മഴ… അവൾക്ക് ഇത്രയുയും ഭംഗിയുണ്ടോ… ശൃംഗാരത്തിൽ തുടങ്ങി രൗദ്ര ഭാവം വരെ
അവളെ വരവേൽക്കാൻ ഞാൻ വീട്ടിൽ അകത്തളം ഒരുക്കി.
എന്നെ അവൾ നിരാശപ്പെടുത്തിയില്ല…
വീട്ടിലെ മാവിലെ ഇലകളെയും ചെമ്പരത്തിപ്പൂക്കളെയും ഇക്കിളിപ്പെടുത്തി അവളുടെ ജലകണങ്ങൾ അവയ്ക്കുമേൽ ചൊരിഞ്ഞു.
അവളുടെ ചലപില ശബ്ദമാണെന്നെ ഉണർത്തിയത്.
പുതുമഴയെ വാരിപുണർന്ന ഭൂമി, അവളുടെ മുഖപടമാകും മണ്ണിന്റെ പുതുമണം ചുരത്തി.
ആ സുഗന്ധത്തിന്റെ മാസ്മരികത എന്റെ പ്രണയത്തിനു ചിറകുകളെയേകി.
മാച്ചോടിന്റെ നെറുകയിൽ തട്ടിതെറിച്ചു വീടിന്റെ അകത്തളത്തിൽ ചിതറിവീണ അവളുടെ ജലകണങ്ങൾ മനസിനെ കുളിർമയേകി.
എന്റെ ഏറുമാടത്തിൽ ഇരുന്നു ഒരു കട്ടൻചായയും നുകർന്ന് ഗന്ധർവ സംഗീതവും ആസ്വദിച്ചു പച്ചപ്പ് നിറഞ്ഞ ആ കുളത്തിലോട്ട് നോക്കി മഴ നുകരാൻ എന്ത് രസമാണ്.
അപ്പോഴാണ് പിന്നാമ്പുറത്തെ രാഘവേട്ടനെ കണ്ടത്.
തന്റെ വീടിനുള്ളിൽ ഈ മഴ വീണാൽ ചോരുന്ന മേൽക്കൂര, ടാർപോളിൻ കൊണ്ട് മൂടുന്ന തത്രപ്പാടിലാണ്.
എന്തോരു വിരോധാഭാസം …
*–ഉണ്ണികൃഷ്ണ.എസ്.ആർ—*