“ദേർ ഈസ് എ ഫണ്ട് ടു അറ്റൻഡ് ഇൻഡ്യൻ കോൺഫെറെൻസെസ്… യൂ അപ്ലൈ ഫോർ ഇറ്റ് “
ഡിപ്പാർട്മെൻറ് വരാന്തയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇത്രയും പറഞ്ഞു ഒരു ഭീമൻ മേഘം ഒഴുകുന്നത് പോലെ നടന്നു പോയ പ്രൊഫസർ ഉത്തരം പ്രതീക്ഷിക്കുന്നില്ല എന്ന് തോന്നി. അല്ലെങ്കിലും “യെസ് സർ “ ആണല്ലോ നമ്മുടെ ഒരിത്…
പക്ഷെ എന്ത് ഫണ്ട്.. കൺഫൂഷൻ ക്ളൗഡ് ആയല്ലോ…
ഏതായാലും ഞാൻ സെക്രട്ടറിയുടെ റൂമിലേക്ക് കേറി .പിറ്റേന്ന് നടക്കാനുള്ള റിസെർച്ച് എക്സാമിനു വേണ്ട പേപ്പേഴ്സ് ഒക്കെ സമർപ്പിച്ചു .
”ബൈ ദി ബൈ… ഏതാണ് ഈ ഇന്ത്യ ഫണ്ട്?”
സെക്രട്ടറി ഒരു മെയിൽ എടുത്തു കാണിച്ചു തന്നു. ഇന്ത്യയിലെ ഏതെങ്കിലും കോൺഫറൻസ് അറ്റൻഡ് ചെയ്യുകയാണെങ്കിൽ അതിന് ആവശ്യമായ ചിലവുകളൊക്കെ ആ ഫണ്ടിൽ നിന്നും അനുവദിക്കുന്നതായിരിക്കും.
”ആഹാ! കൊള്ളാലോ ”
എക്സാം ടെൻഷൻ ഒക്കെ പെട്ടെന്ന് പോയ പോലെ. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഫണ്ട്! കൺഫ്യൂഷൻ മേഘങ്ങളെല്ലാം പെട്ടെന്ന് പുതു മഴയായി…
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.ഡോർമിറ്ററി യിൽ തിരിച്ചെത്തി ലാപ് ടോപ്പിൽ സെർച്ച് ചെയ്തു ഒരു ഇന്ത്യൻ കോൺഫറൻസ് കണ്ടുപിടിച്ചു ഷില്ലോങിൽ ജൂൺ മാസത്തിലെ കോൺഫറൻസിലേക്ക് അപ്ലൈ ചെയ്തു നോർത്ത് ഈസ്റ്റ് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ല ഇതുതന്നെ ഒരു ചാൻസ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏജൻറ് വാട്സ്ആപ്പ് മെസ്സേജ് അയച്ചു ഞാൻ പരീക്ഷ തിരക്കുകളിലേക്ക് മുഴുകി. കാർമേഘങ്ങളും കൊള്ളിയാനുകളും എൻറെ തലയിൽ ഓടി നടന്നു.
അങ്ങനെ ഒരു ജൂൺ പതിമൂന്നാം തീയതി വൈകുന്നേരം ബാങ്കോക്കിലെ സ്വർണ്ണഭൂമി എയർപോർട്ടിൽ നിന്ന് കൽക്കട്ടയിലേക്ക് ഒരു സ്പൈസ് ജെറ്റ് വിമാനം കയറി.കടും ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച എയർഹോസ്റ്റസ് രണ്ടു തവി ഉപ്പുമാവിന് 250 രൂപ ചാർജ് ചെയ്തു രസം കൊല്ലിയായി. പക്ഷേ ഞാൻ തോറ്റു പിന്മാറാതെ കൽക്കട്ടയിൽ ഇറങ്ങി ഇൻഡിഗോ പിടിച്ചു .മണിക്കൂറുകൾ നീണ്ട ട്രാൻസിറ്റ് ട്രാവൽ ക്ഷീണിപ്പിച്ചുവെങ്കിലും നോർത്തീസ്റ്റ് ഇന്ത്യ ആദ്യമായി കാണാൻ പോകുന്നതിന്റെ ഒരു സന്തോഷം എനിക്കുണ്ടായിരുന്നു. . പറ്റിയാൽ മേഘാലയിൽ നിന്ന് രണ്ട് മേഘം അടിച്ചു മാറ്റണം.കൂട്ടുകാരോട് തള്ളി മറിക്കാൻ ഒരു നല്ല . അവസരമാണല്ലോ… യേത് ?ആരെങ്കിലും ഇത് വരെ ഒരു മേഘം തള്ളിയിട്ടുണ്ടോ ഗുയ്സ് ?
കുഞ്ഞു പഞ്ഞിക്കെട്ടുകൾ വാരി വിതറിയത് പോലെ മേഘങ്ങൾ ചിതറിയ ആകാശത്തുകൂടെ ഷില്ലോങ് എയർപോർട്ടിൽ ഇറങ്ങിയ ഞാൻ എയർപോർട്ടിന്റെ വലിപ്പം – അല്ല ചെറുപ്പം- കണ്ട് അമ്പരന്നുപോയി. നാല് പാടും ഉയർന്ന മലനിരകൾക്കിടയിൽ ഒരു കുഞ്ഞൻ എയർപോർട്ട്. വന്നിറങ്ങിയ വിമാനവും വളരെ ചെറുത് ആണെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. കടും നീലയും വെള്ളയും പൂശിയ ഒരു മേഘ കീറു താഴേക്ക്പോ ഇറങ്ങിയത് പോലെ….
എവിടെ നോക്കിയാലും ആകാശത്ത് മേഘങ്ങൾ… തണുപ്പ്.. കോട്ടിന്റെ കോളർ ഉയർത്തി വെച്ചേക്കാം. ഇല്ലെങ്കിൽ നാളെ കോൺഫെറെൻസിൽ സംസാരിക്കാൻ ശബ്ദം ഉണ്ടാവില്ല… ഹൈ ബ്രീമ് ഹാറ്റ് കൊണ്ട് ചെവിയും മൂടി. മേഘങ്ങൾ ചെവി വഴി അകത്ത് കയറിയാലോ?
വളരെ കുറച്ച ആളുകൾ മാത്രം ഉണ്ടായിരുന്ന എയർപോർട്ടിൽ ഞാൻ ടാക്സി പോയിൻറ് കണ്ടുപിടിച്ചു പുറത്തേക്കിറങ്ങി പരിചയമില്ലാത്ത സ്ഥലമാണല്ലോ എന്തായിരിക്കും ഇവിടുത്തെ ടാക്സിക്കാരുടെ ഒരു നിലപാട് എന്ന് ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ ഒന്ന് രണ്ടു പേർ ടാക്സി വേണമെന്ന അന്വേഷിച്ചു കൊണ്ട് അടുത്തേക്ക് വന്നു. ഒരാളെ പറഞ്ഞു സെറ്റ് ആക്കി . പുള്ളിയുടെ പേര് എഡ്വിൻ .1200 രൂപ കൊടുത്താൽ എന്നെ യൂണിവേഴ്സിറ്റിയിൽ ഉണ്ടാക്കി തരാമെന്ന് കരാർ ആക്കി. ലഗേജ് കാറിന്റെ ഡിക്കിയിൽ വെച്ച്, മലഞ്ചെരുവിലെ റോഡിന് അറ്റത്ത് കാണുന്ന കൂറ്റൻ മേഘങ്ങളിലേക്കുള്ള യാത്ര ഞങ്ങൾ തുടങ്ങി.
എഡ്വിൻ ബ്രോ പറഞ്ഞത് അനുസരിച്ച് ഒന്നരമണിക്കൂർ യാത്രയുണ്ട്. റോഡിൽ ആളുകളും വാഹനങ്ങളും ഒക്കെ വളരെ കുറവ്.സാധനങ്ങൾ കയറ്റിയ ലോറികളും വല്ലപ്പോഴും ചില കാറുകളും മാത്രമാണ് വഴിയിൽ ഉള്ളത്. വൃത്തിയുള്ള റോഡുകൾ. ചുറ്റുപാടും മനോഹരമായ പച്ചപ്പ് മലഞ്ചെരുവുകളിലൂടെ, കൃഷിയിടങ്ങളിലൂടെ, വല്ലപ്പോഴും കാണുന്ന ഒരു ജനപദത്തിലൂടെ… അങ്ങനെ ഞങ്ങൾ മുന്നോട്ടു പോയി. പച്ചക്കറികളും ചോളവും കൃഷി ചെയ്യുന്ന മലഞ്ചെരിവുകളിൽ സ്ത്രീകൾ ജോലികൾ ചെയ്യുന്നു. ഇടത്തെ തോളിൽ ദുപ്പട്ട കുടുക്കി കെട്ടി, കൂർമ്പൻ കുട്ടകളിലേക്ക് വിളകൾ കൊയ്ത് നിറച്ചുകൊണ്ട് ഏതോ ഭാഷയിലുള്ള ഈരടികൾ അവർ ആ ചെരിഞ്ഞു കിടക്കുന്ന പാടങ്ങളിലേക്ക് ഉല്ലാസ മേഘങ്ങളായി പറത്തിവിട്ടു കൊണ്ടിരുന്നു.
