പ്രണവ് കരഞ്ഞും കൊണ്ട് വീട്ടിൽ നിന്നിറങ്ങി നടന്നു. ഗേറ്റിനടുത്തെത്തി അവൻ തിരിഞ്ഞു നോക്കി, കരഞ്ഞും കൊണ്ട് നിൽക്കുന്ന അമ്മയുടെ മുഖമാണ് കണ്ടത്. തന്നെ നോക്കി ആക്രോശിച്ചു കൊണ്ട് നിൽക്കുന്ന അച്ഛനെ അവൻ ശ്രദ്ധിച്ചതേയില്ല. അച്ഛൻ പറഞ്ഞ തെറികൾ അവൻ കേട്ടിരുന്നു. വീടുമായുള്ള ബന്ധം എന്നത്തേക്കുമായി ഉപേക്ഷിക്കുകയാണ് നല്ലതെന്നു തോന്നി. പക്ഷെ അമ്മ, അമ്മയില്ലാതെ അവനു പറ്റില്ല. അവന്റെ അമ്മയ്ക്കും അങ്ങനെ തന്നെയാണ്. അവൻ കഴിഞ്ഞേ അമ്മയ്ക്ക് ഭർത്താവും മൂത്ത രണ്ടു മക്കളും ഉള്ളൂ.
പ്രവാസിയായ മോഹനന്റെ മൂന്നാമത്തെ മകനാണ്, അച്ഛൻ “തൻ്റെ പിഴച്ച സന്തതി ” എന്ന് വിശേഷിപ്പിച്ചിരുന്ന പ്രണവ്. മൂത്ത മകനും മകളും പഠനത്തിൽ കേമരാണ്. പ്രണവ് കുഞ്ഞു ക്ലാസ്സിൽ വച്ച് മിടുക്കനായി പഠിച്ചിരുന്നു. പ്ലസ് ടു ക്ലാസ്സിൽ വച്ചുണ്ടായ ഒരു പ്രേമ ബന്ധം ആണ് അവനെ മാറ്റിയത്. പ്രേമിച്ചു ഉഴപ്പി നടന്നത് കൊണ്ട് അവന്റെ ഉപരിപഠനം സമീപത്തെ ട്യൂട്ടോറിയൽ കോളേജിലായി മാറി. അവിടെയും അവൻ കാമുകിയുമായുള്ള പ്രേമവുമായി ഉഴപ്പാൻ തുടങ്ങി.
രണ്ടാം വർഷ ഡിഗ്രി പഠന സമയത്താണ് അവൻ്റെ കാമുകി ഗൗരിയുടെ കല്യാണം ഉറപ്പിയ്ക്കുന്നത്. ഒരു ഉപഗ്രഹത്തെ പോലെ അവളെ ചുറ്റി നടന്ന പ്രണവിന് അത് സഹിയ്ക്കാൻ കഴിഞ്ഞില്ല. മദ്യപിച്ചു ലക്കുകെട്ട് ആ പെണ്ണിന്റെ വീട്ടിന്റെ മുന്നിൽ ചെന്ന് നിന്ന് തെറി വിളിച്ചതേ അവന് ഓർമ്മയുള്ളൂ, നാലഞ്ചു തടിമാടന്മാർ വന്നു അറഞ്ചം പുറഞ്ചം അടിച്ചു നിലം പരിശാക്കി, പിന്നെ ബോധം വന്നത് പോലീസ് സ്റ്റേഷനിൽ വച്ചാണ്. ജാമ്യമെടുത്തു കൂട്ടുകാർ അവൻ്റെ വീട്ടിലേയ്ക്കു കൊണ്ട് വന്നു. പക്ഷെ പടിയ്ക്കൽ എത്തിയപ്പോൾ അച്ഛൻ തടഞ്ഞു.
