”രാമായണം പടച്ചതാര്?
വിശന്നു പൊരിഞ്ഞ കാട്ടാളന്
ഭാരതം ചമച്ചതാര്?
മുക്കുവത്തിയുടെ മൂത്തചെക്കന്‍
ഗീതപാടി ഒരിടയന്‍
ഇടക്കാലക്കുതിരക്കാരന്‍
അതിന്റെയൊക്കെ വ്യാഖ്യാതാക്കള്‍
അതു ചൊല്ലിയാലശ്ലീലം”
ഈ വരികളിലൂടെ നമ്മെ ഏറെ ചിന്തിപ്പിച്ച വ്യക്തിത്വമായ മലയാളത്തിന്റെ ദാര്‍ശനിക എഴുത്തുകാരൻ, കവി, നിരൂപകന്, പത്രാധിപര്‍, സാംസ്കാരികപ്രവര്ത്തകന്, രാഷ്ട്രീയ ചിന്തകന്‍ എന്നിങ്ങനെ അനവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച എം.ഗോവിന്ദന്റെ ഓർമദിമാണ് ഇന്ന്.
മുകളിലെ വരികൾ വായിച്ചാൽ തന്നെ അദ്ദേഹത്തിന്റെ ജീവിതവിചാരവും കലാവിചാരവും മനുഷ്യന് എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നുവെന്ന് നമുക്ക് മനസിലാക്കാം.
1919 സെപ്റ്റംബര്‍ 18 ആം തിയതി പൊന്നാനി താലൂക്കില്‍ തൃക്കണ്ണാപുരത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറേക്കാലം സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പിന്നീട് കേരളത്തിലും തമിഴ്നാട്ടിലുമായി ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിനോക്കി. എം.എന്‍ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റാഡിക്കല്‍ ഹ്യൂമനിസ്റ്റ് ആശയവുമായി അടുപ്പിച്ചു. 1959 ല്‍ ജോലി രാജിവെച്ചു. 1963-65 കാലത്ത് ‘സമീക്ഷ’യുടെ പത്രാധിപരായിരുന്ന അദ്ദേഹത്തിന് മലയാളസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് സാഹിത്യകാരന്മാരെ വളര്‍ത്തിയതില്‍ നിര്‍ണ്ണായക പങ്കുണ്ട്.
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, കവിത, മേനക, എം.ഗോവിന്ദന്റെ കവിതകള്‍, നോക്കുകുത്തി, മാമാങ്കം, ജ്ഞാനസ്നാനം, ഒരു കൂടിയാട്ടത്തിന്റെ കവിത, തുടര്‍ക്കണി എന്നിവയാണ് അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങള്‍. നീ മനുഷ്യനെ കൊല്ലരുത്, ചെകുത്താനും മനുഷ്യരും, ഒസ്യത്ത് എന്നീ നാടകങ്ങളും മണിയോര്‍ഡറും മറ്റു കഥകളും, സര്‍പ്പം, റാണിയുടെ പെട്ടി, ബഷീറിന്റെ പുന്നാര മൂഷികന് എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവേകമില്ലെങ്കില്‍ വിനാശം എന്നത് പരിഭാഷയാണ്. പോയട്രി ആന്റ് റെനയ്സെന്സ് എന്നത് ഇംഗ്ലീഷിലുള്ള രചനയാണ്.
മാനുഷികമൂല്യങ്ങള്‍, അന്വേഷണത്തിന്റെ ആരംഭം, സ്വല്പം ചിന്തിച്ചാലെന്ത്, അറിവിന്റെ ഫലങ്ങള്‍, കമ്മ്യൂണിസത്തില്‍ നിന്നും മുന്നോട്ട്, സമസ്യകള്‍ സമീപനങ്ങള്‍, കരഞ്ഞ കവിതയും ചിരിച്ച തത്വജ്ഞാനിയും, പൂണൂലിട്ട ഡെമോക്രസി, ഇനി ഇവിടെ നിന്ന് എങ്ങോട്ട്, പുതിയ മനുഷ്യന് പുതിയ ലോകം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു രചനകള്‍.
ആപല്ക്കാലങ്ങളെ കുറിച്ചും ഏകച്ഛത്രാധിപത്യത്തെ കുറിച്ചും പലരൂപത്തിലുള്ള പാരതന്ത്ര്യങ്ങളെ കുറിച്ചും നമ്മെ നിരന്തരം ഓര്‍മ്മിപ്പിയ്ക്കുകയും അവയ്ക്കുവേണ്ടി കലഹിക്കുകയും ആക്രമിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത അദ്ദേഹം 1989 ജനുവരി 23 ആം തിയതി തന്റെ 70 ആം വയസ്സിൽ ഗുരുവായൂരിൽ വെച്ച് അന്തരിച്ചു.
-ശുഭം-