” ഈ ഉണ്ണിയപ്പം കടുമാങ്ങാ അച്ചാറും കൂടി എടുത്തു വെച്ചോളൂ. അവിടെ ഇതൊന്നും കിട്ടാൻ വഴിയില്ലല്ലോ ”
” എന്റെ മുത്തശ്ശി ഇത്, ഇവിടുന്ന് പൊതിഞ്ഞുകൊണ്ടുപോവുകയൊന്നും വേണ്ട. പട്ടണത്തിലെ കടയിൽ ഇപ്പോൾ ഇതൊക്കെ കിട്ടുന്നുണ്ട് ”
” പിന്നെ അവന്റെ ഒരു പട്ടണത്തിലെ കട, നീ വരുന്നതും നോക്കി ഭരണിയിൽ തൊടിയിലെ മാവിൽ നിന്ന് മൂക്കാത്ത പറിച്ച് ഞാൻ സ്നേഹത്തോടെ ഇട്ട അച്ചാറിനോളം വരുമോ നിന്റെ കടയിലെ അച്ചാർ? ”
” നീ എന്തിനാ കൃഷ്ണ, അമ്മയെ ഇങ്ങനെ വട്ടു പിടിപ്പിക്കുന്നത്? ” അകത്തളം തുടച്ചു കൊണ്ടിരിക്കുന്ന ശാരദ മകനെ നോക്കി പറഞ്ഞു.
” ഞാനെന്റെ മുത്തിയമ്മയെ അല്ലാതെ വേറെ ആരെയാ വട്ടു പിടിപ്പിക്കാ. അങ്ങട് പോയാൽ ഇതൊന്നും നടക്കില്ലല്ലോ.. ”
” എന്നാലും കൃഷ്ണ, രാത്രി വണ്ടിക്കുള്ള ടിക്കറ്റ് എടുക്കണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ കുന്നിറങ്ങി പാടം കടക്കുന്നത് അത്ര പന്തിയല്ല. ”
” അയ്യോ എന്റെ മുത്തശ്ശി, കാലമൊക്കെ മാറി. മുത്തശ്ശിയുടെ കള്ളിയങ്കാട്ട് നീലി എന്നെ കണ്ടാൽ ഭയന്നോടുന്നേ ”
മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും കൃഷ്ണന്റെ ഉള്ളിൽ ചെറിയൊരു ഭയം ഇല്ലാതില്ലായിരുന്നു.
കാവിലെ നടയിൽ നിന്ന് തൊഴുത് നാഗക്കാവ് ചുറ്റി ദീപം തെളിയിച്ചു വരുമ്പോഴേക്കും സമയം ഒത്തിരി വൈകി. അപ്പോൾ കാവിന്റെ അറ്റത്ത് ആരോ പതിഞ്ഞു നിൽക്കുന്നത് പോലെ തോന്നി. അങ്ങോട്ടേക്ക് നടന്നു.
” ആരാ? എന്താഈ സമയത്ത് ഇവിടെ?”
അവിടെ അവനെ പ്രതീക്ഷിക്കാത്ത കൊണ്ടാവാം അവൾ ഭയന്ന് വിറച്ച് തിരിഞ്ഞു നോക്കി.
ഒരു നിമിഷം മാത്രമേ കൃഷ്ണൻ അവളുടെ മുഖം കണ്ടുള്ളൂ.
കറുത്ത ഒരു കറുമ്പി പെണ്ണ്. ആ സന്ധ്യ മയങ്ങുന്ന ഇരുട്ടിലും കാവിലെ വെളിച്ചത്തിന്റെ ജ്യോതിയിൽ അവളുടെ മുഖം വല്ലാതെ ജ്വലിക്കുന്നതായി അവന് തോന്നി. പക്ഷേ ആ കണ്ണുകളിൽ ഭയം വേട്ടയാടുന്നു. അതിനപ്പുറം എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ അവൾ ആൽമരം താണ്ടി പോയിക്കഴിഞ്ഞിരുന്നു.
ഈ സമയത്ത് കാവിലേക്ക് വരണ്ടായിരുന്നു. ഇവിടുന്ന് പട്ടണത്തിലേക്കുള്ള യാത്രയിൽ ഇത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. കുഞ്ഞുനാൾ തൊട്ടേ മുത്തശ്ശിയുടെ കൈപിടിച്ച് ഈ കാവൽ ഇങ്ങനെ വലം വെക്കുമ്പോൾ വല്ലാത്തൊരു ആത്മധൈര്യം തോന്നാറുണ്ട്.
” കൃഷ്ണ ഇനിയൊന്നും എടുക്കാൻ മറന്നില്ലല്ലോ? കഴിഞ്ഞോടം പോലെ തിരിച്ചുവരാൻ ഒക്കത്തില്ല ട്ടോ. സമയം ഇപ്പോഴേ സന്ധ്യ അടുക്കാറായി..” ശാരദാമ്മ ശാസന എന്നോണം കൃഷ്ണനെ നോക്കി പറഞ്ഞു.
” എന്റെ കുട്ടി നീ ഇനി എപ്പോ എത്താനാ വണ്ടി ആപ്പീസിൽ. ഇന്ന് പോണോ കുട്ടി? നാളെ വെളുപ്പിന്നത്തെ വണ്ടിക്ക് പോയാൽ പോരെ?”
” അയ്യോ അത് പറ്റില്ല മുത്തശ്ശി. നാളെ രാവിലെ അവിടെ ജോലിക്ക് ചേരണം. മുത്തശ്ശി എന്തിനാ ഭയക്കുന്നത്, ഞാനെന്താ കൊച്ചു കുഞ്ഞാണോ.”
അമ്മയോട് മുത്തശ്ശിയോടും യാത്ര പറഞ്ഞു ഇടുങ്ങിയ ചെമ്മൺ പാതയിലേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ തെളിഞ്ഞ രണ്ടുവഴിയിൽ ഏതാണ് ഭേദം എന്ന് കൃഷ്ണൻ ആലോചിച്ചു. കുറച്ചു കൂടെ നേരത്തെ ഇറങ്ങാമായിരുന്നു. ആരോടന്നില്ലാതെ അവൻ പറഞ്ഞു കൊണ്ടിരുന്നു.
മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം. നല്ല തണുപ്പുണ്ട്. നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട. വളരെ വീതി കുറഞ്ഞ റോഡുകളാണ് ഈ പ്രദേശത്തുള്ളത്.
മലഞ്ചെരുവുകളിലെ തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ, പല സമയങ്ങളിൽ മലനിരകളിൽ മേഘങ്ങൾ പന്തല് വിരിച്ചതുപോലെ അത്രമേൽ മനോഹരമായി പ്രകൃതി ഭംഗി വാർത്ത വെച്ചൊരു ഗ്രാമം.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് കശുവണ്ടി തോട്ടം കടന്ന് മലയുടെ താഴ്വാരത്തെ അരുവിയോട് ചേർന്ന് കുറച്ചു ദൂരം നടന്നു വേണം പനമരങ്ങൾ പരവതാനി വിരിച്ച മൈതാനത്ത് എത്താൻ. അവിടുന്ന് കുറച്ച് വഴി പിന്നിട്ടാൽ പിന്നെ കുത്തനെയുള്ള കയറ്റമാണ്. ആ കയറ്റം കയറിയിറങ്ങിയാൽ സ്റ്റേഷനിലേക്ക് പെട്ടെന്ന് എത്താം. അതെ അത് തന്നെയാവും നല്ലത്.
മുന്നോട്ടു ഓരോ ചുവടുകൾ വെക്കുംതോറും കൃഷ്ണന്റെ മനസ്സിൽ ആധി കൂടി തുടങ്ങി. എന്തിനാവും താൻ ഇത് ഇതുവഴി വരുന്നത്. കശുവണ്ടി തോട്ടം കടന്ന് മറുവശത്തുള്ള പാടവരമ്പിലൂടെ പോയാൽ ഒരുപക്ഷേ ഇതിലും നേരത്തെ എത്താവുന്നതല്ലേ?
താൻ എന്തിനാ ഇങ്ങനെ ചിന്തിച്ചു കാടുകയറുന്നത്? തന്റെ ഗ്രാമം അല്ലേ ഇത്?തനിക്കറിയാവുന്നത്. പിന്നെ താനെന്തിന് ഭയക്കണം?
