കരിസ്മ… ദൈവം തന്ന വര പ്രസാദം..
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലല്ലേ എല്ലാം ഇരിക്കുന്നത്!! അല്ലെങ്കിൽ പിന്നെ കുഞ്ഞുങ്ങൾക്ക് പേര് കണ്ടുപിടിക്കുന്നതിന് അച്ഛനമ്മമാർ ഇത്ര വേവലാതിപ്പെടുന്നത് എന്തിന്? സമയവും ശ്രമവും നിക്ഷേപിക്കുന്നത് എന്തിന്?
എന്തെങ്കിലുമൊക്കെ വിളിച്ചാൽ അത് നമ്മുടെ കുട്ടികൾ ആവില്ല എന്ന ബോധ്യം കൊണ്ട് തന്നെ.
ഗർഭധാരണത്തിന് പദ്ധതിയിടുമ്പോൾ തന്നെ പേരിടീലിനെക്കുറിച്ചും ഭാവി അച്ഛനും അമ്മയും പരതിത്തുടങ്ങും. ആണാണെങ്കിൽ ഇന്ന പേര് പെണ്ണാണെങ്കിൽ ഇന്നത്. പേര് തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും പരിഗണിക്കപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത് അത് മാതാപിതാക്കളുടെ മനസ്സിനോട് ചേർന്നതാവണം എന്നതാണ്. എന്റെ അമ്മു,നിന്റെ തുളസി,അവരുടെ ചക്കി എന്നൊക്കെ പറയുന്നതുപോലെ, വിളിക്കുന്നത് എന്തായാലും അതിൽ വാത്സല്യം ഊറണം. അത് must ആണ്.
പിന്നെ അതിന് അർത്ഥം ഉണ്ടായിരിക്കണം.
അത് വായിൽ കൊള്ളുന്നതായിരിക്കണം, ഇരട്ടപ്പേരിനുള്ള സാധ്യത കുറവായിരിക്കണം.. അങ്ങനെയങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ.
ഇന്നത്തെ കാലത്ത് പ്രാധാന്യം കൈവന്നിട്ടുള്ള മറ്റൊരു ഘടകമാണ് ഇംഗ്ലീഷ് അക്ഷരമാല വെച്ചളക്കുമ്പോൾ പേര് ഒത്തിരി പിന്നിലായി പോകരുത് എന്നത്.മത്സരപ്പരീക്ഷകൾക്കും മറ്റും അപേക്ഷിക്കുമ്പോൾ പരീക്ഷാ കേന്ദ്രം അങ്ങ് ദൂരെ ആവാതിരിക്കാനുള്ള ട്രിക്ക്.എല്ലാവരും ഒരുപോലെ ചിന്തിക്കുന്നിടത്ത് ക്ലാസിൽ അവസാനത്തെ കുട്ടിയുടെ പേരുംA യിൽ തന്നെ തുടങ്ങിയാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ലെന്ന് സാരം!!
അച്ഛന്റെ യും അമ്മയുടെയും പേരിലെ അക്ഷരങ്ങൾ തിരിച്ചും മറിച്ചും ഇട്ട് ഒരു വീട്ടിലെ എല്ലാ കുട്ടികളുടെയും പേര് ഒപ്പിക്കുന്നതും അത്ര വിരളമല്ല കേട്ടോ. ഗ്രിഗർ മെൻഡലിന്റെ സിദ്ധാന്തം പോലെ അച്ഛന്റെ പേരിന്റെ ഓരോ അക്ഷരവും അമ്മയുടെ പേരിലെ ഓരോ അക്ഷരവുമായി ചേർന്ന് ഒരു നൂറായിരം സാധ്യതകൾ!! ഉദാഹരണം-സിൽവിയും സോളിയും ചേർന്നാൽ സീസോയ്ക്കും സോൽവിക്കും ലിസിക്കും വിളിക്കും ഒക്കെ സാധ്യത തെളിയുന്നു. ഏതായാലും ഞങ്ങളുടെ കമ്പനി അതായത് silvy n soly associates അങ്ങനെയൊരു സാധ്യതയ്ക്ക് മുതിർന്നില്ല.
ഞങ്ങളുടെ ആദ്യത്തെ മകളുടെ പേര് കരിസ്മ എന്നാണ്. ആ പേരിനുപിന്നിലെ കഥയാണ് ഞാനിന്നിവിടെ കുറിക്കുന്നത്.
ഞാൻ നഴ്സിംഗ് പഠിക്കുന്ന കാലം. ഞങ്ങളുടെ ആശുപത്രിയിൽ anaesthetist ആയി ജോലി ചെയ്തിരുന്ന ഒരു മലയാളി ഡോക്ടർ ഉണ്ടായിരുന്നു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. കുലീനമായ പെരുമാറ്റം.സൗഹൃദം തുളുമ്പുന്ന മുഖം. പക്ഷേ എന്നെ ഏറ്റവും അധികം ആകർഷിച്ചത് അവരുടെ പേരായിരുന്നു. സ്മൃതി. അതായിരുന്നു അവരുടെ പേര്. ഗതകാലങ്ങളെ ഗൃഹാതുരതയിൽ കൊരുത്ത് മനസ്സിനെ ഒരു ശാന്ത തീരത്തേക്ക് സ്വച്ഛന്ദം നയിക്കുന്ന പേര്. ഒരു ലിഫ്റ്റിൽ വച്ചാണ് ഞാൻ അവരെ ആദ്യമായി കാണുന്നതും പേരറിയുന്നതും. ആ ലിഫ്റ്റ് യാ ത്ര അവസാനിക്കുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിൽ മനോജ്ഞ ലിപികളിൽ ഞാൻ കോറിയിട്ടു-സ്മൃതി.. അതായിരിക്കും എന്നെങ്കിലും ഒരിക്കൽ എനിക്ക് പിറക്കാൻ പോകുന്ന മകളുടെ പേര്!!
കാലം കിതച്ചും കുതിച്ചും മുന്നോട്ടു നീങ്ങി. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷമാണ് ഞാൻ, ഒരു കുഞ്ഞുടലിന് എന്റെ ഇമ്മിണി വലിയ ഉടൽ ഗർഭഗേഹം ആക്കിയത്. അവൾ പെണ്ണാണെന്ന് അറിഞ്ഞതേ ഞാൻ അവളെ പേര് ചൊല്ലി വിളിച്ചു.. സ്മൃതി.. അവൾ വിളി കേട്ടോ ആവോ! എനിക്ക് നിശ്ചയം ഇല്ല. കാരണം അത് അവൾക്കുള്ള പേരല്ലായിരുന്നു!!!
കണവന് ആദ്യം തന്നെ ആ പേരിനോട് ഒരു മമത തോന്നിയില്ല.ആൾ അതുകൊണ്ടുതന്നെ അത്ര എക്സൈറ്റഡും ആയിരുന്നില്ല. എങ്കിലും എന്റെ സ്വകാര്യതയിൽ ഞാൻ അവളെ സ്മൃതി എന്ന് വിളിച്ചു പോന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ഗർഭധാരണത്തിന്റെ ആറാം മാസത്തിൽ ഞങ്ങളുടെ പള്ളിയിലെ വാർഷിക ധ്യാനം വരുന്നത്.വിശുദ്ധിയിലേക്ക് ചേർത്തു നിർത്തുന്ന ഏത് ആത്മീയ അഭ്യാസവും ഗർഭാവസ്ഥയിൽ നമുക്ക് കാമ്യമാണല്ലോ.
ആ ധ്യാനം എനിക്ക് നല്ലൊരു ആത്മീയ അനുഭവമായിരുന്നു.ധ്യാനത്തിന്റെ മൂന്നാം ദിവസം അച്ചൻ കൂദാശകളെ കുറിച്ചാണ് ക്ലാസെടുത്തത്.മാമോദിസ, കുർബാന, വിവാഹം അടക്കം ഏഴ് കൂദാശകളാണ് ഞങ്ങൾ കത്തോലിക്കർക്ക് ഉള്ളത്.
“അദൃശ്യമായ ദൈവിക വരപ്രസാദത്തെ നമ്മിലേക്ക് ഒഴുക്കുന്ന ദൃശ്യമായ അടയാളങ്ങളാണ് കൂദാശകൾ. ഇംഗ്ലീഷിൽ പറഞ്ഞാൽ കാരിസം അഥവാ കരിസ്മ നമുക്ക് പകരുന്ന അനുഷ്ഠാനങ്ങൾ…”
അൾത്താരയിൽ നിന്ന് അച്ചന്റെ നാവിൽ നിന്ന് വാഗ്ധോരണി ഇങ്ങനെ ഒഴുകുകയാണ്. ഇങ്ങു ദൂരെ പള്ളിയുടെ വാതിൽപ്പടിയിൽ ഇരുന്ന എന്നെ പെട്ടെന്ന് എന്തോ സ്പർശിച്ചതുപോലെ..’കരിസ്മ’.. ആ വാക്കു മാത്രമേ ഞാൻ കേട്ടുള്ളൂ. അൾത്താരയിൽ നിന്ന് ദൈവം നേരിട്ട് എന്നോട് പറയുന്നതുപോലെ.. ” കരിസ്മ, അതാണ് നിന്റെ ഉണ്ണിയുടെ പേര് “..ആ വെളിപാടിൽ എന്തോ ഒരു ആനന്ദമൂർച്ഛ ഞാൻ അനുഭവിച്ചു.. സ്മൃതി എന്ന പേര് എന്റ സ്മൃതിപഥത്തിലെ ഏതോ ഒരു അടുക്കിൽ കയറി ഒളിച്ചു!!
അന്നുമുതൽ എന്റെ മകൾ കരിസ്മ(Charisma )യാണ്. ദൈവം തന്ന വര പ്രസാദം..
ഇവിടെ മറ്റു പലരും പറഞ്ഞതുപോലെ ആ പേര് അവൾക്ക് നൽകുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ചരിസ്മ, ചൈസമ്മ,കരിഷ്മ… ഇന്നും അവളെ കരിസ്മ എന്ന് വിളിക്കുന്നത് നൂറിൽ അഞ്ചു പേർ മാത്രമാവും. എങ്കിലും അവൾ (ഞങ്ങളും) അവളുടെ പേരിനെ സ്നേഹിക്കുന്നു..അതിൽ അഭിമാനിക്കുന്നു.
8 Comments
സാബീ ❤️❤️❤️❤️
കരിസ്മ… Beautiful write up about a meaningful name.
👌👏
ജോയ്സ് 😘😘😘😘
നല്ല പേർ ❤️
Jasna❤️❤️
കരിസ്മ💞💞💞😘😘😘
കൊച്ചേ ❤️👌❤️❤️❤️
ദൈവം തെന്ന വര പ്രസാദം എന്നും നിങ്ങൾക്ക് പ്രസാദം തന്നെ ആവട്ടെ. എഴുത്ത് സൂപ്പർ