“ഇറങ്ങെടാ പുറത്ത്, ഇനി നിനക്കീ വീട്ടിൽ സ്ഥാനമില്ല. ”
അമ്മയുടെ കരച്ചിലും കണ്ണീരുമൊന്നും അച്ഛന്റെ മനസ്സ് അലിയിച്ചില്ല. അനാഥനാക്കപ്പെട്ടവന്റെ ദുരവസ്ഥ. എവിടെങ്കിലും പോയിരുന്നു ഒന്ന് പൊട്ടിക്കരയണമെന്നേ കരുതിയുള്ളൂ. നിരത്തിലൂടെ നടന്നപ്പോൾ എതിരെ വന്ന പരിചയക്കാരുടെ കുശലാന്വേഷണങ്ങൾക്കും കുത്തി കുത്തിയുള്ള ചോദ്യങ്ങൾക്കും മറുപടി നൽകി മടുത്തപ്പോൾ ഇടവഴിയിലൂടെ യക്ഷിയമ്പലത്തിലേയ്ക്ക് നടന്നു. സന്ധ്യ കഴിഞ്ഞാൽ അവിടെ വിജനമാണ് ആരും അങ്ങോട്ട് കടക്കാറില്ല.
കാടു പിടിച്ചു ഇരുട്ടിൽ മുങ്ങിയ പഴയ യക്ഷിക്കാവ്. സന്ധ്യയ്ക്കു ആരോ തെളിച്ച വിളക്ക് മിന്നി മിന്നി കത്തുന്നു. നടയുടെ മുൻവശത്തെ പടിക്കെട്ടിൽ നടയ്ക്കു പിന്തിരിഞ്ഞിരുന്നും കൊണ്ട് ഓരോന്ന് ആലോചിച്ചപ്പോൾ അവനു കരച്ചിൽ വന്നു. ആത്മാർഥമായി സ്നേഹിച്ച പെണ്ണ് തന്നെ ചതിച്ചു. സ്വന്തമെന്നു കരുതിയ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇനി എന്ത് എന്ന ചോദ്യം അവന്റെ മനസ്സിൽ തെളിഞ്ഞു. മരിയ്ക്കാൻ തീരുമാനിച്ചു. വെളുപ്പിനെ മൂന്ന് മണിക്ക് മംഗലാപുരത്തേയ്ക്കൊരു തീവണ്ടിയുണ്ട്. സാമാന്യം നല്ല വേഗതയിൽ പോകുന്ന അതിനു മുൻപിൽ ആകാശങ്ങളെ സാക്ഷിയാക്കി കിടക്കണം. അങ്ങനെ ധീരമായി മരണത്തെ വരവേൽക്കണം. വാച്ചിൽ സമയം നോക്കി, മണി പത്തു കഴിഞ്ഞതേയുള്ളൂ. നല്ല വിശപ്പും ദാഹവും. സ്റ്റേഷന്റെ മുന്നിലെ തട്ടുകടയിൽ നിന്നും കഴിച്ച ദോശയും സാമ്പാറും ദഹിച്ചു കഴിഞ്ഞിരുന്നു.
മരിയ്ക്കാൻ പോകുന്നവന് എന്തിനാണ് ആഹാരവും വെള്ളവും. തന്നെ പോലെ കാമുകിമാരാൽ ചതിയ്ക്കപ്പെട്ട അനേകമനേകം കാമുകന്മാരുടെ ആത്മാക്കൾ തനിക്ക് ചുറ്റിലും ഉണ്ടെന്നു അവനു തോന്നി. അവനു പേടി തോന്നി. മരിയ്ക്കാൻ പേടി, മരണത്തെ പേടി. ഈ താനാണോ തീവണ്ടിയുടെ മുന്നിൽ തല വയ്ക്കാൻ പോകുന്നത്, അവന് ലജ്ജ തോന്നി.
അവൻ തിരിഞ്ഞ് നടയിലേക്കു നോക്കി. കൈകൂപ്പി പ്രാർത്ഥിച്ചു. അവന്റെ കൈ തട്ടി പീഠത്തിൽ വച്ചിരുന്ന കരിവളകൾ തറയിൽ ചിന്നി ചിതറി. കരിവള നടയിൽ വച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹം പൂർത്തീകരിയ്ക്കുമെന്ന് അവിടത്തെ വിശ്വാസമാണ്. അവൻ വളകൾ വളരെ ഭക്തി പൂർവം പീഠത്തിൽ വച്ച് തൊഴുതു. നാളെ തന്നെ ഒരു ഡസൻ കരിവളകൾ അമ്പലനടയിൽ വാങ്ങി വയ്ക്കണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഇന്ന് മരിയ്ക്കാൻ പോകുന്ന താനെങ്ങനെയാണ് നാളെ വളകൾ മേടിച്ചു വയ്ക്കുന്നത്?അതിനു താൻ നാളെയും കൂടി ജീവിയ്ക്കണ്ടേ, വേണമെന്നാരോ പറയുന്ന പോലെ അവന് തോന്നി.