ഇടയ്ക്ക് ഒരു പെട്രോൾ പമ്പ് കണ്ടപ്പോൾ വണ്ടി നിർത്തി എടിഎമ്മിൽ കയറി എടുത്തു. ക്യാഷ് കിട്ടിയില്ലാരുന്നെങ്കിൽ പാവം ബ്രോ തായ്ബാത്ത് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേനെ. എന്തായാലും ബ്രോയെ ഒന്ന് വിശദമായി പരിചയപ്പെട്ടേക്കാം ബ്രോ ഖാസി ഗോത്രക്കാരൻ ആണ് നാലു മക്കൾ രണ്ടാണും രണ്ടു പെണ്ണും ഭാര്യ വീട്ടുജോലികളും അത്യാവശ്യം കൃഷിപ്പണികളുമായി അങ്ങനെ . ബ്രോയുടെ വിദ്യാഭ്യാസംവിദ്യാഭ്യാസം രണ്ടാം ക്ലാസ് വരെ മാത്രം പക്ഷേ മക്കളെല്ലാം സ്കൂളിൽ പോകുന്നുണ്ട്. കേരളത്തെക്കുറിച്ച് ബ്രോ കേട്ടിട്ടുണ്ട്. മുറി ഹിന്ദിയിൽ പറഞ്ഞുകൊണ്ടിരുന്ന വിശേഷങ്ങൾ സൗഹാർദ്ദത്തിന്റെ ഒരു മേഘ തണൽ ആ യാത്രയിൽ എനിക്ക് തന്നു
യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞത് ഇത് ഒരു താൽക്കാലിക ക്യാമ്പസ് ആയതുകൊണ്ട് സൗകര്യങ്ങൾ ഒക്കെ വളരെ കുറവ്. ഉത്തരവാദിത്തപ്പെട്ട ആരെയും കാണാനും ഇല്ല സെക്യൂരിറ്റിയോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഒരു ഫോൺ നമ്പർ കിട്ടി. ഉള്ള ഹിന്ദിയും ഇംഗ്ലീഷും ഒക്കെ വെച്ച് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് താമസം മറ്റൊരിടത്താണ് അറേഞ്ച് ചെയ്തിരിക്കുന്നത് കോൺഫറൻസിന്റെ വളണ്ടിയേഴ്സ് വരാൻ അല്പം താമസമുണ്ട് അവർ വന്നാൽ അവിടേക്ക് കൊണ്ടുപോകും .
വെയിറ്റിംഗ് എന്ന് കേട്ടപ്പോഴേക്കും നമ്മുടെ ബ്രോ യുടെ മുഖത്ത് കാർമേഘങ്ങൾ കുമിഞ്ഞു കൂടി.. ബ്രോ പോയാൽ ലഗേജും കൊണ്ട് ഞാൻ ആകെ കഷ്ടപ്പെടും.സാരമില്ല ബാലരമയിലെ മായാവിയെ പിടിക്കാറുള്ള കുപ്പി ഒരെണ്ണം ഞാൻ എപ്പോഴും കരുതാറുണ്ടല്ലോ.നോക്കിയപ്പോൾ ഒരു ഒരു ചെറിയ കാൻറീൻ അടുത്ത് കണ്ടു “നമുക്ക് ഊണ് കഴിച്ചാലോ” ബ്രോയുടെ മുഖത്ത് ഒരു സന്തോഷ മേഘക്കീറു പറ്റിപ്പിടിച്ചു.