നടന്നു നടന്നു മണ്ണിട്ട് വീതിയുള്ള നടപ്പാതയിലേക്ക് കയറിയപ്പോൾ ദൂരെ, കുന്നിന്റെ മറുവശത്തായ് ആരോ കേറി പോകുന്നത് കണ്ടു.
ആരാവും അത്?
ഈ സമയത്തേക്ക് അങ്ങോട്ട്?
അങ്ങോട്ടേക്ക് പ്രത്യേകിച്ച് വഴിയൊന്നും ഇല്ലല്ലോ?
പൊതുവേ ഈ ഗ്രാമത്തിൽ ഒരു ചൊല്ലുണ്ട് ആർക്കെങ്കിലും ചാവണമെങ്കിൽ കുന്നം പാറയിൽ നിന്ന് ചാടിയാൽ മതി.
എന്തായാലും എന്താണെന്നറിയാൻ കൃഷ്ണൻ വെപ്രാളപ്പെട്ട് ആ രൂപം കയറുന്ന ഭാഗത്തേക്ക് കമ്പിവേലി ചാടി ആ രൂപത്തിന്റെ പുറകെ കടന്നു.
തന്റെ മുന്നിലൂടെ കുന്നിലേക്ക് കയറിവരുന്നത് ആ നാടോടി പെണ്ണാണെന്ന് അയാൾക്ക് മനസ്സിലായി. നേരത്തെ കാവിന്റെ ഒരു വശത്ത് കണ്ടവൾ.
അവളുടെ കണ്ണിലെ വശ്യത അവൻ ശ്രദ്ധിച്ചിരുന്നു. കാച്ചെണ്ണ വറ്റി പാറിപ്പറഞ്ഞ ചെമ്പൻ മുടി. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലിനമായ മിഴികൾ. ആ മിഴികളിലെ ചൈതന്യം ഇരുണ്ട അവളുടെ മുഖത്തിന് അത്രമേൽ മനോഹരമാക്കിയിരുന്നു.
രണ്ടുമൂന്നു വട്ടം കാവിന്റെ പുറകിലെ മൺപാതയിലൂടെ സാധനങ്ങളും കൊട്ടയിൽ ചുമന്ന് നടക്കുന്നവളെ താൻ ശ്രദ്ധിച്ചിരുന്നു. അവളുടെ ശരീരത്തോട് ഒട്ടിനിൽക്കുന്ന ദാവണിയും വടിവാർന്ന അവളുടെ അരയിലേക്ക് കിലുങ്ങി കൊണ്ട് നിൽക്കുന്ന വലിയ അരഞ്ഞാണവും അവളുടെ ശരീരത്തെ ഒരു പ്രതിമ എന്നോണം തോന്നിപ്പിക്കും വിധമായിരുന്നു.
ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം. ആ മുഖത്തോടെ അവന് എന്തോ ഒരു ആരാധന തോന്നിയിരുന്നു.
അവളുടെ സൗന്ദര്യത്തിൽ മതിമറന്ന് നിൽക്കുമ്പോഴേക്കും അവൾ ആ കുന്ന് കയറി മേലോട്ടെത്തിയിരുന്നു. കുന്നിന്റെ മുകളിൽ വലതുവശത്തോട്ട് ചെരിഞ്ഞാൽ കുറ്റിക്കാട്ടിലേക്ക് ഇറങ്ങി പിന്നെ ചെല്ലുന്നത് നേരെ റെയിൽ പാലത്തിലേക്കാണ്. എന്തിനാവും അവൾ അങ്ങോട്ട് ഈ സമയത്ത് പോയിട്ടുണ്ടാവുക? ചിന്തകൾ പലതും കാടുകയറിയെങ്കിലും സമയം വൈകുന്നത് കൊണ്ടോ, അതോ തനിക്ക് അവളോട് ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടോ അവളെ ഒന്ന് ചെന്ന് അന്വേഷിക്കാനോ തിരിച്ചു വിളിക്കാനോ തോന്നിയില്ല.
