കയ്യിൽ തന്ന നിലവിളക്കിന്റെ തിരിനാളത്തിൽ മാത്രമായിരുന്നു വലതുകാൽ വെച്ച് അകത്ത് കയറുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും.
പല സിനിമകളിലും കണ്ട് ഭയന്നിരുന്ന ആ രംഗമാണ് ഇപ്പൊ താനും അനുഭവിക്കുന്നത് എന്നോർത്ത് അവളുടെ ഉള്ള് കിടുങ്ങിക്കൊണ്ടിരുന്നു.
ഒരു ചെറു കാറ്റ് പോലും കടന്ന് വന്ന് രംഗം കലുഷിതമാക്കാതിരുന്നിരുന്നെങ്കിൽ.
മനസ്സ് അറിഞ്ഞിട്ടോ എന്തോ ഭയന്നത് പോലെ ഒന്നും അവിടെ സംഭവിച്ചില്ല.
വിളക്ക് ആരോ ചൂണ്ടിക്കാട്ടിയ ഇടത്ത് വെച്ച് കൈ കൂപ്പി പ്രാർത്ഥിച്ചു.
ഒരു പുതിയ ജീവിതത്തിലേയ്ക്കുള്ള തുടക്കമാണ്. മിന്നിച്ചേക്കണേ…
പിന്നെ, തിടുക്കത്തിൽ കയ്യിൽ നിറഞ്ഞു കിടന്ന സ്വർണ്ണ വളകളിൽ നിന്ന് ഒരെണ്ണം ഊരി അമ്മായിയമ്മയുടെ കയ്യിൽ ഇട്ടുകൊടുക്കുമ്പോഴാണ് അറിയാതെ ശ്രദ്ധിച്ചത്.
ദൈവമേ ! കല്യാണ പന്തലിൽ വെച്ച് ഇളയമ്മ ഇട്ട് തന്ന വളയായിരുന്നല്ലോ അത് !
ഇനി ഇളയമ്മ ചോദിച്ചാൽ എന്ത് പറയും ?
അമ്മായിയമ്മയ്ക്ക് കൊടുക്കാൻ വീതി കുറഞ്ഞത് ഒരെണ്ണം പ്രത്യേകം വാങ്ങിച്ചിരുന്നു.
അത് ആകട്ടെ പറ്റിച്ചേ എന്ന മട്ടിൽ തന്റെ കൈയിൽ കിടന്നു ഇളിച്ചു കാട്ടുന്നുണ്ട് !
കൂടുതൽ ആലോചിക്കാൻ സമയം കിട്ടിയില്ല.
അതിന് മുമ്പ് ആരൊക്കെയോ വായിലേയ്ക്ക് പാലും പഴവും കോരി ഒഴിച്ച് തുടങ്ങിയിരുന്നു.
“ഇപ്പോഴേ ഈ കുടിപ്പീരൊക്കെ ഉണ്ടാവൂ. അതോണ്ട് ശരിക്കും വാ പൊളിച്ചോ”
ആരോ തട്ടി വിട്ട കോമഡി കേട്ട് ചിരിക്കാൻ പോയില്ല, വായിൽ കിടക്കുന്നത് ചില്ലറക്കാരനല്ല!
അതെ! ഇന്ന് ഒരു ദിവസത്തേയ്ക്ക് അല്ലെങ്കിൽ ഇനി മുതലങ്ങോട്ട് മറ്റുള്ളവരുടെ ചരട് വലികളിൽ ആടുന്ന വെറുമൊരു നൂൽ പാവ മാത്രമാണ് ഓരോ മണവാട്ടികളും !
പലരും മത്സരിപ്പിച്ച് വായിലൊഴിച്ചു തന്ന പാലും പഴവും കുടിച്ചു വയർ ഏതാണ്ട് നിറഞ്ഞിരുന്നു.