ഒരു ചെറിയ മുറിയിൽ നാല് ബെഞ്ചും ഡസ്കും പിടിച്ചിട്ട് തയ്യാറാക്കിയ ആ താൽക്കാലിക സംവിധാനത്തിൽ ഒരു മൂലയ്ക്ക് കുറച്ച് ചോറും കറികളും പ്ലേറ്റും കണ്ടു. ഞങ്ങൾ ഒരു വിധത്തിൽ ഒക്കെ ഉണ്ടു . കൈകഴുകാൻ വാഷ് . ബേസിൻ അന്വേഷിച്ച് നടന്നുതോറ്റുപോയ എനിക്ക് എവിടെനിന്നോ ഒരു മഗ് വെള്ളം ബ്രോ സംഘടിപ്പിച്ചു തന്നു.ബ്രോ കി ജയ് …
കാർ തിരിച്ച് ഇടാൻ ബ്രോ പോയ സമയത്ത് ഞാൻ കൗണ്ടറിൽ പൈസ കൊടുക്കാൻ പോയി.. അപ്പോഴാണ് അവിടെ കുറച്ച് സ്വീറ്റ്സ് ഇരിക്കുന്നത് എൻറെ കണ്ണിൽ പെട്ടത് ഓരോന്ന് വീതം ഓർഡർ ചെയ്തു. ഒരെണ്ണം അപ്പോൾ തന്നെ ഞാൻ വിഴുങ്ങി. അല്ലെങ്കിലും നല്ല കാര്യങ്ങൾ ഞാൻ ഒട്ടും താമസിപ്പിക്കാറില്ല
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ബ്രോയുടെ മുന്നിലേക്ക് സ്വീറ്റ്സ് നീട്ടിയപ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം സന്തോഷത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടുകൊണ്ട് ഞാൻ കാറിൻറെ പുറകുവശത്തേക്ക് കയറി എനിക്ക് വഴി കാണിച്ചു തരാനുള്ള വോളണ്ടിയർ കാറിനടുത്തേക്ക് വരുന്നു എന്ന് അറിയിച്ചുകൊണ്ട് ഒരു ഫോൺകോൾ അപ്പോഴാണ് വന്നത്. അല്ലെങ്കിലും എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ടല്ലോ.
“ഖൂബ് ലേ ഷിബോൽ !”
ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ബ്രോ തിരിഞ്ഞ് ഇങ്ങനെ പറയുന്നത് കേട്ട് ഞാൻ അന്തംവിട്ടു. ഇതുവരെ ഹിന്ദി പറഞ്ഞുകൊണ്ടിരുന്നതാണല്ലോ എന്താണാവോ?
“ബ്രോ ആപ് ആപ്പ് നെ ക്യാ ബോലാ?”
വിശദീകരിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്. പല ഭാഷകൾ സംസാരിക്കുന്നവരാണ് മേഘാലയക്കാർ അതിൽ ഖാസി ഭാഷയിൽ താങ്ക്യൂ വെരി മച്ച് എന്നാണ് ഈ പറഞ്ഞ വാക്കിനർത്ഥം.അല്ലെങ്കിലും പഞ്ചസാരയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
സ്റ്റുഡൻറ് വളണ്ടിയർനേയും കയറ്റി അയാൾ പറഞ്ഞ വഴിയിലൂടെ ഒരു 15 മിനിറ്റ് ഡ്രൈവ് ചെയ്തപ്പോൾ ഗസ്റ്റ് ഹൗസ് എത്തിച്ചേർന്നു. ലഗേജ് എടുത്തു വയ്ക്കാൻ ബ്രോ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. തിരിച്ചു പോകേണ്ട ഫ്ലൈറ്റ് സമയം അന്വേഷിച്ച്, വന്നു കൂട്ടിക്കൊണ്ടു പോകാമെന്ന് വാക്കും തന്നു, ഞാൻ കൊടുത്ത ഇന്ത്യൻ റുപ്പി നോട്ടുകൾ പോക്കറ്റിലേക്ക് വച്ച്,ഒരു മുഴുവൻ ചിരിയോടെ ബ്രോ കാർ വേഗത്തിൽ ഓടിച്ചു പോയി. ഗേറ്റിന്റെ ഇരുവശങ്ങളിലും വെച്ചിരുന്ന പോപ്പിച്ചെടികൾ ഇരുവശത്തേക്കും കടും ചുവപ്പ് പൂക്കൾ വീശി ബ്രോയെ യാത്രയയച്ചു…..