ജീവിയ്ക്കണം അത് തന്റെ വാശിയാണ്. എല്ലാവരേയും മുന്നിൽ ജയിച്ചു കാണിച്ചു കൊടുക്കണം. എല്ലാവരോടുമുള്ള തന്റെ സ്നേഹം സത്യമായിരുന്നു. അത് തെളിയിക്കാൻ ജീവിച്ചിരുന്നേ പറ്റൂ.
പിന്നിലൊരു ആളനക്കം കെട്ടവൻ തിരിഞ്ഞു നോക്കി, ഒരു പെൺകുട്ടിയാണ്. അവനേക്കാൾ പ്രായമുണ്ട്, ഇരുപത്തിനാല് വയസ്സ് തോന്നിയ്ക്കും. പട്ടു പാവാടയും ശരീരത്തോട് ചേർന്ന് പറ്റി പിടിച്ച് കിടക്കുന്ന ഇറക്കം കുറഞ്ഞ ബ്ലൗസും, അതിനു മേൽ ചുറ്റിയ സുതാര്യമായ ദാവണിയും. യാതൊരു കൂസലുമില്ലാതെ അവളവന്റെ എതിർവശത്തു വന്നിരുന്നു.
“താനാരാ?മുൻപിവിടെ കണ്ടിട്ടില്ലല്ലോ. ഇത് എന്റെ സ്ഥലമാണ്. ”
നല്ല മാധുര്യമുള്ള ശബ്ദം, അവളിൽ നിന്നും വിവരാണീതതമായ സുഗന്ധം പരന്നു.
“തന്റെ സ്ഥലമോ, ഇത് ദേവിയുടെ അമ്പലമല്ലേ, ഭക്തർക്ക് ഏതു സമയത്തും ഇവിടെ വരാം, ദേവി സംരക്ഷണം നല്കുമെന്നല്ലേ. ”
“താനാരാ, ഭക്തനാണോ? എന്നും രാത്രിയിൽ ഞാൻ ഇവിടെയാ ഒളിച്ചിരിക്കുന്നത്. ”
അബദ്ധം പറ്റിയ പോലെ അവൾ നാക്ക് കടിച്ചു.
“ഒളിച്ചിരിക്കുന്നതോ? എന്തിന്. ”
ദൂരെ പാടത്തേക്കവൾ കൈചൂണ്ടി. പാടത്തിന്റെ കരയിൽ മങ്ങിയ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു ചെറിയ ടെറസ് വീട് അവൾ കാണിച്ചു.
“അതാ ഓവർസീയർ മധുഅണ്ണന്റെ വീടല്ലേ. ”
“അയാളുടെ ഭാര്യയുടെ അനിയത്തിയാണ് ഞാൻ മീനാക്ഷി, എല്ലാവരും മീനു എന്ന് വിളിക്കും. ചേട്ടൻ കുടിച്ചിട്ട് വരുന്ന രാത്രിയിൽ എനിക്കവിടം അത്ര സുരക്ഷിതമല്ല. ഞാൻ പാടത്തിന്റെ കരയിലൂടെ ഓടി ഇങ്ങോട്ടു പോരും നേരം വെളുത്തിട്ടേ പിന്നെ മടങ്ങി പോകൂ. ”
“തനിക്കു രാത്രി ഇവിടെ ഒറ്റക്കിരിയ്ക്കാൻ പേടിയില്ലേ. ഒറ്റയ്ക്ക്, അതും യക്ഷിക്കാവിൽ. ”
“എന്തിനു പേടിയ്ക്കണം. മനുഷ്യരെയാണ് പേടിയ്ക്കേണ്ടത്. തന്നെ കണ്ടപ്പോൾ എനിയ്ക്കൊരു പേടി തോന്നുന്നുണ്ട്. എന്റെ സ്വകാര്യത പോയി. ഇനി ഞാൻ എങ്ങനെ ഇവിടെ കിടന്നു ഉറങ്ങും. ”
തന്റെ കഥ അവൻ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. അവൻ മെല്ലെ എഴുന്നേറ്റു.
