ജോലിസംബന്ധമായ യാത്രകളിൽ പരമാവധി അതാത് സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളേയും പ്രമുഖരേയും നേരിട്ടു കണ്ട് സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. അത് കാപ്ര പറയുന്നതു പോലെ പരമാർത്ഥമായ സത്യമാണ്. അല്ലാണ്ട് കുത്തും കോമയുമൊന്നുമല്ല. മുത്തുവും തോമയുമൊക്കെ മ്മടെ സുഹൃദ് വലയത്തിൽ ഉള്ളവരൊക്കെ തന്ന്യാ.
അങ്ങനെ ഇത്തവണത്തെ സാൻഹോസെ യാത്രയ്ക്കിടയിൽ ടീം ഡിന്നർ കഴിഞ്ഞതും ബാല്യകാല സുഹൃത്തായ മത്തായി ഇന്ത്യയിൽ നിന്നും വെക്കേഷന് എത്തിയിട്ടുണ്ട് കാണണം എന്നു പറഞ്ഞതു കൊണ്ട് ” ടാക്വേരിയ ട്ളാക്വേ പ്ലാക്വേ ” യിൽ സന്ധിക്കാം എന്നു തീരുമാനിച്ചു. അവന്റെ അളിയനാണ് ഡ്രോപ്പ് ചെയ്തത്.
ടാക്വേരിയ ട്ളാക്വേ പ്ലാക്വേ ഒരു പ്രസിദ്ധമായ മെക്സിക്കൻ റെസ്റ്റോറന്റ് ആണ്. അവിടത്തെ ” ഷവേല ” കഴിച്ചിട്ടില്ലാത്തവരുണ്ടെങ്കിൽ ഒന്നു ട്രൈ ചെയ്തിരിക്കേണ്ടതാണ്. ഒരടാർ സാധനം തന്ന്യാണ്. സംഗതി മ്മടെ സോമരസപാനീയം തന്ന്യാ. നല്ല തണുപ്പിച്ച ഗ്ലാസ്സിൽ അതിനേക്കാൾ തണുപ്പിച്ച സേവിസേട്ടൻ്റെ ചിൽഡ് ബിയറും പിന്നെ സൊയമ്പൻ ടെക്ക്വിലയും… ഹൊ.. ന്റെ കാർത്തുമ്പീ.. വട്ടോളി മാഷ് പറേണ പോലെ പറഞ്ഞു പോകും “പടയപ്പാ” ന്ന് .
മത്തായിയെക്കണ്ട സന്തോഷത്തിൽ കുശലാന്വേഷണങ്ങൾക്കിടയിൽ ഞാനവനു വേണ്ടി ഒരു സ്പെഷ്യൽ ഷവേല ഓർഡർ ചെയ്തു. അവനാദ്യമായാണ് ഷവേല കുടിക്കുന്നത്. സ്പെഷ്യൽ ഷവേല ന്നു പറഞ്ഞാ ഒരു ഗുമ്മ് കിട്ടാൻ വേണ്ടി ഒരു എക്സ്ട്രാ ടെക്ക്വില ഷോട്ട് കൂടി ചേർക്കും.
പതുക്കെ കുടിക്കേണ്ട ഷവേല, മത്തായി ഒറ്റയടിക്ക് മടമടാന്ന് കുടിച്ച് ദശമൂലത്തിനെപ്പോലെ കരുത്തു തെളിയിച്ചു . എന്നിട്ട് പറയ്വാ ” ഡാ സംഗേശാ.. ഇതില്‍ ടെക്ക്വിലയൊന്നൂല്ലാ.. ഒക്കെ മിത്താ.. “
ആഹാ… എന്നാലതു തെളിയിച്ചിട്ടു തന്നെ ബാക്കി കാര്യം. ഒരു സ്പെഷ്യൽ ഷവേല കൂടി ഓർഡർ ചെയ്തു.
അവനതും മടമടാന്ന് കുടിച്ചവസാനിപ്പിച്ചു. എന്നിട്ട് പറയ്വാ ” ഇതില്‍ ഒറപ്പായും ടെക്ക്വിലയൊന്നൂല്ലാ, ഇത് മിത്ത് തന്നെ.. ഒറപ്പ് “
അടുത്ത രണ്ട് സ്പെഷ്യൽ ഷവേല അവനാണ് ഓർഡർ ചെയ്തത്.
അതടിച്ചതും പിന്നെ മത്തായി ഫുൾ ഫോമിലായി.. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ഭാര്യ ഷേർലിയേയും വീട്ടുകാരേയും കുറ്റം പറഞ്ഞു. അടുത്തതായി മുന്നിലിരിക്കുന്നത് ഞാനാണ് എന്നു കൂടി കണക്കാക്കാതെ എന്നെപ്പറ്റി കണക്കില്ലാതെ കുറ്റങ്ങൾ പറഞ്ഞു.
എന്നിട്ട് എഴുന്നേറ്റ് നിന്നതും മൂക്കും കുത്തി സാഷ്ടാംഗപ്രണമാമൃഹം.. പിന്നീട് കഷ്ടപ്പെട്ട് ഗ്യാസുകുറ്റി ഉരുട്ടുന്നതുപോലെ ഉരുട്ടിയാണ് ഒരു വിധേന കാറിലേയ്ക്കെത്തിച്ചത് .
ഷവേല കുടിച്ചിട്ടുള്ളവർക്ക് അറിയാം അതിന്റെ പ്രവർത്തനരീതി .
ഇന്നെന്തായാലും മത്തായിയെക്കൊണ്ട് ” ടാക്വേരിയ ട്ളാക്വേ പ്ലാക്വേ ” ന്ന് നാക്കു കുഴയാതെ ഒരു പത്തിരുപത് പ്രാവശ്യമെങ്കിലും പറയിക്കണം.
ചുള്ളൻ