“എടാ മഹേഷെ, ഒന്ന് ഇറങ്ങി വന്നേടാ”
കുഞ്ഞമ്മ ഓടികിതച്ച് വരുന്ന കണ്ട് മഹേഷ് കിടക്കപ്പായിന്നു ചാടിയെണീറ്റു.
“എടാ ഞാൻ സൊസൈറ്റിയിൽ പാല് കൊടുത്തിട്ട് വരുന്ന വഴി നോക്കുമ്പോ രണ്ടു പിള്ളേർ പാഞ്ഞ് പോണ കണ്ടൂ. ഇവിടെ എത്തിയപ്പോ ദേ അവന്മാര് തിരിച്ച് വരുന്നു. ഇവിടെങ്ങും ഉള്ള പിള്ളേരല്ല കണ്ടിട്ട്…. മാല പൊട്ടിക്കുന്ന പിള്ളേര് ടൗണിൽ ഇറങ്ങിയിട്ടുണ്ടെന്ന് സുമതിടെ കെട്ടിയോൻ കഴിഞ്ഞ ദിവസം പറഞ്ഞതാ…” കുഞ്ഞമ്മ നിർത്താൻ ഭാവമില്ലെന്ന് കണ്ടതോടെ മഹേഷ് ഇടപെട്ടു.
“അതിന് അവന്മാര് മാല പൊട്ടിക്കാൻ വന്നതാണെന്ന് ആരാ പറഞ്ഞേ…അങ്ങനെ തോന്നാൻ എന്താ കാരണം”
“ഇവിടങ്ങും ഉള്ള ചെക്കൻമാരല്ല, പിന്നെ 2 പേരും ഹെൽമറ്റ് വെച്ചിരിക്കുന്നു”
“എൻ്റെ കുഞ്ഞമ്മേ, ഹെൽമറ്റ് ഒക്കെ ഇപ്പൊ 2 പേരും ധരിക്കണം, നിയമമാണ്. ഇല്ലേൽ പോലീസ് പിടിക്കും”
“ഒന്ന് പോയെടാ നമ്മുടെ ഈ പഞ്ചായത്തിൽ ഞാനൊരാളെ പോലും കണ്ടിട്ടില്ല, പുറകിൽ ഹെൽമറ്റും വെച്ച് പോകുന്നെ… അവന്മാര് മാല പറിക്കാൻ വന്നവമ്മാര് തന്നെയാ.. രണ്ടേകാൽ പവൻ്റെ മാലയാ… പോയാ വാസുവേട്ടൻ എന്നെ വച്ചേക്കുവേല. മോൻ ആ ഉടുപ്പിട്ടൊണ്ട് വാ, എന്നെ അത്രടം ഒന്ന് കൊണ്ടാക്ക്”
ഞായറാഴ്ച രാവിലെ ഉറക്കം പോയ മഹേഷ് മനസ്സിൽ വിളിച്ച തെറിയിൽ സുമതീടെ ഭർത്താവ് ആഞ്ഞൊന്ന് തുമ്മി… ചെരുപ്പിട്ട് ഇറങ്ങുന്ന വഴി അമ്മയോട് മഹേഷ് വിളിച്ച് പറഞ്ഞു.
“ചായ ഇപ്പൊ എടുക്കേണ്ട, വന്നിട്ട് ഒന്നൂടെ ഉറങ്ങണം”
“അല്ല കുഞ്ഞമ്മയ്ക്ക്, ഇത്ര പേടിയാണേൽ ഈ സ്വർണം ഇടാതെ പോയാ പോരെ… താലി മാത്രം ഊരി, വല്ല റോൾഡ് ഗോൾഡിലും കോർത്ത് നടന്നൂടെ”
“എടാ അത് നീ ഒരു പെണ്ണൊക്കെ കെട്ടി കഴിയുമ്പോ മനസ്സിലാവും. പെണ്ണിന് സ്വർണം ഐശ്വര്യാണ്. അങ്ങനെ സ്വർണ്ണം അണിഞ്ഞ് നടക്കാൻ പറ്റണത് ഒരു സൗഭാഗ്യവും. എല്ലാവർക്കും അത് കിട്ടണമെന്നില്ല… കാണുന്നിടത്തും കാണാത്തിടത്തും ഒക്കെ സ്വർണം അണിഞ്ഞാൽ പെണ്ണിന് ശരിക്കും ഒരു അഴകാണ്.”
കുഞ്ഞമ്മേടെ സ്വർണപുരാണം കേട്ട് വീടെത്തി.
“നീ ഇരി, ഞാൻ ചായേം പഴോം എടുക്കാം”
മഹേഷ് രാവിലത്തെ മാതൃഭൂമി തുറന്നു.
“കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് അറസ്റ്റിൽ. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടിച്ചെടുത്തത്”
കുഞ്ഞമ്മ പറഞ്ഞ പോലെ അഴക് വല്ലാണ്ട് കൂടി പോയല്ലോ എന്ന് മഹേഷ് ഓർത്തു. സ്വർണം എങ്ങനെ “പിടിച്ചെടുത്തു” എന്ന് കൂടി വായിച്ചപ്പോൾ
“കുഞ്ഞമ്മേ ചായ മതി, പഴം വേണ്ട, രാവിലെ പഴം ശരിയാവില്ല” എന്നും പറഞ്ഞ് ചായയും കുടിച്ച് മഹേഷ് വേഗമിറങ്ങി.