“എന്തോന്നാ ഈ ദിവസത്തിന്റെ പ്രത്യേകത?”
” അത് പിന്നെ പ്രണയദിനം അല്ലിയോ? ”
” ഓ! മറ്റു ദിവസങ്ങളിലൊന്നും പ്രണയമില്ലയോ? ”
” ഓ എന്റെ ചേടത്തി അതീ പിള്ളേരുടെ പുതിയ ഫാഷനാ ”
“ഞങ്ങൾക്കും ഉണ്ടായിരുന്നു പ്രണയ ദിനങ്ങൾ, അങ്ങിനെയാ പിള്ളേരൊക്കെ ജനിച്ചേ ” അന്നമ്മ ചേട്ടത്തിക്കു നാണം വന്നു.
“എന്നാൽ ഈ പ്രണയദിനത്തിൽ മൂപ്പരോട് പോയി I love you പറഞ്ഞോ. ട്രെൻടിനൊപ്പം ആവാം”
അതൊരു കാര്യമാണല്ലോ എന്ന് ചേടത്തിക്കും തോന്നി. അല്ലേലും ഇനി എത്ര നാൾ ഒപ്പമുണ്ടെന്നു പറയാൻ പറ്റില്ലല്ലോ. അങ്ങേരു ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിലും തനിക്കു മേലാസകലം അസുഖമല്ലേ.
” അതേ, പിന്നേയ്…. ”
പുള്ളിക്കാരന് ചെവിയല്പം കുറവാ.
“എന്തുവാ”
” ആ ചെവിയിൽ വയ്ക്കുന്ന കുന്ത്രാണ്ടം വക്ക്. ഒരുകൂട്ടം പറയാനുണ്ട് ”
” ആ, എന്തോന്നാ ” അന്റോച്ചേട്ടൻ കുന്ത്രാണ്ടം ചെവിയിൽ തിരുകി കാതു കൂർപ്പിച്ചു.
” ആദ്യം നെറ്റിയിൽ, പിന്നെ കവിളിൽ, പിന്നെ താഴോട്ട്….. അന്നമ്മ ചേടത്തിക്കു നാണം കൊണ്ടു ചുവന്നു.
“ആ, അവിടെ മാത്രമല്ല ദേഹാസകലം വേണം ” ആന്റോ ചേട്ടൻ മൊഴിഞ്ഞു
” എന്ത്? അന്നമ്മ ചേടത്തിക്കു കൗതുകമായി. ഇങ്ങേരും ട്രെൻഡിനോപ്പമായോ?
” കുറച്ച് ചൂടാക്കി തേക്കണം. ധന്വന്തരം കുഴമ്പല്ലേ നീ ഉദ്ദേശിച്ചത്. കാറ്റു കാലമല്ലേ തേച്ചേക്കാം. നീ ഇത്തിരി ചൂടാക്കിക്കോ. പിന്നേ പാത്രം ചൂടാക്കി അതിലോട്ടു തൈലം ഒഴിക്കണം. തൈലം ചൂടാക്കിയാൽ പാകം തെറ്റും”
” തൈലം അല്ല…. അന്നമ്മ ചേടത്തിക്കു ദേഷ്യം വന്നു. ”
ങ്ങേ! ഇതാണോ ഇങ്ങേരു ഉദ്ദേശിച്ചത്! അല്ലേലും ഈ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഇങ്ങേരോട് പ്രണയദിനം പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ “.
അല്ലെങ്കിലും ഞങ്ങൾ പഴയ ആളുകൾക്ക് അവരുടെ ജീവിതം പോലെ തന്നെയാണ് പ്രണയവും. ആരെയും കാണിക്കാനായി ജീവിതവുമില്ല പ്രണയവുമില്ല. എല്ലാം അവനവന്റെ ഉള്ളിൽ മാത്രം. പക്ഷെ ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ ഞങ്ങൾ ഒരുമിച്ചു കട്ടക്കങ്ങു നിൽക്കും. കൂട്ട ആത്മഹത്യയില്ല, ഉപേക്ഷിച്ചു ഓടലുമില്ല. അതല്ലേ ഒരു തരത്തിൽ യഥാർത്ഥ പ്രണയം.
” അതിപ്പോ പണ്ടത്തെ ആളുകൾക്ക് എല്ലാം പഴയതു തന്നെയാ എപ്പോഴും മികച്ചത്. അത് തലച്ചോറിന്റെ ഒരു തരം സൂത്രമാണെന്ന്, Rosy Retrospection ആണെന്ന് എവിടെയോ വായിച്ചിരുന്നു. ആത്മാർത്ഥ പ്രണയം പുതിയ തലമുറയ്ക്കും ഉണ്ട് ”
” തലച്ചോറിന്റെ കളിയൊന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് പ്രണയ പരാജയങ്ങളെ സ്വീകരിക്കാൻ വയ്യ. അത് പലപ്പോഴും പ്രണയ പകയായി കൊലപാതകങ്ങളിലോ ആത്മഹത്യകളിലോ അവസാനിക്കുന്നു. അതൊരു സത്യമല്ലേ”
” അത് പണ്ടും ഉണ്ടായിരുന്നില്ലേ. രമണൻ ആത്മഹത്യ ചെയ്തത് പണ്ട് കാലത്തല്ലേ ” പുതിയ തലമുറ വിടാൻ ഭാവമില്ല.