കൃഷ്ണൻ വീണ്ടും തിരിഞ്ഞ് കുന്നിൻ ചെരിവിറങ്ങി സ്റ്റേഷനിലേക്ക് നടന്നു നീങ്ങി. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം അവനു പോകാനുള്ള തീവണ്ടി അധികം ആരും ഇറങ്ങാനില്ലാത്ത റെയിൽവേ സ്റ്റേഷനിലേക്ക് എത്തി.
വണ്ടിയിൽ കയറിയ കൃഷ്ണൻ അവനുള്ള സീറ്റിലേക്ക് വന്നിരുന്നു. നീണ്ട പകലിന്റെ അവസാനം. ജനലിനടുത്തുള്ള സീറ്റിലിരുന്നു അലസമായി വെളിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു. ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങിയതും, കുന്നൻ പാറ വഴി ട്രെയിൻ താണ്ടി പോകുമ്പോഴും, അലസമായ് ജനാലക്ക് പുറകിലൂടെ അവൻ ഒരുവട്ടം കൂടി അതിന്റെ മുകളിലോട്ട് നോക്കി. അവൾ അവിടെ ഉണ്ടായിരിക്കുമോ? എന്തെങ്കിലും ആവട്ടെ.
ഇത്രയും ദൂരം നടന്നുവന്നതിനാൽ ക്ഷീണം കൊണ്ട് അവൻ മയങ്ങിപ്പോയി. ആരോ തന്നെ തൊട്ടുണർത്തിയത് പോലെ തോന്നിയവൻ കണ്ണുകൾ തുറന്നു.
കമ്പാർട്ട്മെന്റിലെ ആ മഞ്ഞ ബൾബിന്റെ വെളിച്ചത്തിൽ മുന്നിലിരിക്കുന്ന രൂപത്തെ കണ്ടവൻ ഒരു നിമിഷം ഞെട്ടി. അതിസുന്ദരിയായ അവൾ. ഇതവൾ തന്നെയല്ലേ? അതേ.. അതേ.. ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം.
എന്റെ ഹൃദയത്തിൽ ഒരു കുളിർകാറ്റു വീശി. ആ മിഴികളിൽ ആർദ്രത നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി. വല്ലാത്ത ഒരു മായിക സൗന്ദര്യം തന്നെ!
അവന്റെ മനസ്സിൽ ഒരേ സമയം സന്തോഷവും ഭയവും വെപ്രാളവും ഒക്കെ നിറഞ്ഞു വന്നു. അങ്ങോട്ടു പോയ അവൾ എങ്ങനെ ഇതിൽ?
താൻ സ്റ്റേഷനിൽ നിന്ന് കേറുമ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. അതുകഴിഞ്ഞ് വേറെ സ്റ്റേഷനിൽ നിന്നെ ഇവൾക്ക് ഇങ്ങനെ കേറാൻ ആവും. പക്ഷേ അവളോട് എന്തെങ്കിലും ചോദിക്കാൻ അവന് ശബ്ദം പുറത്തുവന്നിരുന്നില്ല. തനിക്ക് ആരാധന തോന്നിയത് താൻ ഏറെ ഇഷ്ടപ്പെട്ട ആ മുഖം തന്നെ മുമ്പിലിരിക്കുന്നത് കണ്ടു അവന് സന്തോഷം തോന്നി. അപ്പോഴേക്കും ട്രെയിൻ ഷൊർണൂരിൽ എത്തിയിരുന്നു. അവിടെ എൻജിൻ മാറ്റുന്നതിന് മറ്റുമായി കുറച്ച് സമയം ട്രെയിൻ നിർത്തിയിരുന്നതുകൊണ്ട് എല്ലാവരും അവരവരുടെ ആവശ്യങ്ങൾ നിറവേറ്റാനായി ട്രെയിനിൽ നിന്ന് പുറത്തിറങ്ങി. ജനാലിലൂടെ പുറത്തേക്ക് നോക്കി ഒന്നു മുഖം തിരിച്ചപ്പോഴേക്കും അവളെ അവിടെ കാണാനില്ല.