“ഞാൻ പോകുന്നു. മീനു ഇവിടെ കിടന്നോളു. ”
“പ്രണവ് ഇനി ഇവിടെ നിന്നും പോയാലാണ് എനിക്ക് പേടി. താൻ പുറത്ത് പോയി ആരെയെങ്കിലും കൂട്ടിക്കൊണ്ടു വന്നാലോ, ആണല്ലേ വർഗ്ഗം. ”
“ശെടാ, ഇത് വല്യ കഷ്ടമാണല്ലോ. ഞാൻ ഇന്ന് രാത്രി മരിയ്ക്കാൻ തയാറായി വന്നതാ. ഇപ്പോൾ തീരുമാനം മാറ്റി. ഞാൻ ഇവിടെങ്ങാനും മിണ്ടാതെ ഇരുന്നോളാം. ”
അവളുടെ നേരെ തന്റെ കൈകളും ഫോണും നീട്ടി. ഫോൺ സ്വിച്ച് ഓഫ് ആക്കി. ഇനി തനിക്കു എന്റെ കൈകൾ കെട്ടി വച്ച്, സുരക്ഷിതമായി കിടന്നു ഉറങ്ങാം.
അവൾ ദാവണി ഊരി അവന്റെ കൈകൾ തൂണിനോട് ചേർത്ത് പുറകിൽ കെട്ടി. അവന്റെ കുറച്ചു മാറി അവൾ കിടന്നു. എപ്പോഴോ അവൻ ഉറങ്ങി പോയി. ഉണർന്നപ്പോൾ അവളെ അവിടെയെങ്ങും കണ്ടില്ല. അവന്റെ അടുത്ത് തന്നെ ഫോൺ വച്ചിരുന്നു. കൈകളിൽ നല്ല ചന്ദനത്തിന്റെ മണം. അവൻ കൈകൾ വാസനിച്ചും കൊണ്ട് അവിടെയിരുന്നു. പാടത്തിനക്കരെ കിഴക്കു സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു. സമയം അഞ്ചര കഴിഞ്ഞു. ഇന്നലത്തെ ക്ഷീണം മാറി, നല്ല പ്രസരിപ്പോടെ അവൻ എഴുന്നേറ്റ് നടന്നു.
എങ്ങോട്ടു പോകാൻ? വിശപ്പാണെങ്കിൽ സഹിയ്ക്കാനും വയ്യ. കൂട്ടുകാരൻ വിനീതിന്റെ വീട്ടിൽ പോകുന്ന വഴിയാണ്. പകൽ അവിടെ നിൽക്കാം ആഹാരം കിട്ടുമല്ലോ, രാത്രി വീണ്ടും അമ്പലത്തിലേക്ക് മടങ്ങി പോകാം, മീനുവിനെ ഒരിക്കൽ കൂടി കാണാനൊരാഗ്രഹം.
“നീ രാത്രി എവിടെ ആയിരുന്നു? നിന്റെ അമ്മ ഇന്നലെ എന്നെ വിളിച്ചിരുന്നു. പാവം ആകെ വിഷമത്തിലാണ്, നിന്നെ വിളിച്ചിട്ടു കിട്ടിയില്ല. അമ്മ രാത്രി സ്റ്റോർ റൂം തുറന്നിടും, നീ രാത്രിയിൽ മതില് ചാടി അങ്ങ് ചെന്നേക്കണേയെന്നു പറഞ്ഞു. നീ വിഷമിക്കാതെ, അമ്മ അവിടെ അച്ഛനുമായി ശീത സമരത്തിലാണ്. അച്ഛൻ കുറെ തണുത്ത മട്ടുണ്ട്. ”
“എത്ര ദിവസമെന്നു വച്ചാ ഇങ്ങനെ. ”
പകൽ മുഴുവൻ അവനോടൊപ്പം കഴിച്ചു കൂട്ടി. സന്ധ്യക്ക് അവിടെ നിന്നും കവലയിലേയ്ക്ക് പോയി. പോകുന്ന വഴിയിൽ കുറെ പേരയ്ക്കയും കുറച്ചു കരിവളകളും വാങ്ങി യക്ഷി അമ്പലത്തിന്റെ വഴിയിലേക്ക് നടന്നു. ആരോ ഇന്നും വിളക്ക് തെളിയിച്ചിരിക്കുന്നു. കാറ്റിൽ ആടി അണയാൻ ശ്രമിക്കുന്ന ദീപനാളങ്ങൾ, അവൻ അണയാതെ കാത്തു. ഭക്തി പൂർവം പ്രാർത്ഥിച്ചു കൊണ്ട് അവൻ കയ്യിലിരുന്ന കരിവളകൾ നടയിൽ സമർപ്പിച്ചു. ഈ വളകളും മീനാക്ഷിയുമില്ലായിരുന്നെങ്കിൽ താനിപ്പോൾ ഛിന്നഭിന്നമായി, ലണ്ടനിൽ നിന്നും ചേട്ടന്റെ വരവും കാത്ത് ഏതെങ്കിലും മോർച്ചറിയിൽ കിടന്നേനെ. ഓർത്തപ്പോൾ അവന്റെ ദേഹത്ത് രോമാഞ്ചം ഉണ്ടായി.
“എന്റെ ദേവിയേ …. ” അവൻ വിളിച്ചു.
“ഓഹ്…. ”
പിന്നിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ട് അവൻ പേടിച്ചു.
“ആഹ് മീനാക്ഷിയോ, ഞാൻ വിചാരിച്ചു യക്ഷിയമ്മ ആണെന്ന്. ”
“അപ്പോൾ പേടിയുണ്ടല്ലേ, ഇവിടെ യക്ഷിയൊന്നുമില്ല, ഇവിടെ ഞാൻ മാത്രമേയുള്ളു. ”
അവിടെ ചന്ദന മണം പരന്നു. ഇന്നവൾ പാവാടയും ബ്ലൗസുമാണ് വേഷം. അവന്റെ കയ്യിൽ നിന്നും പേരയ്ക്ക തട്ടി പറിച്ചു കഴിച്ചും കൊണ്ടവൾ അടുത്ത് വന്നിരുന്നു. അവന് അവളുടെ മണം തന്റെ ആത്മാവിലേയ്ക്ക് കടക്കുന്നപോലെ തോന്നി, മത്ത് പിടിപ്പിയ്ക്കുന്ന മണം. അവൻ ഒളികണ്ണിട്ടു അവളെ ഒന്ന് നോക്കി.
“ഇന്നെന്റെ കൈ കെട്ടണ്ടേ, താൻ ദാവണി കൊണ്ട് വന്നിട്ടില്ലേ. ”
അവളവന്റെ പെൺസൗന്ദര്യത്തിലേയ്ക്ക് ഉറ്റു നോക്കി. അവൾ വല്ലാതെ ദേഷ്യപ്പെട്ടു.
“ഇത്തരം നോട്ടങ്ങളിൽ നിന്നും രക്ഷപെടാനാണ് ഞാൻ ഇവിടെ തങ്ങുന്നത്. ഇവിടെയും…. ”
അവൾ പിണക്കം അഭിനയിച്ചു.
“താൻ പേടിയ്ക്കണ്ട, ഞാൻ കുറച്ചു കഴിഞ്ഞങ്ങ് പോകും. അമ്മ എന്നെ കാത്തിരിക്കും. പാതിരാത്രിയിൽ വീട്ടിൽ ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്. ”
“പിന്നെന്തിനാ ഇങ്ങോട്ടു വന്നത്. ”
അവനവളോട് ചേർന്നിരുന്നു.
“തന്നെ കാണാൻ, നന്ദി പറയാൻ, ഇന്നലെ മരിക്കാൻ തയാറായിട്ടാണ് ഞാനിവിടെ ഇരുന്നത്, പക്ഷെ താനെന്തോ മാജിക് കാട്ടി എന്നെ ഉറക്കി കളഞ്ഞില്ലേ. എന്തായാലും നന്നായി, എന്നെ കണ്ടില്ലെങ്കിൽ അമ്മയുടെ അവസ്ഥ ഞാൻ ഓർത്തില്ല, പാവം അമ്മ. അമ്മയ്ക്ക് വേണ്ടി എനിക്ക് ജീവിയ്ക്കണം. ”
അവർ പലതും സംസാരിച്ചിരുന്നു, സമയം പോയതറിഞ്ഞില്ല. അവൻ വാച്ചിൽ സമയം നോക്കി എഴുന്നേറ്റു.
“ഞാൻ പോകട്ടെ, നാളെ വരാൻ പറ്റുമോ എന്നറിയില്ല. ”
അവൾ അവന്റെ വിരലുകൾ തന്റെ വിരലുകളിൽ കോർത്തു പിടിച്ചു.
“ജീവിതത്തിൽ പരീക്ഷണങ്ങൾ ഒക്കെ ഉണ്ടാകും, അതിനെയൊക്കെ നമ്മൾ മറികടക്കണം. ”
അവൻ നടക്കുന്നതിനിടയിൽ അവളെ തിരിഞ്ഞു നോക്കി. അവൾ സങ്കടത്തോടെ അവനെ നോക്കി നില്ക്കുകയാണ്. നിലാവെളിച്ചത്തിൽ നക്ഷത്രം പോലെ തിളങ്ങിയ അവളൊരു മായക്കാഴ്ചയായി അവനു തോന്നി.
“എന്റെ കൂടെ വീട്ടിലേയ്ക്ക് വരുന്നോ, മതിൽ ചാടാൻ പറ്റുമെങ്കിൽ വന്നോ, ഇവിടെ ഒറ്റയ്ക്ക് കിടക്കേണ്ട, രാവിലെ ഞാൻ ആരും കാണാതെ ഇവിടെ തിരിച്ചു കൊണ്ട് വന്ന് ആക്കാം. ”
പിറകെ കരിയില അനങ്ങുന്ന ശബ്ദം, കൊലുസിൻ്റെ കിലുക്കം കേട്ട് അവൻ തിരിഞ്ഞു നോക്കി. കൂടെ അവളുമുണ്ട്. അമ്മ ഉറങ്ങാതെ കാത്തിരിക്കുകയാകും, അമ്മ കാണാതെ അവളെ എവിടെയെങ്കിലും ഒളിപ്പിക്കണം. അവനെക്കാൾ മുൻപേ അവൾ മതിൽ ചാടി. ശബ്ദം കേട്ട് അച്ഛനും അമ്മയും പതുങ്ങി നിന്നു. അച്ഛൻ അമ്മയോട് ഇങ്ങനെ പറഞ്ഞു.
“എടി ഞാൻ ഇവിടെ ഉണ്ടെന്ന് അവൻ അറിയണ്ട. കുറച്ചു നാൾ ഇങ്ങനെ അകന്ന് നിന്നാലേ അവനു ജീവിതത്തെക്കുറിച്ച് ഒരു ഗൗരവമുണ്ടാകൂ. നീ അവനു ചോറ് കൊടുത്ത് മുറിയിൽ കിടത്തിക്കോ. സ്റ്റോർ റൂമിൽ പല്ലിയുടെയും പാറ്റകളുടെയും കൂടെ നമ്മുടെ കുഞ്ഞു കിടക്കേണ്ട. ”
അച്ഛൻ അവനെ യാഥാർഥ്യം അറിയിക്കാതെ മുറിയിൽ കള്ളയുറക്കം നടിച്ചു. അമ്മയാകട്ടെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു കൊടുത്തും കൊണ്ട് മേശപ്പുറത്തെ ഭക്ഷണം കാണിച്ചു കൊടുത്തു. കഴിച്ചിട്ട് മുറിയിൽ പോയി കിടക്കാൻ പറഞ്ഞു. അമ്മ മുറിയിൽ പോയപ്പോൾ അവൻ അവളെ കൈപിടിച്ച് അകത്തേയ്ക്കു കയറ്റി. അവളുടെ കാലിലെ കൊലുസിന്റെ ശബ്ദം ആരും കേൾക്കാതെയിരിക്കാൻ അവനവളെ എടുത്തു സ്ലാബിന്റെ പുറത്തിരുത്തി. അവൻ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് അവൾ നോക്കിയിരുന്നു. തനിക്കു വേണ്ടെന്നും താൻ അത്താഴം കഴിച്ചിട്ടാണ് ഇറങ്ങിയതെന്നും അവൾ ആംഗ്യം കാണിച്ചു.
