടനുബന്ധിച്ച്. മധുരതരമായ സ്മരണകൾ ആരും മറക്കില്ലല്ലോ.
അതൊക്കെയുമായി വീണ്ടും വരാം..
1 Comment
നന്നായിരിക്കുന്നു💜
ഇതൊക്കെ വായിച്ചേപ്പോൾ എൻ്റെ കല്യാണ വിശേഷങ്ങൾ എഴുതാൻ തോന്നുന്നു❤️