മുറ്റത്തെ അതിരിലെ സ്വർണനിറമുള്ള ചെമ്പകം പൂക്കുന്ന മരം ശബ്ദമേതുമില്ലാതെ നിലം പൊത്തുന്നത് നിസ്സംഗയായി അവൾ നോക്കിനിന്നു. മഴയിൽ മണം നഷ്ടപ്പെട്ട് മണ്ണോട് ചേർന്നമർന്ന ചെമ്പകപ്പൂക്കളുടെ ഗന്ധം മുകരാൻ മൂക്കു വിടർത്തി അവളൊരു പാഴ്ശ്രമം നടത്തി നോക്കി.
തീരദേശ ഹൈവേയുടെ വികസനത്തിനുവേണ്ടി പകുതിവീടും മുഴുവൻമുറ്റവും സർക്കാരിന് വിട്ടുകൊടുത്തപ്പോൾ ഇടതു ഭാഗത്തെ സപ്പോട്ടമരവും വലതുഭാഗത്തെ ചെമ്പകവും പരസ്പരം വാർത്ത കണ്ണീർ തട്ടിത്തടഞ്ഞു ഒഴുകിപ്പോയത് നാൽപതിലെത്തിയ അവളുടെ കവിളിലൂടെ ആയിരുന്നു.
ആറാം ക്ലാസ് ബി യിലെ ഓട് ചോർന്നൊലിക്കുന്ന ഇടവപ്പാതിയിലാണ് ക്ലാസിലെ വിരൂപനും കൂട്ടുകാരാൽ ഒറ്റപ്പെട്ടവനുമായ സുന്ദരൻ ആ ചെമ്പകതൈ അവൾക്ക് സമ്മാനിച്ചത്. ചെവിക്കിടയിൽ സ്വർണ്ണചെമ്പകങ്ങൾ
തിരുകിവെച്ച് ക്ലാസ്സിൽ വന്നിരുന്ന സുന്ദരനെ പൂക്കൾക്ക് വേണ്ടി അവൾ കൂട്ടുകാരനാക്കി. അവളുടെ മുറ്റത്തെ ചെമ്പകതൈ അവളോളം ഉയരത്തിൽ എത്തുമ്പോഴേക്കും അവനവളുടെ ഉറ്റ ചങ്ങാതിയായി മാറിയിരുന്നു.
ഏഴാം ക്ലാസിലെ തുലാവർഷപ്പെയ്ത്തിൽ നിറഞ്ഞ സ്കൂളിനറ്റത്തുള്ള അമ്പലക്കുളത്തിൽ നിന്നും പൊക്കിയെടുത്ത ജീവനില്ലാത്ത… ചെമ്പകമണമില്ലാത്ത അവളുടെ സുന്ദരനെയും അവന്റെ ചെവിക്കിടയിലെ ചെമ്പക മണത്തേയും ഉണർത്തി കൊണ്ട് അവളുടെ പതിനഞ്ചാം വയസ്സു മുതൽ ചെമ്പകം പുഷ്പിക്കുകയും ഓർമകളാൽ അവളെ വീർപ്പുമുട്ടിക്കുകയും ചെയ്തു.
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വീട്ടിൽ തിരിച്ചെത്തുന്ന ഓരോ ഇടവേളയിലും അവൾക്കു വേണ്ടി സുന്ദരന്റെ ചെമ്പകം പൂക്കുകയും മണം പരത്തുകയും ചെയ്തു.
ചെമ്പകമരച്ചോട്ടിൽ അതിരിടുന്ന ഹൈവേയുടെ ആറുവരി പാതയിൽ ഇനിയും പൂക്കാൻ സുന്ദരന്റെ ചെമ്പകമണമുള്ള ഓർമ്മകൾ മാത്രമേയുള്ളൂ എന്ന് ജെസിബി യുടെ കൈകളാൽ വേരുപിഴുതെറിയപ്പെട്ട ചെമ്പകമരത്തിലെ ചതഞ്ഞരഞ്ഞ പൂക്കൾ അവസാനമായി അവളെ ഓർമിപ്പിച്ചു….
2 Comments
എന്നും ആ ചെമ്പകപൂക്കളുടെ സുഗന്ധം
പരക്കട്ടെ ഓർമ്മകൾ എന്നും നമ്മുടേത് ആണല്ലോ ❤️❤️
ഓർമകളിൽ എന്നും സുഗന്ധം പരക്കട്ടെ. വികസനത്തിന്റെ പേരിൽ ഓർമകളെ ഒഴിപ്പിക്കാൻ ആരും വരില്ലലോ. 👍🏻👍🏻❤️