ജീവിതകാലം മുഴുവൻ ഒരു ഭക്ഷണം മാത്രം കഴിക്കാൻ പറ്റുള്ളൂ എന്ന സാഹചര്യം വന്നാൽ ഞാൻ തെരഞ്ഞെടുക്കുക ഇഡ്‌ലിയും തേങ്ങാചട്ണിയും ആയിരിക്കും…
പിന്നെ രണ്ടാമത് ഒരു ഓപ്ഷൻ കൂടി ഉണ്ടെങ്കിൽ ഞാൻ തെരഞ്ഞെടുക്കണത് നല്ല നാടൻ സദ്യ തന്നെ ആയിരിക്കും. പപ്പടം, പഴം, പായസം കൂട്ടിയുള്ള അതീവ രുചിയുള്ള കെങ്കേമസദ്യ… ആവി പറക്കണ കുത്തരി ചോറിന്റെ അറ്റത്ത് പ്രഥമസ്ഥാനിയായി ചോറിനോട് കൂടെ കുഴയ്ക്കാൻ കാത്തിരിക്കണ നെയ്യിട്ട പരിപ്പും പപ്പടവും കൂട്ടി ഉണ്ട് കഴിഞ്ഞാൽ പിന്നെ അവിയല്, സാമ്പാറ്, തോരൻ, സ്‌റ്റൂ, പച്ചടി, കിച്ചടി, കൂട്ടുകറി അങ്ങനെ സകലമാന കറികളുടെയും രുചി കൂട്ടിക്കുഴച്ച് നാവിലെ രസമുകുളങ്ങളെ ഉണർത്തിയിട്ട് ഏറ്റവും അവസാനം ആയിരിക്കും എന്റെ എന്നത്തേയും പ്രിയപ്പെട്ട കട്ടിക്കാളനും വടുകപ്പുളിയൻ നാരങ്ങയും കൂട്ടിയുള്ള ഊണ്. പാലടപ്രഥമന്റെ രുചി അറിഞ്ഞതിന് ശേഷം പായസമധുരത്തിന്റെ മട്ടിപ്പ് മാറാനായിട്ട് ഇലയുടെ അറ്റത്തായി മാറ്റി വച്ച കാളൻ-വടുകപ്പുളിയൻ കോംബോ കൂട്ടിയുള്ള ഊണ് കഴിച്ചാൽ അന്നത്തെ ഊണ് ഭേഷായി… ഇതൊക്കെ വായിക്കുമ്പോ സദ്യ ഇഷ്ടം ഉള്ളവരുടെ മനസ്സിലൂടെ ഇപ്പറഞ്ഞത് ഒക്കെ മിന്നി മറയണ്ണ്ടാവും അല്ലേ…
അപ്പൊ നമ്മള് പറഞ്ഞു വന്ന ഇഡ്‌ലിയും ചട്ണിയും അവിടെ മാറി ഇരിക്കാണ്ല്ലേ… അപ്പൊ പിന്നെ ഇഢലിക്കഥ തുടങ്ങിയാലോ..
നല്ല ആവി പറക്കണ പൂ പോലത്തെ ഇഡ്ഡ്ലിയും തേങ്ങാച്ചമ്മന്തിയും… ആഹാ… അതുണ്ടെങ്കില് 365 ദിവസവും ഞാൻ ഹാപ്പി… എന്റെ ഇഡ്‌ലി പ്രേമം എന്നെ അടുത്തറിയുന്നവർക്ക് നന്നായി അറിയാം. അല്ലെങ്കിൽ പിന്നെ മുൻപൊരിക്കൽ പഴനിയിൽ പോയപ്പോ അവിടത്തെ ബ്രാഹ്മിൻസ് ഹോട്ടലിൽ കയറിയതും സ്വര്ണനിറത്തിലെ തളികയിൽ അതെ വട്ടത്തിൽ രൂപപ്പെടുത്തിയെടുത്ത വാഴയിലയിൽ ആവി പറക്കണ ഇഡലി നടന്നു നീങ്ങണത് കണ്ടപ്പോ എനിക്ക് അത് തന്നെമതി, വേറൊന്നും വേണ്ടെന്ന് ഞാൻ ഏട്ടനോട് പറഞ്ഞതും അത് കേട്ട ഉടനെ ഞങ്ങളുടെ ചങ്ങാതി ”സ്മിതയ്ക്ക് കേരളത്തിലെ ഇഡലി പോരാഞ്ഞിട്ടാണോ തമിഴ് നാട്ടിലെ ഇഡലി കഴിക്കണത്” എന്ന് ചോദിച്ച നർമ്മവും.. നിക്ക് ഇശ്ശി ബോധിച്ചു ട്ടോ!
