-എത്രയോ തവണ നമ്മൾ ഇവിടെയിരുന്ന് ഭാവിയെ പറ്റി സ്വപ്നം കണ്ടു.
കോഫീ ഹൗസിനു അരികിൽ എത്തിയപ്പോൾ അയാൾ പറഞ്ഞു .
-ഏതായാലും ഇത് നമ്മുടെ ജീവിതത്തിലെ അവസാനത്തെ ഒരുമിച്ചുള്ള കാപ്പികുടിയാണ്…
അയാൾക്ക് മനസ്സിനകത്ത് വല്ലാത്തൊരു വിഷമം തോന്നിയെങ്കിലും അത് മറച്ചു പിടിക്കാൻ അയാൾ അവളെ കോഫീ ഹൗസിലേക്ക് ക്ഷണിച്ചു.
-ഒരു കാപ്പിയിൽ തുടങ്ങിയ ബന്ധം കാപ്പിയിൽ തന്നെ അവസാനിക്കുന്നു. ഒരു കാപ്പി കുടിച്ചു പിരിയാം നമുക്ക്.
അയാൾക്ക് വിഷമം ഉണ്ടെങ്കിലും അത് ഒളിപ്പിച്ചു ചിരിച്ചു കൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു ശൂന്യതയും അസ്വസ്ഥതയും അനുഭവപ്പെട്ടു.
എങ്ങിനെ തനിക്ക് അയാളോട് പറയാൻ കഴിഞ്ഞു ‘നമ്മൾ പിരിയുകയാണ് നല്ലത്’ എന്ന്.
അവൾക്ക് നല്ലൊരു വിവാഹം ഒത്തു വന്നിരിക്കുന്നു. വീട്ടുകാർ അത് നടത്തണമെന്ന് വാശിപിടിച്ചിരിക്കുകയാണ്.. ഇത് നടന്നില്ലെങ്കിൽ ആത്മഹത്യ വരെ നടത്തും എന്നുള്ള ഭീഷണിയും.
അയാളും അവളും തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് അറിവുള്ളതാണ്. എന്നാൽ അയാളുടെ ജാതിയും അവളെക്കാൾ താഴ്ന്ന സാമ്പത്തിക സ്ഥിതിയും വീട്ടുകാർക്ക് ബോധിച്ചില്ല. അവർ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
ഒടുവിൽ അവളും തീരുമാനിച്ചു. അയാളെ മറക്കുകയാണ് നല്ലത്. അവളുടെ മുഖത്തെ വിഷമം കണ്ടാണ് അയാൾ ചോദിച്ചത്.
“എന്തുപറ്റി?”
അവൾ മടിച്ചു മടിച്ചാണ് എല്ലാം പറഞ്ഞത്.
-അപ്പോൾ നമ്മുടെ സ്നേഹം പ്രണയം
അയാൾ ചോദിച്ചു
അവൾ മിണ്ടാതെ നിന്നു.
-നിനക്ക് എന്നെ ഇഷ്ടമെങ്കിൽ ഇതൊന്നും തടസ്സമല്ല. നീ ഇറങ്ങി വരുകയാണെങ്കിൽ… നമുക്ക്…
-ഇല്ല… എനിക്ക് എൻറെ വീട്ടുകാരെ ധിക്കരിച്ച് എൻെറ ജീവിതം മുഴുവൻ ഇങ്ങനെ…
-അപ്പോൾ… നീ…
-അതെ, നമുക്ക് പിരിയുകയാണ് നല്ലത്..
അവൾ എങ്ങിനെയോ പറഞ്ഞു നിർത്തി.
ആ വാക്കുകൾ അയാളെ ആകെ തകർത്തു. കുറെ നേരം അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അങ്ങിനെ അവർ നടന്നു. രണ്ടുപേരും മൗനം പാലിച്ചു.
അയാൾ സമനില വീണ്ടെടുത്തു.
-അതെ ഒന്നിക്കാൻ കഴിയില്ലെങ്കിൽ….
അയാൾ കുറെ ആലോചിച്ചു.
ഒരുപക്ഷേ ഞാൻ ഒരു സ്ത്രീയായിരുന്നെങ്കിൽ ഇത് തന്നെയായിരിക്കുമല്ലേ താനും പറയുക…
നടന്നു നടന്ന് രണ്ടു പേരും കോഫീ ഹൗസിൽ എത്തി.
കാപ്പി കുടിച്ചു പിരിയാം എന്ന് അയാൾ പറഞ്ഞതും അവളുടെ കണ്ണുകളിൽ നനവ് പടർന്ന് അത് കവിളിലൂടെ ഒലിച്ചിറങ്ങി.
-സാരമില്ല…. കരയരുത്… എനിക്ക് എനിക്ക് വിഷമമമൊന്നുമില്ലന്നേ…. ദേ കാപ്പിവന്നു…
കുടിക്ക്…
അയാൾ അവളെ സമാധാനിപ്പിച്ചു.
അയാളെ വിട്ടുപിരിയേണ്ടിവരുമല്ലോ എന്നുള്ള വിഷമം അവളെ തളർത്തി.
കാപ്പി കഴിച്ച് അവർ ഇറങ്ങി.
അയാളാണ് അവളെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടത്.
അയാൾ യാത്ര പിരിഞ്ഞു പോകുമ്പോൾ അവൾക്ക് വല്ലാത്തൊരു ശൂന്യതയും നഷ്ട ബോധവും തോന്നി. അയാൾ കണ്ണിൽ നിന്നും മറയുന്നതുവരെ അവൾ അയാളെ തന്നെ നോക്കി കൊണ്ട് അവിടെ തന്നെ നിന്നു.