ഡിഗ്രി കഴിഞ്ഞു വെറുതെ നടക്കുന്ന സമയം. ഒരു ചായ കുടിക്കാൻ എന്താ വഴി എന്നാലോചിച്ച് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് അയൽക്കാരനായ ബാബു വന്ന് ചോദിച്ചത്.
“ടാ, എന്താ ഇവിടെ നിക്കണെ ?”
“ഒരു ചായ കുടിക്കാൻ എന്താ വഴിന്ന് ആലോചിച്ച് നിക്കാ.”
“ചായ മ്മക്ക് ശരിയാക്കാം ”
“ന്നാ ഒരു പത്ത് രൂപ താ ”
“മ്മക്ക് ഒരു സ്ഥലം വരെ പോയി വരാം.”
“അപ്പൊ ചായ?”
“സെറ്റാക്കാം ”
“എങ്ങടാ പോണ്ടേ?”
“പെണ്ണ് കാണാൻ ”
“അത് ശരി, പെണ്ണ് കെട്ടി സ്ത്രീധന കാശോണ്ട് ചായ കുടിച്ചോളാൻ ആണോ??”
“ടാ, പൊട്ടാ നിനക്കല്ല, എനിക്ക് പെണ്ണുകാണാൻ ആണ് ”
സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു.
പെണ്ണുകാണാൻ പോകുമ്പോൾ, നമ്മളെക്കാൾ ഭംഗി കുറഞ്ഞവരെ കൂടെ കൊണ്ടു പോകണം . അല്ലെങ്കിൽ നമ്മൾ തീരെ മങ്ങി പോവും എന്നാണല്ലോ.
അപ്പോ ഞാൻ കാണാൻ തീരെ പോരാ, അതു കൊണ്ടാണല്ലോ ഇവൻ എന്നെ കൂട്ട് വിളിച്ചത് എന്നായി അപ്പോൾ മനസ്സിൽ.
“വേറെ ആരൊക്കെ ഇണ്ട് ?”
“ഞാനും നീയും ബ്രോക്കറും”
“ന്നട്ട് ബ്രോക്കർ എവിടെ??”
“ഇപ്പോ വരും നീ ഡ്രസ്സ് മാറിട്ട് വാ…”
വീട്ടിലെത്തി അമ്മയോട് പെണ്ണു കാണാൻ പോവാന്ന് പറയല്ല തലേമേ തൊട്ടു തൊട്ടില്ല്യാന്ന പോലെ ഒരു നാളികേരം പാഞ്ഞു പോയി. ഒപ്പം അച്ഛന്റെ ശബ്ദത്തിൽ ഒരു അശരീരിയും.
“ഒരു പണിക്കും പോവാത്ത നിനക്ക് ചെലവിന് തരണതും പോരാഞ്ഞിട്ടാണോ നീ പെണ്ണുകെട്ടാൻ പോണത്?”
നോക്കിപ്പോ മിറ്റത്ത് നാളികേരം പൊതിച്ചോണ്ട് നിന്ന അച്ഛ പൊതിച്ചോണ്ടിരുന്ന നാളികേരം എന്റെ നേരെ എറിഞ്ഞിട്ടാണ് ആ ക്ളീഷേ ഡയലോഗ് പറഞ്ഞത്.
‘എനിക്കല്ല, ഈ നിലക്ക് പോയാൽ എനിക്കതിനു യോഗണ്ടാവുന്ന് തോന്നണില്ല്യ, അതിന് മുൻപ് എന്നെ നാളികേരം കൊണ്ട് എറിഞ്ഞു കൊല്ലുല്ലോ’ എന്ന് പറഞ്ഞു ഡ്രസ്സ് മാറി റോട്ടിൽ എത്തിയപ്പോ അവൻ ഒരു പത്തെഴുപത് വയസ്സായ സ്ത്രീയോട് വർത്തമാനം പറഞ്ഞു നിൽക്കുന്നു.
“ടാ ബ്രോക്കർ വന്നില്യേ??”
“ഇതാ ബ്രോക്കാറ്”
അടുത്ത് വന്ന ബസിൽ കയറി സ്റ്റോപ്പിൽ ഇറങ്ങി.
“കുറച്ചു നടക്കണം….”
“എത്ര?”
“റോഡിൽ കൂടെ ആണെങ്കിൽ ഒരു 20 മിനിറ്റ്”
“ന്നാ ഓട്ടോ വിളിച്ചാലോ ടാ?”