വീണ്ടും പല പോസുകളിൽ നിന്ന് ഫോട്ടോ എടുപ്പ്. രാവിലെ മുതൽ മുഖത്ത് ഫിറ്റ് ചെയ്തു വെച്ചിരുന്ന പുഞ്ചിരിയുടെ നീളം കുറഞ്ഞു തുടങ്ങിയിരിക്കുന്നു!
ഹാവൂ! ഇനി എങ്കിലും ഈ മേലാടകളെല്ലാം
ഒന്ന് ഊരിയെറിയണം.
വൈകിട്ട് വീട്ടിൽ നിന്ന് ബന്ധുക്കൾ ചെറുക്കൻ വീട് കാണാനും, വിരുന്നിന് ക്ഷണിക്കാനും വരുന്നുണ്ട്.
പ്രിയ, ഇപ്പൊ മേല് കഴുകാനൊന്നും നേരമില്ല കേട്ടോ. അവരൊക്കെ വന്നിട്ട് പോകട്ടെ.
കയ്യിൽ മാറി ഉടുക്കാൻ തന്ന ഡ്രസ്സിലേയ്ക്ക് അറിയാതെ ഒന്ന് നോക്കി.
ഒരു വെളുത്ത സാരിയിൽ ഇളം നീല ബോർഡർ.
അന്ന് കല്യാണ ബ്ലൗസിന് വേണ്ടി താൻ കൊടുത്ത അളവ് ബ്ലൗസ് !സാരിയും ബ്ലൗസും തമ്മിലാകട്ടെ ഒരു മാച്ചുമില്ല.
വിവാഹം കഴിഞ്ഞെത്തിയ പെണ്ണിന് ഉടുക്കാൻ നിറമുള്ള ഒരു സാരിയെങ്കിലും തരാമായിരുന്നു !
പിറ്റേന്ന് കുളിച്ചിട്ട് ഉടുക്കാനും കിട്ടിയത് അതെ നിറത്തിലുള്ള നൈറ്റികൾ.
വീട്ടിൽ ചുരിദാർ മാത്രം ഇട്ട് നടന്നവൾക്ക് വലിയ നൈറ്റി ഇടുപ്പിൽ വാരിക്കുത്തി നടക്കേണ്ടി വന്നു. താൻ പെട്ടെന്ന് ഒരു അന്യ സ്ത്രീ ആയത് പോലെ!
വിരുന്നിന് വീട്ടിൽ പോകുന്നതിന് മുൻപുള്ള ഒരു സന്ധ്യയിൽ ആണ് ഡ്രസ്സിന്റെ കാര്യത്തിലെ ചതിവ് അവൾ വീണ്ടും തിരിച്ചറിഞ്ഞത്.
വീട്ടിലുള്ള എല്ലാവർക്കും ഡ്രസ്സ് എടുക്കാൻ കടയിലേയ്ക്ക് പോകാൻ ഒരുങ്ങിയ പ്രിയ പരുങ്ങി നിന്നു. എന്ത് ഉടുത്തു കൊണ്ടു പോകും പുറത്തേയ്ക്ക്?
കല്യാണപ്പെണ്ണിനായി ഒരു നല്ല ഡ്രസ്സ് പോലും അവിടെ വാങ്ങി വെച്ചിട്ടില്ല എന്നത് അവളെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു.
മൂത്ത ചേട്ടത്തിയും രണ്ട് മൂന്ന് നാത്തൂൻമാരും അമ്മയും ഒക്കെയുള്ള ഒരു വീട്ടിൽ, മണവാട്ടിക്ക് കല്യാണ സാരി വാങ്ങാൻ പോയ അവസരത്തിൽ അവരൊക്കെ മത്സരിച്ചത് സ്വന്തമായി തുണിയെടുക്കുന്നതിലായിരുന്നു.
തങ്ങൾക്ക് വേണ്ടി ഒന്നിൽ കൂടുതൽ സാരികൾ എടുക്കുമ്പോൾ കല്യാണപ്പെണ്ണിന് തുണിയുടെ ആവശ്യം എന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കാൻ കൂടി ആ ഷോപ്പിംഗ് മാമാങ്കത്തിൽ അവർ മറന്നു പോയി. എന്തോ ഭാഗ്യത്തിന് മന്ത്രകോടിയും, സെക്കന്റ് സാരിയും വാങ്ങിച്ചു!
പാവം കല്യാണ ചെക്കനല്ലല്ലോ പെണ്ണിന് വേണ്ടുന്നതൊക്കെ തിരയുന്നത്.
അങ്ങനെ ‘തുണിയില്ലാത്ത’ പുതുപ്പെണ്ണ് വിളറി വെളുത്തു നിൽക്കുമ്പോൾ ഭർത്താവ് ഒരു സജഷൻ വെച്ചു.
കൂട്ടുകാരന്റെ പെങ്ങളുടെ ചുരിദാർ വാങ്ങിക്കൊണ്ട് വരാം.
“അയ്യേ! എനിക്കെങ്ങും വേണ്ട”
പ്രിയപ്പെട്ട പ്രിയ നിർദാക്ഷണ്യം ആ തീരുമാനത്തെ വലിച്ചു കീറി കാറ്റിൽ പറത്തി.
“എങ്കിൽ തൽക്കാലത്തേയ്ക്ക് പ്രിയ
എന്റെ ഈ സാരി ഉടുക്ക്”
ഒരു പഴയ പട്ടുസാരി നീട്ടിക്കൊണ്ട് ഒരു വലിയ ഔദാര്യം പോലെ ചേട്ടത്തിയമ്മ മൊഴിഞ്ഞു.
ഇനിയും നിരസിച്ചു കൊണ്ട് നിന്നാൽ ഒരു പക്ഷെ പിറ്റേന്നത്തെ വിരുന്ന് പോക്ക് തന്നെ ക്യാൻസൽ ആയേക്കുമോയെന്ന് പേടിച്ചു മനസ്സില്ലാമനസ്സോടെ സാരിയുമായി മുറിയിൽ കയറി.
തന്നെക്കാൾ ഇരട്ടി വണ്ണമുള്ള ആളുടെ വിശാലവും വിസ്തൃതവുമായ ബ്ലൗസിലേക്ക് നോക്കി മിഴിച്ചു നിൽക്കുമ്പോഴേയ്ക്കും അതിലേറെ ഹൃദയ വിശാലതയോടെ ഒരു സൂചിയും നൂലുമായി ആൾ എത്തിക്കഴിഞ്ഞു.
“വണ്ണം കൂടുതലായിരിക്കും കേട്ടോ, പെട്ടന്ന് ചെറുതായി ഒന്ന് തൈച്ചേക്ക്…”
അതെ! ഇനി അനുഭവിക്കാതെ തരമില്ലല്ലോ ?
കുത്തിയിരുന്ന് കയ്യും ഉടലുമൊക്കെ ആരോടൊക്കെയോ ഉള്ള പ്രതികാരം പോലെ അറഞ്ചം പുറഞ്ചം തയ്ച്ചു.
ഒടുവിൽ എല്ലാം ഫിറ്റ് ചെയ്തു പോകാനിറങ്ങുമ്പോൾ നേരം രാത്രി എട്ടര!
അങ്ങനെ പുതുപ്പെണ്ണ് ആദ്യമായി ഭർത്താവിനോടൊപ്പം റോട്ടിലേയ്ക്ക് അടയ്ക്കാത്ത കടയും തപ്പി അവളെക്കാൾ വലിയ സാരിയും ബ്ലൗസും ചുറ്റി ഇറങ്ങി !
-ശാലിനി
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
2 Comments
👌
നന്നായിട്ടെഴുതി. ഹൃദ്യം. ഇങ്ങനെയും അനുഭവങ്ങൾ ഉള്ളവർ ഉണ്ടാവുമല്ലോ. വിഷമമായി.👌😢💔