1930 ഒക്ടോബർ 23 ആം തിയതി തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമായിരുന്നു വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്.
രക്ഷിതാക്കൾ നഷ്ട്ടപ്പെട്ട ഒരു കുട്ടിയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. നാട്ടിലെ ഒരു ധനികന്റെ മകനായ ചന്ദ്രകുമാറിനെ ബാല്യകാലത്തില്‍ വില്ലനായ ഭൂതനാഥന്‍ കൊളംബോയിലേക്ക് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായിരുന്നു വിഗതകുമാരന്റെ കഥ.
ഒരുപാട് പ്രതീക്ഷകളോടെ മലയാളത്തിലെ ആദ്യ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ജെ.സി ഡാനിയേലിനെ കാത്തിരുന്നത് പക്ഷെ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയി അഭിനയിക്കുന്നതറിഞ്ഞ് യഥാസ്ഥിതികരായ സവർണർ രോഷാകുലരാവുകയും, ക്യാപ്പിറ്റോള്‍ തിയേറ്ററിന്റെ തിരശ്ശീല വലിച്ചുകീറുകയുമുണ്ടായി. സ്റ്റുഡിയോ അടച്ചുപൂട്ടി സിനിമാ സ്വപ്നം അവസാനിപ്പിക്കുക എന്ന വഴി മാത്രമേ ഡാനിയേലിന്റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. സിനിമയിലെ നായികയായ പി.കെ.റോസിക്കു നേരെയും ആക്രമണം ഉണ്ടായി. അവർക്ക് ജീവന് രക്ഷിക്കാന്‍ ആ നാട്ടില്‍ നിന്നും ഓടി പോകേണ്ടിവന്നു.
അത് മലയാള സിനിമയുടെയും ജെ.സി ഡാനിയേല്‍ എന്ന നിര്‍മ്മാതാവിന്റെ കൂടി പരാജയമായിരുന്നു. നെയ്യാറ്റിന്‍കരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്.
നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രണ്ടു തവണ സിലോണില്‍ പോയും ചിത്രീകരണം നടത്തുകയുണ്ടായി. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പന് നായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷന്‍.
ഇദ്ദേഹത്തിന്റെ ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ഇന്ന് ഈ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല.
1900 ഫെബ്രുവരി 26 ആം തിയതി അഗസ്തീശ്വരത്ത് ജനിച്ച ഡാനിയേൽ നന്നേ ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്നു.
വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതിക വിദ്യ പഠിക്കാൻ മദ്രാസിൽ പോയ അദ്ദേഹത്തിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയാണ് ചലച്ചിത്രസംവിധാനം പഠിച്ചത്. മുംബൈയിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ദാനിയേൽ കടബാദ്ധ്യതകളിൽ മുങ്ങി. സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ മലയാള സിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു.
അദ്ദേഹം തന്റെ 75 ആം വയസ്സിൽ 1975 ഏപ്രിൽ 27 ആം തിയതി വിടവാങ്ങി.
മലയാള ചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992 മുതൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തിയീട്ടുണ്ട്.
2013 ൽ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു. പൃഥ്വിരാജായിരുന്നു ചിത്രത്തില്‍ ജെ.സി ഡാനിയേലായി വേഷമിട്ടത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന് രചിച്ച ജെ.സി. ദാനിയേലിന്റെ ജീവചരിത്രത്തെയും വിനു എബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന കഥയേയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
മികച്ച ചിത്രത്തിനുളള അവാർഡുൾപ്പെടെ 2012 ലെ ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു.