വാർദ്ധ്യക്യത്തിലെ പ്രണയത്തിനു ഒരു സുഖമൊക്കെയുണ്ടെന്നു സത്യഭാമക്കു മനസ്സിലായിതുടങ്ങിയതു ഈ അടുത്താണ്. അതും ഭർത്താവിനാൽ
പ്രണയിക്കപെടുമ്പോൾ.
സത്യഭാമയുടെ ഭർത്താവ് മഹാദേവൻ താലൂക്ക് ഓഫീസിൽ നിന്നു റിട്ടയർ ചെയ്തിട്ടു മൂന്നു വർഷമായി. അതിനു ശേഷമാണു രണ്ടു മക്കളുടെയും വിവാഹം നടന്നത്. രണ്ടു പേരും കേരളത്തിന് പുറത്താണ്. ഇപ്പോൾ വീട്ടിൽ സത്യ ഭാമയും മഹാദേവനും മാത്രം.
എന്നും രാവിലെ അഞ്ചരക്ക് ഉണർന്നു ചോറും കറികളും പ്രഭാതഭക്ഷണവും ഒക്കെ
ഉണ്ടാക്കി മക്കളെയും ഭർത്താവിനെയും അയക്കുന്ന സത്യഭാമക്ക് ഇപ്പോൾ ചെയ്യാൻ ഒന്നും ഇല്ല. അന്നൊക്കെ ഒരു ചെറിയ കൈസഹായം പോലും ചെയ്തു തരാത്ത മഹാദേവൻ ഇന്നു എല്ലാറ്റിനും കൂടെയുണ്ട് താനും.
എന്നും കാലത്തു ആറു മണിക്ക് ചെറിയ വ്യായാമങ്ങൾ ചെയ്യാനും സ്വന്തമായി നട്ടുവളർത്തുന്ന പച്ചക്കറികൾ നനക്കാനും ഒക്കെ മഹാദേവൻഎഴുന്നേൽക്കുമ്പോൾ
കൂടെ എഴുന്നേൽക്കുന്ന സത്യഭാമയോട് അയാൾ പറയും. “നീ കുറച്ചു കൂടെ കിടന്നോ ഭാമേ. ഇത്ര രാവിലെ എന്തു ചെയ്യാനാ ”
എന്നിട്ടു പുതപ്പു ഒന്നുകൂടി വലിച്ചു അവളെ പുതപ്പിച്ചിട്ടു മുറിയിൽ നിന്നു പുറത്തേക്കു പോവും.
വ്യായാമവും പച്ചക്കറി നനക്കലും ഒക്കെ കഴിഞ്ഞു മഹാദേവൻ എത്തുമ്പോഴേക്കും സത്യഭാമ ചായ ഉണ്ടാക്കിട്ടുണ്ടാവും. രണ്ടു പേരും ഉമ്മറത്തു ചാരുപടിയിൽ ഇരുന്നുകൊണ്ട് ഓരോരോ വിശേഷങ്ങളും പറഞ്ഞു കൊണ്ടങ്ങിനെ ചായ കുടിക്കും.
പിന്നെയാണ് പ്രഭാതഭക്ഷണം ഉണ്ടാക്കുന്നത്. അപ്പോഴും എന്തെങ്കിലും മിണ്ടിയും പറഞ്ഞും മഹാദേവൻ ഉണ്ടാവും അരികത്ത്. ഉച്ച ഊ ണു കഴിക്കുന്നസമയത്തും
തോരനും മീൻ വറുത്തതും പരസ്പരം പങ്കു വെയ്ക്കുമ്പോൾ സത്യഭാമ അതിശയത്തോടെ ഓർക്കും എന്തായിരുന്നു ഇത്രയും കാലം ഇങ്ങിനെ ഒന്നും ചെയ്യാതിരുന്നത്.
യാത്രകൾ ഒരു പാടു ഇഷ്ടമായിരുന്നു സത്യഭാമക്ക്. പല കുറി പറഞ്ഞിട്ടും ഒരു സഥലത്തു പോലും മഹാദേവൻ അവളെ കൊണ്ടുപോയിട്ടില്ല. എന്നാൽ നാലു ദിവസം
തിരുവനന്തപുരത്തും കന്യാകുമാരിയിലും പോയി തിരിച്ചു വന്നപ്പോൾ നടന്നതു അവളുടെ ഒരു പാടു കാലത്തെ മോഹങ്ങളായിരുന്നു.
ഉച്ചഊണ് കഴിഞ്ഞുള്ള വിശ്രമനേരം കണ്ണോട് കണ്ണു നോക്കി പലതും സംസാരിക്കുമ്പോൾ നെറ്റിയിലേക്ക് വീണ സത്യഭാമയുടെ മുടിഴകൾ മാടി
ഒതുക്കും മഹാദേവൻ.
വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങൾ ഒറ്റക്ക് പോയി വാങ്ങിക്കുന്ന മഹാദേവൻ സത്യഭാമയെയും ഒപ്പം കൂട്ടി സൂപ്പർമാർക്കറ്റിൽ പോവുന്ന ശീലവും തുടങ്ങിയിട്ട് അധികനാളായിട്ടില്ല. തിരിച്ചു വരുമ്പോൾ ചിലപ്പോൾ അവൾക്കു ഒരു സാരി അല്ലെങ്കിൽ ഇഷ്ടപെട്ട ഏതെങ്കിലും പാത്രം അങ്ങിനെ സമ്മാനങ്ങളും വാങ്ങിക്കൊടുക്കും.
ഓഫീസിൽ നിന്നു വരുന്ന വൈകുന്നേരങ്ങളിൽ തലവേദനയായി അവൾ കിടക്കുകയാണെങ്കിൽ അയാൾ പറയും. “ഓ ഒരു ചെറിയ തലവേദന അല്ലേ? സാരമില്ല ഒരു ചായ എടുക്കാൻ നോക്കു “. എന്നാൽ ഇപ്പോൾ അങ്ങിനെ അല്ല സ്വന്തം കൈ കൊണ്ടു വിക്സ് പുരട്ടി കൊടുത്തിട്ടു അയാൾ പറയും “കുറച്ചു നേരം കിടന്നോളു. ഇന്നു
ഇനി ഒന്നും ഉണ്ടാക്കാൻ നിക്കണ്ട. ഞാൻ പുറത്തു പോയി വാങ്ങിയിട്ട് വരാം.”
ഒരു ദിവസം പതിവുപോലെ സ്റ്റൈർകേസിലെ അവസാനത്തെ പടിയിൽ ചേർന്നു ഇരുന്നുകൊണ്ട് മോളുമായി വീഡിയോകാളിൽ സംസാരിക്കുകയായിരുന്നു രണ്ടുപേരും. അപ്പോഴാണ് മോൾ പറഞ്ഞതു. “അമ്മ ഒരു രണ്ടാഴ്ച ഇവിടെ വന്നു താമസിക്കു. മോനെ നോക്കലും വിട്ടു പണിയും ഒക്കെ ആയി ഞാൻ ക്ഷിണിച്ചു.”
ഉടനെ വന്നു സത്യഭാമയുടെ മറുപടി. “അച്ഛൻ വരുമെന്ന് തോന്നുന്നില്ല മോളെ. പച്ചക്കറികൃഷി ഒക്കെ ഒന്നു വിപുലമായിട്ടുണ്ട്. അങ്ങോട്ട് വന്നാൽ വെള്ളമൊഴിക്കാനും വളമിടാനും ഒന്നും പറ്റില്ലല്ലോ.”
അപ്പോൾ മോള് ചോദിച്ചു. “അതിനു അച്ഛൻ അമ്മയെ കൂട്ടാൻ വന്നാൽ പോരെ.
രണ്ടാഴ്ചത്തെ കാര്യമല്ലേ? അച്ഛന് ഭക്ഷണം രാധവലിയമ്മയുടെ വീട്ടിന്ന് കഴിക്കാലോ. നാളെത്തന്നെ അമ്മക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യട്ടെ?”
മഹാദേവന്റെ ചിരി മാഞ്ഞ മുഖത്തേക്ക് ഒന്നു നോക്കിയശേഷം അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു . “അതൊന്നും ശരിയാവില്ലമോളെ. ഞാൻ ഇല്ലെങ്കിൽ അച്ഛന് ആരാ ഒന്നു മിണ്ടിയും പറഞ്ഞും ഇരിക്കാൻ ”
അടുത്തമാസം അച്ഛനും അമ്മയും കൂടെ ഒന്നിച്ചു ഒരാഴ്ച അങ്ങോട്ട് വരാം.” ഫോൺ ഓഫാക്കി ടേബിളിൽ വച്ച ശേഷം മഹാദേവന്റെ പുഞ്ചിരിക്കുന്ന മുഖത്തു നോക്കി
സത്യഭാമയുടെ മനസ്സ് മന്ത്രിച്ചത് ഇങ്ങിനെ ആയിരുന്നു.”അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്ക് ഏതു സ്വർഗ്ഗം വിളിച്ചാലും ”
ജലജ.
2 Comments
വർദ്ധക്ക്യത്തിലാണ് പരസ്പരം കൂടുതൽ കരുതൽ വേണ്ടത്..
നന്നായി എഴുതി 👍
❤️❤️