മക്കൾക്കൊരു തുറന്ന കത്ത്…
ഈയിടെ അമൽജ്യോതിയിലും മറ്റുമായി നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഞങ്ങൾ മാതാപിതാക്കളെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട് എന്ന് മക്കളെ നിങ്ങൾ അറിയുന്നുണ്ടോ? ഓരോ മരണവും ഞങ്ങളുടെ മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകളെയും കുറ്റബോധത്തെയും കുറിച്ച് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ നിങ്ങൾ ഓരോരുത്തരും പിച്ച നടന്നത് നിങ്ങൾക്കിപ്പോൾ ഓർമ്മയുണ്ടാവില്ല. നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും താങ്ങായി, കരുത്തായി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഓരോ വീഴ്ചയിലും നിങ്ങളെ താങ്ങിയെടുത്ത് ശക്തി പകരാൻ ഞങ്ങൾ നിങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു.. ഉരുണ്ടുവീണ് ചോരയൊലിപ്പിച്ചപ്പോൾ മുറിവുകഴുകി മരുന്നു വച്ചൊട്ടിക്കാൻ ഞങ്ങൾ എപ്പോഴും നിങ്ങളുടെ സമീപത്ത് ഉണ്ടായിരുന്നു. അന്ന് നിങ്ങൾ രണ്ടുകാലിൽ നടക്കാൻ പഠിക്കുകയായിരുന്നു…
ഇന്ന് പക്ഷേ,ജീവിതത്തിന്റെ തിരുമുറ്റത്ത് പിച്ചവെച്ചു പഠിക്കുകയാണ് നിങ്ങള് .തീർച്ചയായും നിങ്ങൾ ഉരുണ്ടുവീഴും.. മനസ്സാകെ മുറിവേറ്റ് ചോരയൊലിപ്പിക്കും. സകലശക്തിയും ചോർന്ന് ഒരുപക്ഷേ നിങ്ങൾ തളർന്നു വീഴും.അല്ലെങ്കിൽ ഒരുപക്ഷേ,ഒപ്പം ഓടുന്നവർ, അതുമല്ലെങ്കിൽ കരുത്തുപകർന്നു പിടിച്ചെഴുന്നേൽപ്പിക്കേണ്ടവർ നിങ്ങളെ തള്ളി താഴെയിട്ടെന്നും വരാം! എന്തുതന്നെയാണെങ്കിലും,മക്കളെ, ഒന്ന് അറിയുക..നിങ്ങളെ പിടിച്ചുയർത്താൻ,വേണമെങ്കിൽ തോളിലേറ്റി നടക്കാൻ അദൃശ്യരാണെങ്കിലും ഞങ്ങൾ മാതാപിതാക്കൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്തുതന്നെ ആയാലും, അതിപ്പോൾ ഞങ്ങളുടെ അഭിമാനത്തിന് ക്ഷതം ഏൽക്കുന്നതാണെങ്കിൽ പോലും, ഞങ്ങളോട് തുറന്നു പറയൂ.. നിങ്ങളുടെ ജീവനോളം വലുതല്ല ഞങ്ങൾക്ക് ഒന്നും…അഭിമാനം പോലും!!വിശ്വാസം ആകുന്നില്ലെങ്കിൽ മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പ്രതികരണങ്ങൾ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ.. “ഒരു വാക്ക് നിനക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ?” എന്ന വിലാപം അല്ലേ നിങ്ങൾ എവിടെയും കേൾക്കുക??
പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല. മക്കളെ,ജീവിതം എപ്പോഴും ബെഡ് ഓഫ് റോസസ് അല്ല. അനുഭവങ്ങൾ അത് ഞങ്ങളെയും പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ്,നിങ്ങൾ വീട്ടിലേക്ക് ഒന്നു വിളിക്കൂ. ഒരു ഫോൺകോൾ ഒരുപക്ഷേ നിങ്ങളുടെയും അവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി മാറിയേക്കാം!♥️
ഓർക്കുക.. എത്ര മുതിർന്നാലും നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് പിച്ച നടക്കുന്ന കുഞ്ഞ് തന്നെയാണ്.നിവർന്ന് നിൽക്കാൻ ആവതില്ലാത്തപ്പോൾ പടികൾ കയറാൻ ഞങ്ങൾ നിങ്ങളെ ഒരിക്കലും നിർബന്ധിക്കില്ല….
വേദനയോടെ ഒരു അമ്മ.
സിൽവി.