അവൻ അവളെയും എടുത്തു ഇരുട്ടിൽ മുകളിലെ തന്റെ മുറിയിലേയ്ക്കു നടന്നു. മെല്ലെ വാതിലുകൾ അടച്ചു അവനവളെ നോക്കി. തന്റെ നെഞ്ചത്തെ ചൂടിലാണ് അവളിതുവരെ പറ്റിപിടിച്ചിരുന്നതെന്നു ഓർത്തപ്പോൾ അവനു നാണം തോന്നി. എത്ര പെട്ടെന്നാണ് മീനു തന്റെ ഹൃദയം കീഴ്പെടുത്തിയത്. അവളുടെ മുന്നിൽ അവൻ ഗൗരവം കാണിച്ചു. തന്റെ മനസ്സറിഞ്ഞാൽ അവൾ പിന്നെ തന്നോട് മിണ്ടില്ലായെന്ന് അവൻ ഭയപ്പെട്ടു.
തന്നെ തേച്ചവളെക്കുറിച്ച് താനിപ്പോൾ ഓർക്കാറില്ലയെന്നവൻ അത്ഭുതപ്പെട്ടു. ഇന്നലെ വരെ ഗൗരിയ്ക്കു വേണ്ടി മരിക്കാൻ നടന്നതാണ് താൻ. ഇപ്പോളോ?
ഉറക്കം വരുന്നുവെന്ന് ആംഗ്യം കാട്ടി അവളവന്റെ കട്ടിലിൽ ചുരുണ്ട് കൂടി. വെളിച്ചം അണച്ച് അവനും അവളെ സ്പർശിക്കാതെ കട്ടിലിന്റെ ഒരറ്റത്ത് കിടന്നു. ഇടക്കെപ്പോഴോ നേർന്നപ്പോൾ ജനലിലൂടെ നിലാവെളിച്ചം മുറിയിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. തന്റെ നെഞ്ചിൽ തല വച്ച് കിടന്നുറങ്ങുന്ന മീനാക്ഷിയെ അവൻ മുറുകെ പുണർന്നു. അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളെ ഉണർത്താതെ അവൻ കിടന്നു.
രാവിലെ ഉണർന്നപ്പോൾ അവളെ കണ്ടില്ല, മുറിയുടെ വാതിൽ തുറന്നു കിടന്നു. അവളുടെ മണത്തെ ആസ്വദിച്ചു കിടന്നും കൊണ്ടവൻ ദിവാസ്വപ്നം കണ്ടു. അവളെപ്പോൾ പോയി. പോകുന്നത് അമ്മ കണ്ടു കാണുമോ? നേരം നല്ലപോലെ വെളുത്തിരുന്നു, അച്ഛൻ കാണാതെ എങ്ങനെ മുറിക്ക് പുറത്തിറങ്ങും. അവളുടെ ഫോൺ നമ്പർ വാങ്ങേണ്ടതായിരുന്നു എന്നോർത്തു അവനു കുറ്റബോധം തോന്നി.
അച്ഛന്റെ കാർ ഗേറ്റ് കടന്നു പുറത്തു പോയപ്പോൾ അവൻ അമ്മയെ തേടി അടുക്കളയിലെത്തി. അമ്മ അവളെ കണ്ട് കാണുമോ, അവളെക്കുറിച്ച് എന്തെങ്കിലും ചോദിക്കുമോ എന്ന ഭയം അവനുണ്ടായി. നീ നന്നാവില്ലെടാ, ഒരു പെണ്ണുകേസിൽ നിന്നും ചാടി അടുത്തതിലേക്ക് വന്നു വീണോ എന്നാകും കുറ്റപ്പെടുത്തൽ.