റയിൽപ്പാതയുടെ വെളിയിലെ പ്ലാറ്റ്ഫോമിലൂടെ അവൾ മന്ദമായി നടന്നകലുന്നത് അവൻ വിശ്വസിക്കാനാവാത്ത വിധം നോക്കി നിന്നു. തീവണ്ടിയിൽ നിന്ന് അവൻ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി നിന്നു. കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്. ചായ, കാപ്പി, വട.. കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.
അവൻ ദൂരേക്ക് നോക്കി. അവൾ അവിടെയെങ്ങാനുമുണ്ടോ? എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല. നീയെങ്ങു പോയി മറഞ്ഞു? ഒരു നിരാശ അവനിൽ പടർന്നുവോ? ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്തെങ്കിലും സംസാരിക്കാമായിരുന്നു. എന്തിനാണ് കുന്നും പാറയിലേക്ക് പോയതെന്ന് ചോദിക്കാമായിരുന്നു?
നീട്ടിയുള്ള വണ്ടിയുടെ കൂകി വിളി കേട്ട് അവനവന്റെ സീറ്റിലേക്ക് വന്നിരുന്നു. പെട്ടെന്ന് എന്തോ കണ്ട് ഞെട്ടിയത് പോലെ അവനാ ഭാഗത്തേക്ക് തന്നെ നോക്കി. കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ തന്റെ തൊട്ടുമുന്നിൽ! മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!
ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി. ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു. അവളിൽ നിന്ന് കണ്ണെടുക്കാനായില്ല. പക്ഷേ അവൾ സ്റ്റേഷനിൽ നിന്ന് പുറത്തേക്കുള്ള കവാടത്തിലേക്ക് കടക്കുന്നത് അവൻ കണ്ടതാണ്. എന്നിട്ട് ട്രെയിൻ നീങ്ങിയപ്പോഴേക്കും അവൾ എങ്ങനെ ഇവിടെ?
എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്ശനത്തില് തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി. അവളുടെ ചിത്രങ്ങള് ഞാന് നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു. അവളുടെ ശരീര വടിവ് ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം. ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന് ഇഷ്ടപ്പെട്ടു. മുത്തുമണികള് നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ തന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.
“എങ്ങോട്ടാണു യാത്ര?” മൗനം വെടിയാതിരിക്കാൻ അവന് ആയില്ല.
ചുണ്ടുകൾ ഒരു വശത്തേക്ക് ചിരിച്ച് മെല്ലെ അവൾ പുഞ്ചിരിച്ചുവോ.. ആ പുഞ്ചിരിയിൽ ഒരു പുച്ഛഭാവം ഉണ്ടോ എന്ന് അയാൾക്ക് തോന്നി.
അവളെ കൊണ്ട് എന്തെങ്കിലും സംസാരിപ്പിക്കാനായി അവൻ വീണ്ടും ചോദിച്ചു, “എന്തിനാ കുന്നുംപാറ വഴി പോയത്? ”
“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ…” അതിനുമാത്രം,നിഗൂഢതകൾ നിറഞ്ഞ ഒരു മുഖവുമായി അവൾ ഉത്തരം നൽകി.
“അമ്മയുടെ അടുത്തോ? അവിടെയോ?”
അവൾ ഉത്തരം പറഞ്ഞില്ലെങ്കിലും അവനെ രൂക്ഷമായി ഒന്നു നോക്കി.
അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി. നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു. വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി തന്റെ ഹൃദയം കവർന്നെടുത്തുവെന്ന് അവന് മനസ്സിലായി. സമയം എത്ര വേഗമാണു പോകുന്നത്.. വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.
അവളുടെ മുല്ലമൊട്ടു പോലുള്ള പല്ലുകളിൽ ഇടക്ക് മൃദുലമായ ചിരിക്കുന്നത് കാണാം. പെട്ടെന്ന് എന്തോ ഓർത്തെടുത്തത് പോലെ അവൾ അവനോട് ചോദിച്ചു,
“ജീവിതത്തിൽ ആരെയും സഹായിക്കാറില്ല അല്ലേ? ”
ചോദ്യം മനസ്സിലാവാഞ്ഞിട്ടോ, അതോ അവൾ എന്താണ് ചോദിച്ചതെന്ന് അറിയാഞ്ഞിട്ടോ അവൻ വീണ്ടും അവളോട് ചോദിച്ചു, “എന്ത്? എന്താ ചോദിച്ചത്?”
