ഇന്ന് എൻറെ മുത്തശ്ശി ജീവിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശതാബ്ദി ആഘോഷിക്കുമായിരുന്നു.
2000ആണ്ട്. ’ഡാർലിംഗ് ഡാർലിംഗ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഒരു ദിവസം അപ്രതീക്ഷിതമായി മുത്തശ്ശിയെ കാണാൻ പോൾ അങ്കിളിനോടൊപ്പം ദിലീപും യൂണിറ്റിലെ ചില അംഗങ്ങളും വീട്ടിലെത്തി. കുറച്ച് തുണികൾ ഒക്കെ തയ്ച്ചു തീർക്കാനുള്ള തിരക്കിലായിരുന്നു യൂണിറ്റ് അംഗങ്ങൾ. അതിനു വേണ്ട സൗകര്യം പോൾ അങ്കിൾ വീട്ടിൽ ചെയ്തു കൊടുത്തു. അവരുടെ ജോലി നടക്കുന്നതിനിടയിൽ മുത്തശ്ശി ദിലീപിനോട് കുശലാന്വേഷണം നടത്തി. കഥാപാത്രങ്ങളെ ഞൊടിയിടയിൽ ആവാഹിച്ച് അഭിനയിക്കാൻ കഴിവുള്ള അനുഗ്രഹീത കലാകാരിയായ മഞ്ജു വാര്യരെ വിവാഹം കഴിച്ച് മഞ്ജു ഒരു കുഞ്ഞിൻറെ അമ്മയായി വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന സമയമായിരുന്നു അത്.
മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാതെ ദിലീപ് വീട്ടിലിരുത്തിയിരിക്കുകയാണെന്ന പഴി നാലു വശത്തു നിന്നുള്ള ആൾക്കാർ പറയുന്ന സമയം. അഭിനയ സാമ്രാട്ടായ തിലകൻ പോലും മഞ്ജു ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടെങ്കിൽ താനില്ലാതെ ഷൂട്ട് ചെയ്യരുത് എന്ന നിർദ്ദേശം കൊടുത്തിരുന്നു ആ കാലഘട്ടത്തിൽ സംവിധായകർക്ക്. മഹാ നടനായ തിലകൻ പോലും കൊച്ചു കുട്ടിയായ മഞ്ജുവിനെ അംഗീകരിച്ചിരുന്നു എന്നർത്ഥം. അതിന് കാരണമായി തിലകൻ പറഞ്ഞിരുന്നത് തങ്ങൾക്ക് രണ്ടുപേർക്കും മത്സരിച്ചഭിനയിക്കണം, അതുകൊണ്ടാണ് താൻ അങ്ങനെ ആവശ്യപ്പെട്ടത് എന്ന് ആയിരുന്നു.
നിരന്തരം സിനിമാ മാസികകൾ ഇതൊക്കെ പറഞ്ഞു ദിലീപിനെ വേട്ടയാടി കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുത്തശ്ശിയുടെ നിലപാട് മറ്റൊന്നായിരുന്നു. “വളരെ നല്ല കാര്യം. നിങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം 100% ശരിയാണ്. ഒരു കുടുംബത്ത് സ്ത്രീക്ക് ചെയ്യാൻ അനേകം ജോലികളുണ്ട്. അതും കഴിഞ്ഞു അഭിനയിക്കാനുള്ള സമയം ഒന്നും കിട്ടില്ല. ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ഈ റോൾ ആ കുട്ടി ഭംഗിയായി ചെയ്യട്ടെ. അതുതന്നെയാണ് നല്ലത്. “
ഇപ്പോൾ കേൾക്കുന്ന സ്ത്രീപുരുഷ സമത്വത്തിൽ ഒന്നും മുത്തശ്ശിക്ക് വിശ്വാസമുണ്ടായിരുന്നില്ല. ജീവിതത്തിൽ സ്ത്രീക്കും പുരുഷനും വെവ്വേറെ റോളുകൾ ആണുള്ളത്.അവർ അവരവരുടെ ഭാഗം നന്നായി ചെയ്യുമ്പോൾ കുടുംബജീവിതം ഭദ്രം ആകുന്നു.
പോളേട്ടന്റ അമ്മയിൽനിന്ന് വന്ന ഈ വ്യത്യസ്ത ഫിലോസഫി കേട്ട് ദിലീപ് പുഞ്ചിരിച്ചു. ഉന്നത വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും ജീവിത യാഥാർഥ്യങ്ങളോട് വ്യക്തമായ കാഴ്ചപ്പാട് ഉള്ള മുത്തശിയെ മനസ്സാ ദിലീപ് അഭിനന്ദിച്ചിട്ടുണ്ടാകാം!
മുത്തശ്ശിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.
എൻറെ അമ്മ,പോൾ അങ്കിൾ, തോമസ്അങ്കിൾ, മുത്തച്ഛൻ ഇവരോടൊപ്പം സ്വർഗ്ഗത്തിൽ ഇരുന്ന് 2024 ജനുവരി 21ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുത്തശ്ശിയ്ക്ക് എൻറെ പിറന്നാൾ ആശംസകൾ നേരുന്നു.
മേരി ജോസി മലയിൽ, തിരുവനന്തപുരം.