” ഉണ്ടാകാം. ഒന്നോ രണ്ടോ പക്ഷെ തുലോം കുറവാണു ”
” എന്തായാലും പഴയതു പുതിയത് എന്നൊന്നുമില്ല പ്രണയം ഒരു തരം മാസ്മരിക പ്രതിഭാസമാണ്. മടുക്കാത്ത ഒരു തരം സുഖമുള്ള നൊമ്പരം”.
“ഞങ്ങൾക്ക് അത്തരം വാക്കുകളൊന്നും അറിയില്ല. കല്യാണം കഴിച്ചാൽ പിന്നെ അങ്ങോർക്കു വേണ്ടിയങ്ങു ജീവിക്കും അതാണ് ഞങ്ങളുടെ പ്രണയം. വല്യ ഡെക്കറേഷൻസ് ഒന്നുമില്ല”
” അതൊക്കെ ഇന്നത്തെ കാലത്തും ഉണ്ട്. ഞങ്ങൾ അത്തരം ആളുകളെ ഇമോഷണലി ഡീറ്റാചെഡ് എന്ന് പറയും ”
” എല്ലാത്തിനും ഓരോരോ പേരുകളാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ആരോ പറയുന്നത് കേട്ടു ഭാര്യ നാർസിസ്റ്റിക് പേഴ്സണാലിറ്റി ആണത്രേ! അതെന്താണെന്നും പറഞ്ഞ് കേട്ടപ്പോൾ ഞാൻ. ചിരിച്ചു ഞങ്ങൾ അതിനെ ” അവളൊരു മൂശാട്ടയാണെന്ന് പറയും. ”
” പണ്ടൊന്നും മാനസിക ആരോഗ്യം തീരെ നോക്കാറില്ലല്ലോ. ഇന്നത് മറ്റേതൊരു അസുഖത്തെയും പോലെ ചികിത്സിക്കുന്നു ”
” ഞങ്ങൾക്ക് പ്രതീക്ഷകൾ കുറവായിരുന്നു അതുകൊണ്ട് നിരാശകളും ” അന്നമ്മ ചേടത്തി കൂട്ടി ചേർത്തു.
” ഞങ്ങൾ ഇഷ്ടം കൂടുമ്പോൾ അവർക്കു ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുത്തു അങ്ങിനെ നിൽക്കും. ദേഷ്യമാണേൽ ആൾക്ക് ഇഷ്ടമില്ലാത്ത വിഭവം ഉണ്ടാക്കി മേശപ്പുറത്തു വക്കും. വിളമ്പില്ല. ഞങ്ങളുടെ ജീവിതം കുറച്ച് കൂടെ ലളിതമായിരുന്നു എന്ന് പറയാം ”
” ഞങ്ങൾ അത്തരം പെണ്ണുങ്ങളെ കുലസ്ത്രീകൾ എന്ന് വിളിക്കും. അതൊരു നെഗറ്റീവ് കാഴ്ചപ്പാടാണ് “.
” പഴയതായാലും പുതിയതായാലും പ്രണയം ഒരു കീഴടങ്ങൽ തന്നെയാണ്. അവരുടെ ഇഷ്ടത്തിന് നമ്മളും നമ്മളുടെ ഇഷ്ടത്തിന് അവരും കീഴടങ്ങുന്ന ഒരു രസകരമായ ഐക്യപ്പെടൽ “.
” എന്തായാലും ഇന്ന് ഞാൻ അങ്ങേർക്കു ഇഷ്ടപ്പെട്ട പോർക്ക് ഉലത്തിയത് ഉണ്ടാക്കി കൊടുക്കും. പുള്ളിക്ക് അത് വല്യ ഇഷ്ടമാ. ഞങ്ങളും വലൈന്റീൻ അങ്ങട് ആഘോഷിക്കട്ടെ ”
” പണ്ടൊക്കെ പള്ളിയിൽ അച്ചൻ പ്രസംഗത്തിൽ പറയുമായിരുന്നു വലൈന്റിൻ എന്ന് പേരുള്ള ഒരു പുണ്യാളൻ ഉണ്ടായിരുന്നത്രെ. മൂപ്പരുടെ ഓർമ ദിവസം ആണ് ഫെബ്രുവരി 14 ന്നു. പിന്നെ എപ്പോഴാണാവോ ഇത് പെട്ടെന്ന് പ്രണയദിനം ആയത് ”
എന്തായാലും ഇങ്ങേർക്ക് ഇഷ്ടപെട്ട പോർക്ക് കറിയും വിളമ്പി അടുത്തങ്ങനെ നിന്നു അങ്ങേരു തിന്നുന്നത് കണ്ടപ്പോൾ അന്നമ്മ ചേടത്തിക്കങ്ങു മനം നിറഞ്ഞു. അന്നാദ്യമായി ആന്റോ ചേട്ടൻ ഒരുരുള ചോറുരുട്ടി ചേടത്തിയുടെ വായിൽ വച്ചിട്ട് പറഞ്ഞു ” ഹാപ്പി വാലൈന്റിൻസ് ഡേ പെമ്പ്രന്നോരെ ”
“അപ്പോൾ ഇങ്ങേരും ട്രെൻഡിനോപ്പമായി ”
#എൻ്റെരചന – #നീയുംഞാനും


6 Comments
👌❤️
🙏❤️
കലക്കി 😂👌
🙏❤️
Nice, പ്രണയം വറ്റാത്തവർ.
Super!
❤️🙏