ഭയപ്പാടുകൾ(കവിത)
*************
മൂർച്ചയേറിയൊരായുധം
എന്റെ നേരെ ചീറിപ്പാഞ്ഞു വരുന്നെന്ന
ചിന്തയാൽ
നിദ്രയന്യമാകാറുണ്ട്
രാവുകളിൽ…
മുറ്റത്തെ പുളിമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആയംകൂട്ടിയാടുന്ന എന്നെ, പിന്നിൽനിന്നാരോ ആകാശത്തിന്റെ അതിരുകാണാപ്പുറത്തേക്ക് പറത്തി വിടാറുണ്ട്
കടൽക്കാറ്റേറ്റിരിക്കുമ്പോഴാണ്
ചില ഓർമ്മകളുടെ പൊള്ളലിന്റെ ചൂട് സഹിക്കാനാവാതെ ഞാൻ തിരമാലയിലേക്ക് എടുത്തുചാടാൻ ശ്രമിച്ചത്
മറ്റൊരിക്കൽ അടുക്കളയിൽ ചോറ് വാർക്കുമ്പോഴാണ് എന്റെ ചിന്തകൾക്ക് തീപിടിച്ചു ചോറുകലം സിങ്കിലേക്ക് കമിഴ്ത്തി കളഞ്ഞത്
കത്തിയായും, തീയായും, കാറ്റായും ആയൊരാൾ അനുഗമിച്ചപ്പോഴാണ് എന്റെയുള്ളിലെരിയുന്ന
നെരിപ്പോടിന്റെ ചൂടേറ്റ് ഞാൻ വാടി ക്കരിഞ്ഞത്
ബോധത്തിന്റെയും അബോധത്തിന്റെയും ഇടവേളകൾ കുറഞ്ഞുവന്നപ്പോഴാണ്
ആളുകളെന്നെ ഭ്രാന്തിയെന്നു വിളിച്ചു തുടങ്ങിയത് ..!!
ബോധത്തിന്റെ അവസാനനിമിഷങ്ങളിലെപ്പോഴോ ആണ് ഞാനാ ഭ്രാന്തിന്റെ ചങ്ങലയിൽ എന്റെ കാലുകൾ തളച്ചിട്ടത്…!!
✍️ ദിവ്യ ശ്രീകുമാർ
1 Comment
uff…എന്തോരു വരികളാണ്🔥🔥🔥