അതിനുത്തരം പറയും മുൻപേ.. അവൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഡോറിന് അരികിലേക്ക് ഓടി. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ, നോക്കുമ്പോഴേക്കും അവൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയിരുന്നു.
ഒരു നിമിഷം അവൻ എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. കമ്പാർട്ട്മെന്റിൽ ഉള്ളവരോട് ട്രെയിൻ നിർത്താൻ അലറിവിളിച്ചു കൊണ്ട് അവൻ വാതിലിന് അടുത്തേക്കോടി. അപ്പോഴേക്കും അവൾ വണ്ടിയിൽ നിന്ന് ചാടി കഴിഞ്ഞിരുന്നു.
അവൻ ഓടി വന്ന് വണ്ടിയുടെ ചെയിൻ വലിച്ചു നിർത്തി. ട്രെയിൻ കുറച്ചു ദൂരം മുന്നോട്ടു പോയി പതിയെ അതിന്റെ വേഗത കുറഞ്ഞു. അവൻ ചാടി ഇറങ്ങി കുറച്ചു പുറകോട്ട് പോയി നോക്കി അവിടെ ആരെയും കണ്ടില്ല. അപ്പോഴേക്കും വണ്ടിയിലുള്ള മറ്റു യാത്രക്കാരും ടി ടി ആറും ചെക്കിംഗ് ഓഫീസറും ആ കമ്പാർട്ട്മെന്റ് അടുത്തേക്ക് എത്തിയിരുന്നു.
“എന്താ എന്ത് പറ്റി.. “
“ഒരു സ്ത്രീ ഇപ്പോൾ പുറത്തേക്ക് ചാടി.. “
” ഏത് സ്ത്രീ..? ഇവിടെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയിട്ടില്ല”
“ദാ അവിടെ ഇരുന്ന സ്ത്രീ” അവർ ഇരുന്ന സ്ഥലം ചൂണ്ടി കൃഷ്ണൻ പറഞ്ഞു.
“താങ്കൾക്ക് എന്തെങ്കിലും പ്രശനം ഉണ്ടോ.. ആ സീറ്റ് കാലി ആയിരുന്നു മിസ്റ്റർ..”
എല്ലാം കേട്ട് കഴിഞ്ഞ ടി ടി ആറും മറ്റ് യാത്രക്കാരുടെ പക്ഷം ചേർന്നു.
അവൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ അയാളുടെ നേർക്ക് ദേഷ്യപ്പെടാൻ തുടങ്ങി.
“ താൻ ആരോടാണ് തർക്കിക്കുന്നത്. ഈ ബോഗിയിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് ഉള്ളതെന്ന് ഞാൻ അല്പം മുമ്പ് കൂടി വന്ന് ഉറപ്പ് വരുത്തിയതാണ്. ആ കൂട്ടത്തിൽ എന്തായാലും താങ്കൾ പറയുന്ന സ്ത്രീ ഇല്ല..” ടി ടി ആർ തീർത്തു പറഞ്ഞു.
അവൻ വീണ്ടും വീണ്ടും അലറി വിളിച്ചുകൊണ്ട് അവരോട് പറഞ്ഞു “ഇല്ല സർ ആ പെണ്ണ് ഇങ്ങോട്ടാ ചാടിയത്.”
അവർ ആ പരിസരം ആകെ പരിശോധിക്കാൻ തുടങ്ങി.
ഒരുപാട് നേരം അവിടെയാകെ പരിശോധിച്ചുവെങ്കിലും അവർക്ക് അവിടെ ആ സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞില്ല.
“എവിടെടോ താൻ പറഞ്ഞ സ്ത്രീ ?”
ഒരു യാത്രക്കാരൻ കയർത്തു.
അവൻ പ്രതിരോധത്തിലായി. ഇത്ര പെട്ടന്ന് ആ സ്ത്രീ എങ്ങോട്ട് പോയി.
” ഇവനെയൊക്കെ റെയിൽവേ പോലീസിന് കൈമാറണം.. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനായിട്ട്..”
ടി ടി ആർ പോലീസിനെ വിളിക്കാൻ ഒരുങ്ങവെ പെട്ടെന്ന് ലോക്കോ പൈലറ്റ് അങ്ങോട്ടേക്ക് വന്നു.
അവർ തമ്മിൽ എന്തൊക്കയോ കാര്യമായി സംസാരിച്ചു. പെട്ടന്ന് TTR ന്റെ മട്ട് മാറി. അത്ഭുതത്തോടെ അയാൾ കൃഷ്ണന്റെ അടുത്തേക്ക് വന്നു. അയാൾ വളരെ ശാന്തമായി പറഞ്ഞു.
“തൊട്ടടുത്ത ഗേറ്റ് മാൻ ഇപ്പോൾ വിളിച്ചിരുന്നു. ഇവിടെ നിന്ന് മുന്നൂറ് മീറ്റർ മാറി ബ്രിഡ്ജ് ന് മീതെയുള്ള ട്രാക്കിൽ ഗുരുതര അപകടം സംഭവിക്കത്തക്ക രീതിയിൽ വിള്ളൽ വീണിട്ടുണ്ടത്രേ.. “
വിശ്വസിക്കാനാകാത്ത രീതിയിൽ അവർ തമ്മിൽ പരസ്പരം നോക്കികൊണ്ടിരുന്നു.
“താങ്കൾ ഇപ്പോൾ ചങ്ങല വലിച്ചില്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇവിടെ വലിയൊരു ട്രെയിൻ ദുരന്തം സംഭവിക്കുമായിരുന്നു.”
എന്ത് കാരണം കൊണ്ട് വണ്ടി നിർത്തിയാലും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലും, സമാധാനത്തിലും അവർ അയാളോട് ക്ഷമ ചോദിച്ചു.
പക്ഷേ ഇത്രയും കാര്യങ്ങൾ അവിടെ നടക്കുമ്പോഴും കൃഷ്ണന്റെ ശ്രദ്ധ മുഴുവൻ ചാടിപ്പോയ ആ പെൺകുട്ടിയിലായിരുന്നു. അവളെ അവളുടെ ആ പേടമാൻ കണ്ണുകൾ ഇപ്പോഴും അവനെ കൊത്തിവലിക്കുന്നത് പോലെ തോന്നി.
രണ്ടു മണിക്കൂറിനു ശേഷം തടസ്സങ്ങൾ ഒക്കെ നീങ്ങി ട്രെയിൻ വീണ്ടും യാത്ര തുടങ്ങി.. ആരായിരിക്കും അവൾ?
കണ്ണിൽ നിഗൂഢതകൾ ഒളിപ്പിച്ച ആ നാടോടി പെണ്ണ് തന്നെയല്ലേ?
പിന്നീടുള്ള യാത്രയിൽ ഉടനീളം അവന്റെ ചിന്ത അവളെ കുറിച്ച് മാത്രമായിരുന്നു.. പിറ്റേദിവസം, 10 മണി ആയപ്പോഴേക്കും വണ്ടി പട്ടണത്തിൽ എത്തി. തന്റെ ജോലിസ്ഥലത്ത് എത്തി കുളിച്ച് ഫ്രഷായി അന്നത്തെ ദിവസം അവൻ ജോലിയിൽ പ്രവേശിച്ചു.
ഓഫീസിൽ എത്തിയ അവനോട് വീട്ടിൽ നിന്ന് രണ്ടുമൂന്നു തവണ വിളിച്ചിരുന്നു എന്ന് മാനേജർ പറഞ്ഞു.
‘ എന്താണപ്പാ ഇത്, സാധാരണ ഇത് പതിവില്ലാത്തത് ആണല്ലോ. എത്തിയാൽ താൻ അങ്ങോട്ട് വിളിക്കാറാണ് പതിവ്. മുത്തശ്ശിക്ക് വല്ലതും…’ കൃഷ്ണന്റെ മനസ്സിൽ പല ചിന്തകൾ കുമിഞ്ഞുകൂടി. മാനേജറോട് അനുവാദം വാങ്ങി അവൻ വീട്ടിലേക്ക് അപ്പോൾ തന്നെ തിരിച്ചു വിളിച്ചു.
