അച്ഛന്റെ വീട്ടിലെ ഓണം കഴിഞ്ഞാൽ അവിട്ടത്തിന്റെ സദ്യ അമ്മേടെ വീട്ടിൽ നിർബന്ധം. രണ്ടാം ഓണം, മൂന്നാം ഓണം. എല്ലാ പേരക്കുട്ടികളെയും നോക്കി അമ്മമ്മ ഇരുപ്പുണ്ടാകും. എല്ലാർക്കും ഓണകോടിയും കാണും. അതൊക്കെയിട്ടൊരു നടപ്പുണ്ട്. 😍
ഓണ സദ്യയും അച്ഛൻ വീട്ടിലേപോലെ അല്ല അമ്മ വീട്ടിൽ. ജില്ല മാറുമ്പോ അതിന്റെ വ്യത്യാസം കാണുമല്ലോ. കോഴിക്കോട്ടിൽ അമ്മമ്മ ഉണ്ടാക്കുന്ന സദ്യയുടെ സ്പെഷ്യൽ ഒരു നോൺവെജ് ഐറ്റം ആണ്. എല്ലാവരും ഒന്ന് ഞെട്ടും. പ്രേത്യേകിച്ചു തെക്കൻ കേരളീയർ. അതെ ഞങ്ങൾ മലബാറുകാർക്ക് നോൺവെജ് സദ്യയും ഉണ്ട് കേട്ടോ.
ഞങ്ങൾ മലബാറുകാർക്ക് ഇത് അത്ര പുതുമയല്ല. കുറച്ചങ്ങോട്ട് മാറിയാൽ കണ്ണൂരൊക്കെ എത്തിയാൽ ചിക്കൻ മാത്രമല്ല നല്ല അസ്സല് മീൻ പൊരിച്ചതും സദ്യയിൽ താരമാണേ.
ഞാൻ ഇതൊക്കെ തെക്കോട്ടുള്ള ഫ്രണ്ട്സിനോട് പറഞ്ഞാൽ അവരൊക്കെ അയ്യേന്ന്. പറയും. സദ്യയിൽ നോൺവെജ് വിളമ്പുമോന്നൊക്കെ ചോദിക്കും.
സദ്യയിലെ മറ്റുള്ള വിഭവങ്ങളിലും വ്യത്യാസമുണ്ട്. സാമ്പാർ ഞങ്ങൾ വരുത്തരച്ചതേ ഉണ്ടാക്കൂ. പിന്നെ അവിയൽ,പുളിയിഞ്ചി,എരിശ്ശേരി. എല്ലാം പേരൊന്ന് ആണേലും വെക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. പിന്നെ ഞങ്ങൾ മലപ്പുറം കോഴിക്കോട് സദ്യയിൽ മത്തനും മമ്പയറും എരിശ്ശേരി സ്പെഷ്യൽ വിഭവം ആണ്. എരിശ്ശേരി എന്നു പറഞ്ഞാൽ തേങ്ങ അരപ്പ് ചേർക്കാത്ത എരിശ്ശേരി. തേങ്ങ നന്നായി ബ്രൗൺ കളർ ആകുന്നത് വരെ വറുക്കും. എന്നിട്ട് വേവിച്ച മത്തനിലേക്ക് ചേർക്കും. നല്ല ടേസ്റ്റ് ആയിരിക്കും. ഉപ്പേരിയിൽ മിക്കതും പയർ ഉപ്പേരി ഉണ്ടാകും. കാബേജ് തോരനും കാണും. അങ്ങനെ അങ്ങനെ ഞങ്ങൾ മലബാറുകാരുടെ ഓണം എല്ലാം വളരെ വ്യത്യാസമുള്ളതാണ്.
അമ്മ വീട്ടിലെ ഓണ സദ്യക്ക് ഇലയിൽ ഒരു സൈഡിലായി അസ്സല് നോൺ വെജ് വിഭവം “വറുത്തരച്ച ചിക്കൻ കറി”. കറി എന്നു പറയുമ്പോൾ ഒരുപാട് നീട്ടിവലിച്ചു ഉണ്ടാക്കാതെ കുറുക്കിയെടുത്ത നാടൻ കോഴികറി. മലപ്പുറത്തെ അച്ഛൻ വീട്ടിൽ ഓണ സദ്യയിൽ നോൺ വെജ് കാണില്ല.
അതുകൊണ്ട് തന്നെ അമ്മ വീട്ടിലെ സദ്യയെക്കുറിച്ച് പറയുമ്പോൾ അച്ഛൻ വീട്ടുകാർ കളിയാക്കാറുണ്ട്.
അപ്പോൾ അമ്മമ്മേടെ വരുത്തരച്ച ചിക്കൻ കറി വെക്കാൻ ഞാൻ പറഞ്ഞു തരാം.
ആദ്യമൊക്കെ അമ്മമ്മ വലിയ ചെമ്പിൽ വെക്കുമായിരുന്നു. ഇപ്പോൾ അമ്മമ്മയും കുക്കറിന്റെ ആൾ ആണു കേട്ടോ. പരിഷ്കാരം വരുന്നുണ്ട്. 😂
ചേരുവകൾ
1. ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കിയത്.
2. സവാള 2 വലുത്
3. തക്കാളി 4
4. വെളുത്തുള്ളി 6 അല്ലി
5. ഇഞ്ചി ഒരു വലിയ കഷ്ണം
6. പച്ചമുളക് 4 എണ്ണം
7. ഉരുളകിഴങ്ങ് 2 എണ്ണം
8. കറി വേപ്പില
9. മഞ്ഞൾ പൊടി അര ടീസ്പൂൺ
10. മല്ലി പൊടി 3 ടീസ്പൂൺ
11. മുളകുപൊടി ഒന്നര ടീസ്പൂൺ
12. ഗരം മസാല 1 ടീസ്പൂൺ (പൊടി വേണേൽ ചേർക്കാം.. അമ്മമ്മ പട്ട ,ഗ്രാമ്പൂ,ഏലക്ക,വറുത്ത് പൊടിച്ചു ചേർക്കും)
13. തേങ്ങ വരുത്തരച്ചത്. ( തേങ്ങ ബ്രൗൺ കളർ ആകുന്നതുവരെ വറുക്കണം. തേങ്ങ വറക്കാൻ വലിയ ജീരകം,ചുമന്ന ഉള്ളി,വെളുത്തുള്ളി,കറി വേപ്പില ചേർക്കണം). ചൂടാറിയാൽ അരച്ചെടുക്കാം.
ഒന്നു മുതൽ 12 വരെയുള്ള ചേരുവകൾ കുക്കറിൽ ഒന്നിച്ചിട്ട് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കുറച്ചു വെള്ളവും ഒഴിച്ചു വേവിക്കണം. ഒരു വിസിൽ മതിയെ.
വെന്തുകഴിഞ്ഞ് ചിക്കനിലേക്ക് അരപ്പ് ചേർത്ത് ഇളക്കാം. ഒന്നു തിളച്ചുകഴിഞ്ഞാൽ വരുത്തരച്ച ചിക്കൻ കറി റെഡി ആകും. ഒരുപാട് വെള്ളമില്ലാതെ കുറച്ച് കുറുക്കി വേണം തയ്യാറാക്കാൻ. ഇലയിൻ തുമ്പത്ത് ഇട്ടുകൊടുത്താൽ ഒഴുകി പോവരുത്. അതു പ്രത്യേകം ശ്രദ്ധിക്കണേ. സദ്യയാണെന്ന് മറന്നു പോകരുത്.
വെന്ത ചിക്കനിൽ അരപ്പ് ഒഴിക്കുമ്പോൾ തന്നെ ഒരു പ്രത്യേക മണം അവിടെയെല്ലാം പരക്കും.
അപ്പോ ഞങ്ങളുടെ നോൺവെജ് സദ്യ ഇഷ്ടമായോ. ഒന്നു ട്രൈ ചെയ്തു നോക്കൂ.
ഫോട്ടോ: ഗൂഗിൾ
4 Comments
👍👍
❤️❤️
👌👌👌
❤️😍