ഇഡ്ലിയുടെ കൂടെ ഉള്ളി സാമ്പാറ്, ഉള്ളി ചമ്മന്തി, ചട്ണിപ്പൊടി അങ്ങനെ എന്തും ഇഷ്ടാണെങ്കിലും ഇഡലി-തേങ്ങാച്ചട്ണിയോട് ഒരു പ്രത്യേക ഇഷ്ടാണ്… മടുപ്പില്ലാതെ ഒരിഷ്ടം! എന്റെ പ്രിയപ്പെട്ടവർക്കും ഇത് തന്നെ ഇഷ്ടംന്നറിയുമ്പോ ഞങ്ങളുടെ ഇഷ്ടങ്ങൾ അവിടെ ഒന്നാവുകയാണ്.
ഫാമിലി ആയിട്ട് പുറത്ത് പോയാൽ, മിക്കവാറും അമ്പലങ്ങളിൽ ആണെങ്കില്.. രാവിലെ തൊഴുതു കഴിഞ്ഞു വന്നാൽ പിന്നെ കയറണത് വെജിറ്റേറിയൻ ഹോട്ടലിൽ ആയിരിക്കും… ‘എന്താ വേണ്ടേ ഓർഡർ ചെയ്യൂ’ന്നു ഏട്ടൻ എല്ലാവരോടും ചോദിക്കുമ്പോഴും എന്നോട് ചോദിക്കാറില്ല, കാരണം എനിക്ക് അവിടെ ഒരൊറ്റ ഓപ്ഷനേ ഉള്ളൂ. അത് ഇഡ്ലിയാണെന്ന് ഏട്ടന് നന്നായി അറിയാം!
പാത്രം തികയാത്ത പോലെ നിറഞ്ഞു കവിഞ്ഞു രണ്ടറ്റവും നീണ്ടു കിടക്കുന്ന മൊരുമൊരാ മൊരിഞ്ഞ നെയ് റോസ്റ്റ്, കുംഭ വീർപ്പിച്ച പോലെ വയറു ചാടിയ പൂരി മസാല, പല വർണ്ണപ്പതാക കണക്കെ പല നിറത്തിലെ കറികളോടു കൂടിയ മസാല ദോശ, തളർന്ന് അവശനെപ്പോലെ പതുങ്ങിക്കിടക്കുന്ന ചപ്പാത്തിയും ഒരറ്റത്ത് പറ്റിച്ചേർന്നിരിക്കുന്ന വെജ് കുറുമയും ഒക്കെ ടേബിളിൽ എത്തും മുൻപേ എന്റെ ചൂട് ഇഡലിയും ചട്ണിയും ആദ്യം എത്തീട്ടുണ്ടാവും.
ഇവിടെയും തീർന്നിട്ടില്ല…ഇ തിനെക്കാളുപരി എനിക്ക് മറ്റൊരിഷ്ടം കൂടി ഉണ്ട്. എന്റെ അമ്മ എനിക്കായി മാത്രം ഉണ്ടാക്കിത്തരണ ഇഡലി. ഇഡ്ഡലിമാവില് എനിക്ക് മാത്രായിട്ട് അമ്മ കുറച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എടുത്ത് ചെറുതായി അരിഞ്ഞിട്ട് ഉപ്പും കൂടെ ചേർത്തിളക്കി വെള്ളം തിളച്ചു മറിയണ ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടിലേയ്ക്ക് കോരി ഒഴിക്കും. ആവി വന്നു കഴിയുമ്പോ ചൂടോടു കൂടി വാഴയിലയില് എടുത്തിട്ട് അമ്മിക്കല്ലിൽ അരച്ച നല്ല തേങ്ങാച്ചമ്മന്തി ഉരുട്ടി കുഞ്ഞനുരുളയാക്കി ഒരറ്റത്തും വച്ചിട്ട് അമ്മ തരണ ആ ഇഡ്ലിയുടെ രുചിയോളം മറ്റൊരിടലിയും എന്നെ കൊതിപ്പിച്ചിട്ടില്ലിന്നോളം! കല്യാണം കഴിഞ്ഞതില്പിന്നെയും മാസത്തിലെ അനുവദനീയമായ രണ്ടു ദിവസത്തെ വീട്ടിലേയ്ക്കുള്ള യാത്രകളിൽ “മിതുവിന് ഈ ഇഡലി വല്യ ഇഷ്ടാ”ന്നു പറഞ്ഞിട്ട് അമ്മ എനിക്കായി കാത്തു വയ്ക്കാറുണ്ട്.