“എന്റല് കാശില്ല്യാ” ബാബു കൈ മലർത്തി
“അത് സാരല്ല്യ, എളുപ്പ വഴിണ്ട്, ഒരു അഞ്ചു മിനിറ്റ് നടന്നാ മതി”
ഒരു ഊട് വഴിയിലൂടെ ആ സ്ത്രീ മുന്നിൽ നടന്നു, പിന്നാലെ ഞങ്ങളും.
പെണ്ണുകാണൽ പറഞ്ഞ വീടിന്റെ അടുക്കള ഭാഗത്താണ് ചെന്ന് കയറിയത്.
ആ വീട്ടിലെ ചേച്ചി ഒരു രണ്ടു സെക്കൻഡ് ലേറ്റ്, അല്ലെങ്കിൽ ഞങ്ങൾ ഒരു രണ്ടു സെക്കന്റ് ലേറ്റ്.
അല്ലായിരുന്നെങ്കിൽ ആ ചേച്ചി ഒഴിച്ച ചാള നന്നാക്കിയ വെള്ളം ഞങ്ങടെ മേത്ത് വീണേനെ.
വീടിന്റെ ഉമ്മറത്ത് കയറി ഇരുന്നു. ബ്രോക്കർ അവനെ പരിചയപ്പെടുത്തി.
വാതിലിനു ഇടയിലൂടെ നീണ്ട ഒരു നോട്ടം അവന്റെ മുഖത്ത് കൂടി പാഞ്ഞ് എന്റെ മുഖത്ത് വന്ന് നിന്നത് ഞാനും അവനും കണ്ടു.
ആ ചേച്ചി, ലഡ്ഡുവും ബിസ്ക്കറ്റും കൊണ്ട് ടീപ്പൊയിൽ വെച്ചു.
പെൺകുട്ടി ചായ കൊണ്ടുവന്നു തന്നു.
അവളുടെ നോട്ടം എന്റെ നേരെ തന്നെ.
അവൻ എന്നോട് പറഞ്ഞു, “ചായ കുടിക്ക് ”
“ആ… ”
“ആ ലഡ്ഡുവും ബിസ്ക്കറ്റും തിന്നോ ” കുറച്ച് ഉറക്കെയാണ് ആ ബ്രോക്കർ ഇത് പറഞ്ഞത്.
ഞാൻ ലഡ്ഡു എടുക്കുമ്പോൾ ആ സ്ത്രീയുടെ അടുത്ത ഡയലോഗ്, കുറച്ചുകൂടി ശബ്ദത്തിൽ, “ഇല്ല്യാത്തോടത്തെ ചെക്കനാ, ലഡ്ഡു ഒന്നും ഇന്നേവരെ തിന്നട്ടില്യ, ഈ ഷർട്ടും മുണ്ടും ഇങ്ങട് വരാൻ ഇവൻ കടം കൊടുത്തതാ”
ആ പെണ്ണിന്റെ നോട്ടം എന്റെ മുഖത്ത് നിന്ന് മാറി കൂമ്പടഞ്ഞ വാഴയിൽ തറച്ചു നിന്നു.
അവിടന്ന് ഇറങ്ങുമ്പോ ആ ബ്രോക്കർ സ്ത്രീ ബാബുവിനോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു, “നീയല്ലാതെ ഇവനെപ്പോലെ ഉള്ളവരെ കൊണ്ട് വരോ? ഈ ജാതി കൂട്ടാണെങ്കിൽ നിന്റെ കല്യാണം അടുത്തൊന്നും നടക്കില്ല്യാ, മനസ്സിലായോടാ ക്ണാപ്പാ ”
അവൻ എന്നെ ദയനീയമായി നോക്കിയപ്പോൾ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു. ‘ഇവര് ഇത്രയും ദേഷ്യപ്പെടാൻ എന്തുണ്ടായി?’
പിന്നെയും അവൻ ഒരു പത്തമ്പത് പെണ്ണു കാണാൻ പോയിട്ടുണ്ടാകും. പക്ഷെ ഒരെണ്ണത്തിന് പോലും കൂട്ടു പോവാൻ എന്നെ പിന്നെ വിളിച്ചിട്ടില്ല.
2 Comments
കലക്കി ട്ടോ … എത്രയെത്ര സത്യങ്ങളാ🙄…അതിരിക്കട്ടെ; ന്നിട്ട്
ങ്ങൾക്ക് ചായ കിട്ടിയോ…?🤭
കിട്ടി… അങ്ങിനെ കുടിച്ച ഒരു ചായയുടെ വെളിച്ചമാണ് ജീവിതം പ്രകാശമാനമാക്കുന്നത്