വീട്ടിലുള്ളവരുടെ സംഭാഷണത്തിൽ നിന്ന് അവൻ സഞ്ചരിച്ച ട്രെയിന് എന്തോ അപകടം സംഭവിക്കാൻ പോകുകയാണെന്നും മകനെ വേണമെങ്കിൽ നന്നായി പ്രാർത്ഥിച്ചു കൊള്ളാനും രാത്രിയിൽ ഓടിക്കിതച്ചു ഒരു പെൺകുട്ടി വന്നു അമ്മൂമ്മയോട് പറഞ്ഞുവെന്നും അമ്മ മുറ്റത്തെറങ്ങി അവളെ നോക്കുമ്പോഴേക്കും ആ പെൺകുട്ടിയെ കണ്ടില്ലെന്നും അമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. നിന്നോടുള്ള അമിത സ്നേഹം കാരണം മുത്തശ്ശിക്ക് അങ്ങനെ തോന്നിയതാണെന്നും നീ എത്തിയിട്ട് വിളിക്കാത്തതുകൊണ്ട് ഞങ്ങൾ ഓഫീസിലോട്ട് വിളിച്ചതാണെന്നും അമ്മ പറഞ്ഞപ്പോൾ…
അതെ.. അത് അവൾ തന്നെയായിരിക്കണം. നാളെ വിളിക്കാം എന്ന് പറഞ്ഞിട്ട് ഫോൺ വച്ചപ്പോഴും അവന്റെ മനസ്സ് മുഴുവൻ ആ കറുമ്പി ആയിരുന്നു.
രാത്രി റൂമിലെത്തി ഫുഡ് ഓർഡർ ചെയ്ത് കൃഷ്ണൻ കട്ടിലിൽ കിടന്ന് അവളെ കുറിച്ച് തന്നെ ആലോചിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് കോളിംഗ് ശബ്ദിച്ചു. ഓർഡർ ചെയ്ത ഫുഡുമായി വന്ന സെയിൽസ് ഗേളിനെ കണ്ട് വിറച്ച് പുറകോട്ട് മാറി. അതെ അവൾ തന്നെ.
വാതിൽക്കൽ നിന്ന് അവളുടെ രൂപം മറയുമ്പോഴും അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ തന്നെ ഉടക്കി നിൽക്കുന്നവൻ അറിഞ്ഞു. ബോധം വന്ന് നോക്കിയപ്പോൾ തന്റെ കൈയിലുള്ള ഭക്ഷണപ്പൊതിയും അതിന്റെ മേലെ എഴുതിയ കുറിപ്പും അവന്റെ ശ്രദ്ധയിൽപ്പെട്ടു.
” അപകടത്തിലേക്ക് പോകുമ്പോൾ ആരെയും സഹായിക്കാറില്ല അല്ലേ? ”
ഇതേസമയം ഗ്രാമത്തിലെ കുന്നംപാറയിൽ അടുത്തുള്ള റെയിൽവേ ട്രാക്കിൽ ഒരു പെൺകുട്ടിയുടെ ചതഞ്ഞ മൃതശരീരം റെയിൽവേ ഗാർഡ് എടുത്തു മാറ്റുന്നുണ്ടായിരുന്നു..
***************************
ചിത്രത്തിന് കടപ്പാട് : പിന്റെരെസ്റ്
5 Comments
നല്ല കഥ, ഇടക്ക് ചെറിയ കൺഫ്യൂഷൻ തോന്നി
കുറേക്കൂടി ശ്രദ്ധ വച്ച് എഴുതിയിരുന്നെങ്കിൽ എന്നു തോന്നി. നല്ല കഥ 👌👌
പലയിടത്തും ഒരു കണക്ഷൻ ഇല്ലാത്ത പോലെ തോന്നി.
Thankyou..
ചില നേരത്ത് അങ്ങനെ ചില അദൃശ്യ ശക്തികൾ നമ്മെ രക്ഷിക്കാറില്ലേ
മനോഹരമായ കഥ. ആ പെൺകുട്ടി ആരായിരുന്നു. അവസാനം ഒരു നോവായി……