വർഷങ്ങൾക്കിപ്പുറം ഞാൻ മാത്രമായ എന്റെ സ്വകാര്യനിമിഷങ്ങളിൽ ഒന്നോ രണ്ടോ വട്ടം അമ്മയെപ്പോലെ… അതേ രുചിയിൽ ഞാനും ഉണ്ടാക്കി എനിക്കായിട്ട് മാത്രം… പക്ഷെ അവിടെ എനിക്ക് അമ്മയുടെ കൈത്തലോടലും സ്നേഹവാത്സല്യവും നുണഞ്ഞിറക്കാനിയില്ല… ”എന്റെ മിതുവിന് ഇഷ്ടായോ.. മോൾക്ക് മതിയായോ..” എന്ന് ചോദിയ്ക്കാൻ ആരും ഉണ്ടായില്ല. ഓർക്കുമ്പോൾ ഈറനണിഞ്ഞ് ഇറ്റിറ്റു വീണ കണ്ണീർതുള്ളികളോടൊപ്പം അവ കടിച്ചിറക്കുമ്പോൾ പതിവിലും കൂടുതൽ ഉപ്പുരസം അനുഭവിച്ചതുപോലെ..!
പകരം വയ്ക്കാനാവാത്ത എന്റേതു മാത്രമായ ഒരിഷ്ടമായി… ഒരു കൊതിയായി… എന്റെ ഓർമ്മകളിൽ അതിങ്ങനെ കിടന്നോട്ടെ… എനിക്ക് മാത്രമായ് കനിഞ്ഞു കിട്ടിയ ആ അമ്മരുചി!


11 Comments
കൊതിപ്പിച്ചല്ലോ കൊച്ചേ….. ഇഡ്ഡലി രുചി നിറഞ്ഞ എഴുത്ത് ….അമ്മ ഇഡ്ഡലിയുടെ രുചിയോർമ്മ കണ്ണും നനയിച്ചു❤️👍
സ്മിത എൻറെ ഇഷ്ടവിഭവവും ഇഡലിയാണ് ഞങ്ങളുടെ വീട്ടിൽ എന്നും ഇഡലിയും ചമ്മന്തിയും ആയിരുന്നു ..കല്യാണം കഴിഞ്ഞു വന്ന് വീട്ടിലാണ് ബാക്കിയുള്ള വിഭവങ്ങൾ ഒക്കെ കഴിക്കാൻ തുടങ്ങിയത് തന്നെ എന്റെ ഇഷ്ടം ഇപ്പോഴും ഇഡലി തന്നെ. എൻ്റെ മക്കൾ പറയും അമ്മയെപ്പോലെ ആർക്കും ഇഡ്ഡലി ഇഷ്ടം ഉണ്ടാവില്ല എന്ന് എനിക്ക് ഒരാളെ കൂട്ടി കിട്ടിയല്ലോ സ്മിതാ സന്തോഷം.
ഇഡ്ഡലി പുരാണം നന്നായിട്ടുണ്ട്. അമ്മയുടെ സ്നേഹം കൂടിയാവുമ്പോൾ ഏറെ രുചികരം
❤️❤️🌹👌
ഒരുപാട് സ്നേഹം ❤️ 🙏
ഇഷ്ടഭക്ഷണവും അമ്മയുടെ ഓർമ്മകളും രുചിയോടെ വിളമ്പി.
നല്ല രസം ഈ എഴുത്ത്.
👌👏
സ്നേഹം dear ❤️
മനോഹരം. ഹൃദ്യമായ ഓർമ്മകൾ
സ്നേഹം dear ❤️
മനോഹരമായിട്ടുണ്ട് ഇഡ്ഡലി തേങ്ങാ ചട്ണി വിവരണം.ഇത് വായിച്ചപ്പോൾ എനിക്കും കൊതി തോന്നി.എനിക്കും വളരെ ഇഷ്ടമുള്ള വിഭവമാണ്.ഉള്ളി സാമ്പാർ കൂടി ഇഷ്ടം എന്ന് മാത്രം.നല്ല എഴുത്ത്.അഭിനന്ദനങ്ങൾ.
ആണോ, വളരെ സന്തോഷം. Thanks 🙏
🙏 വളരെ സന്തോഷം Thanks