പുതുമണ്ണിന്റെ കൊതിപ്പിയ്ക്കുന്ന ഗന്ധം പരത്തി തുള്ളിയിട്ട പുതുമഴ നനഞ്ഞു തുടങ്ങുമ്പോഴേക്കും പുറകേയെത്തുന്ന അമ്മയുടെ ശകാരവർഷത്തിൽ നിന്നും രക്ഷപ്പെടാൻ മനസ്സില്ലാ മനസ്സോടെ ഇളന്തിണ്ണയിലേക്കോടികയറും. ഇച്ഛാഭംഗത്തോടെ മഴയെ നോക്കി നിൽക്കുന്നിതാനിടയിൽ പുറകിലേക്കൊന്ന് കണ്ണുപായിക്കുന്ന നേരം കാണാം… കപട ദേഷ്യത്തിൽ നിൽക്കുന്ന പോരാളിയെ… ഓടിച്ചെന്നു കെട്ടിപ്പിടിച്ച് നനവ് മുഴുവൻ അമ്മമണമുള്ള സാരിയിലേക്ക് പകരുമ്പോൾ കിട്ടുന്ന കുഞ്ഞിത്തല്ലുകളിലൊളിഞ്ഞിരിക്കുന്ന വാത്സല്യമാസ്വാദിക്കുന്നതിനിടയിലൂടെ മുറ്റത്തേക്ക് വീണ്ടും നോട്ടമെറിയുമ്പോൾ.. വേനൽച്ചൂട്, ആവിയായുർന്നുപൊങ്ങി അവിടമാകെ നേർത്തൊരു മഞ്ഞുപടലം തീർത്തിട്ടുണ്ടാകും. അതിനുള്ളിലൂടെ മഴത്തുള്ളികൾ ഉതിർന്നു വീഴുന്ന മനോഹരമായ മഴക്കാഴ്ച… കളിച്ചൂടിൽ മുങ്ങി നിൽക്കുമ്പോൾ ആർത്ത് വരുന്ന മഴസ്വരം കേട്ട് മഴയെ തോൽപ്പിക്കാനായി കുട്ടിപ്പട്ടാളം ചന്നം പിന്നം ചിതറിയോടി ഒരു തുള്ളി മേല് വീഴ്ത്താതെ തൊട്ടടുത്ത മരച്ചോലയിലേക്കോ വീടുകളിലേക്കോ ഓടി കയറുന്ന നിമിഷം തന്നെ കടന്ന് പോകുന്ന മഴയെനോക്കി വിജയാരവം മുഴക്കാനും മാത്രം നിഷ്കളങ്കമായ മനസ്സ് സ്വന്തമായിരുന്ന നാളുകൾ… പുതുമണ്ണിന്റെയും വേലിയിറമ്പിൽ നിൽക്കുന്ന പ്ലാവിൽ പടർന്നു കയറിയ മുല്ല പൂത്തതിന്റേയും ഇടകലർന്ന ഗന്ധം നിറഞ്ഞു നിൽക്കുന്ന ഈറനുടുത്ത സന്ധ്യകൾ… മഴയോർമ്മകൾ അവസാനിക്കുന്നില്ല…