താതനാം തണൽ മര ശാഖയിലെത്ര
ചെറുകിളികളാമോദമോടെ വസിച്ചു.
ചൂടേറ്റുവാടി തളർന്നൊരു വേനലിൽ കിളികൾക്ക് തണലേകി കാത്തിടുന്നു
മൂക്കോളം വെള്ളത്തിൽ മുങ്ങിയ വർഷത്തിൽ
കിളികളെ നനയാതെ കാത്തുവെച്ചു
കാലൊന്നിടറുന്ന കാറ്റിൻ കുറുമ്പിലും കിളികളെ വീഴാതെ താങ്ങിടുന്നു !
പ്രായത്തിന്നവശത വേട്ടയാടുമ്പോഴും
മക്കൾക്ക് വേണ്ടി വേരാഴ്ത്തി നിൽപ്പു
ഭൂവിലെൻ മക്കൾ പതറുമെന്നറിവിനാൽ
ആ മരം മല്ലിട്ടു പ്രകൃതിയോടും !കായ്കനികളേറെ സമൃദ്ധമായ് വിളയിച്ചു
അല്ലലില്ലാതെ അവരെയൂട്ടുവാനായി !
ദുഃഖങ്ങൾ , ദുരിതങ്ങളേതുമറിയാതെ കിളികളാം മക്കൾ വസിച്ചു നിത്യം.
താതന്റെ കരുതൽ കരങ്ങളി-
ലേവരുമാവോളമെല്ലാം ഭുജിച്ചു നിത്യം
കാലമാം വിധിയിലൊരുനാളാമരം അടിപതറി മണ്ണിന്റെ മാറിൽ വീണു
വേർപ്പെട്ടു പോയൊരാ തണലിന്റെ നോവിൽ
കിളികൾ കരഞ്ഞു തളർന്നു നിന്നു.
നിഷാ സുരേഷ്കുറുപ്പ്✍️