ചൂടുവെള്ളത്തിൽ ഒരു കുളി പാസാക്കി യാത്രാ ക്ഷീണത്തിന്റെ കാർമേഘങ്ങളെ മുഴുവൻ പെയ്യിച്ചു ക്കളഞ്ഞ് ഞാൻ വന്നപ്പോഴേക്കുംറൂം സർവീസ് ഡിന്നർ കൊണ്ടുവന്നു വച്ചു . ചപ്പാത്തിയും പച്ചക്കറിയും കഴിച്ചുകൊണ്ട് ഞാൻ അന്നത്തെ വിശേഷങ്ങളൊക്കെ കൂട്ടുകാർക്ക് whatsapp മെസ്സേജ് ആയി അയച്ചു കൂട്ടത്തിൽ ഞാൻ പഠിച്ച പുതിയ വാക്കും. പകർന്നുകൊടുക്കുന്നതോറും അറിവ് കൂടുമെന്നാണല്ലോ. പക്ഷേ അത് ഏറ്റുവാങ്ങാൻ ആരും ഓൺലൈൻ ഉണ്ടായിരുന്നില്ല… രസം കൊല്ലികൾ…..
സൂര്യൻ അസ്തമിച്ചപ്പോഴേക്കും തണുപ്പ് 18 ഡിഗ്രി സെൽഷ്യസ് ആയി കഴിഞ്ഞിട്ടുണ്ടായിരുന്നു. റൂം ഹീറ്റർ ഓൺ ചെയ്തു രണ്ടു വലിയ കമ്പിളി വിരികളുടെ ഇളം ചൂടു മേഘത്തിലേക്ക് ഞാൻ തല ചായ്ച്ചു .
പുറത്ത് കെട്ടിപ്പിടിച്ച് ഇരുട്ട്.ആകാശവും മേഘങ്ങളും ഒന്നും കാണാനില്ല…ആനക്കൊമ്പിന്റെ നിറമുള്ള സുതാര്യമായ കർട്ടൻ വിരിച്ച ജനലിലൂടെ ഒഴുകി വീഴുന്ന വഴിവിളക്കിന്റെ നേർത്ത ഇളം മഞ്ഞ പ്രകാശം എൻറെ എല്ലാ അപരിചിതത്വവും തഴുകി അകറ്റി…. സമാധാനപരമായ ദിവസങ്ങളാണ് മുന്നിലുള്ളത് എന്ന് ഒരുറപ്പ് എന്തോ എന്നിലേക്ക് ഇറങ്ങി. ഇറങ്ങിവന്നു.“ഖൂബ് ലെ ഷിബോൾ..” എൻ്റെ എൻറെ മനസ്സ് ആ വാക്ക് ഒരു മേഘരാഗം പോലെ മൂളി കൊണ്ടിരുന്നു….
മെല്ലെ ഞാൻ പകുതി ഉറക്കത്തിലേക്ക് വഴുകിക്കൊണ്ടിരിക്കവെ,. വാട്സ്ആപ്പിന്റെ നോട്ടിഫിക്കേഷൻ ടോൺ എൻറെ കണ്ണ് തുറപ്പിച്ചു.. നേരത്തെ വിശേഷങ്ങൾ പങ്കുവെച്ച ചങ്ക് ഓൺലൈനിൽ വന്നിരിക്കുകയാണ്.
“എടോ.. ആ പുതിയ വാക്ക്… അത് സുപ്രീം കോടതിയിലെ ഒരു വക്കീലിന്റെ പേരല്ലേ?
ഒരു രാ പക്ഷിയുടെ നീട്ടി മൂളലിൻറെ താളത്തിൽ ഒരു കറു കറുത്ത മേഘം ഞാൻ കണ്ണുകളിലേക്ക് വലിച്ചിട്ടു…….
(ചിലപ്പോൾ തുടരും)
3 Comments
Nice❤️
ട്ടപ്പ്ട്ടപ്പ്ട്ടപ്പ് ട്ടപ്പേട്ടപ്പ് …..👏👏🙌🙌
നല്ല രസം വായിചച്ചു പോകാൻ… അടുത്തതും പെട്ടെന്ന് ആയിക്കോട്ടെ