ഉച്ചയൂണ് കഴിഞ്ഞു അവൻ മതിൽ ചാടി. അവന് മീനുവിനെ കാണണമെന്ന് തോന്നി. പാടത്തു കൂടെ, അവളുടെ വീടിന് മുൻപിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി, അവളെക്കുറിച്ചു ഒരു സൂചന പോലും കിട്ടിയില്ല.
സന്ധ്യക്ക് മുൻപ് മുറിയിൽ കയറണമെന്ന അമ്മയുടെ ആവശ്യം അവൻ പരിഗണിച്ചില്ല. അവളെ കാണാതെ വയ്യ. യക്ഷി അമ്പലത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ കിടന്നു അവൻ ഉറങ്ങി പോയി. നെഞ്ചിലൂടെ ഇഴയുന്ന വിരലുകൾ ആരുടെയാണെന്നു കണ്ണ് തുറക്കാതെ അവനു മനസിലായി. അവൻ ആ വിരലുകൾ ചുണ്ടോട് അടുപ്പിച്ചപ്പോൾ അവൾ കൈ പിൻവലിച്ചു.
“അയ്യടാ അങ്ങനെ വേണ്ട, ഇന്നലെ എന്നെ ഉമ്മ വച്ചതു ഞാൻ അറിഞ്ഞില്ലയെന്നാണോ വിചാരം. ”
അവൾ പരിഭവിച്ചു.
“ഇഷ്ടം കൊണ്ടല്ലേ, അത്രയ്ക്ക് ഇഷ്ടമായി പോയി. തന്നെ എന്റെ പെണ്ണാക്കണം എന്ന് തോന്നുന്നു. ”
“ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരാളെ അത്രയ്ക്ക് ഇഷ്ടപ്പെടാൻ പറ്റുമോ?”
“അതൊന്നും എനിക്കറിയില്ല, ഞാൻ ആദ്യമായാണ് ഒരു പെണ്ണിനെ പ്രണയിക്കുന്നതെന്നു തോന്നി. ”
അവൻ തിരിഞ്ഞു നോക്കാതെ എഴുന്നേറ്റു നടന്നു, അവളവന്റെ കൂടെ നടന്നു.
“പിണങ്ങാൻ പറഞ്ഞതല്ല. ഞാനൊരു പാവപ്പെട്ട പെണ്ണാണ്, സമയം കൊല്ലാനുള്ള ഉപാധിയായി എന്നെ കാണരുത്. ”
“ഞാൻ ആരെയും ചതിച്ചിട്ടില്ല, എന്നെയാണ് ചതിച്ചത്. ഈ യക്ഷി അമ്മ സാക്ഷിയായി പറയട്ടെ, എനിക്ക് നിന്നെ കല്യാണം…. ”
അവളവന്റെ വാ പൊത്തി.
” വേണ്ട ഒന്നും പറയണ്ട. എനിക്കറിയാം നിന്നെ. ”
അവളവനെ മാറോടു ചേർത്തു. അവളെ ചുറ്റിപ്പിടിച്ച് നാട്ടു വഴികളിലൂടെ നടക്കുമ്പോൾ അവന്റെ ഹൃദയം അവളോടുള്ള പ്രേമം മൂലം ഉരുകുകയായിരുന്നു.
അന്നവന്റെ റൂമിൽ വച്ച് അവർ ഒന്നായി. പിന്നീട് എല്ലാ രാത്രികളിലും അവൾ അവനെ തേടി വന്നു. അവർ ഒന്നായി ജീവിച്ചു.
അവൻ ചുറ്റുമുള്ള എല്ലാവരേയും മറന്നു. പഠനം മുടങ്ങി. കണ്ണുകൾ കുഴിഞ്ഞു. ഒറ്റക്കിരുന്നു സംസാരം തുടങ്ങി, എല്ലാവർക്കും ശല്യമായി. ഡോക്ടർമാരെ കണ്ടു ആർക്കും ഒരു പ്രതിവിധി കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് മന്ത്രവാദികൾ പലരും വന്നു. ദേവി ഭാവത്തിൽ ഒരു തേജസ് കൂടെയുണ്ടെന്നും, കാമുകി ഭാവത്തിലാണെന്നും പെട്ടെന്ന് വിട്ടു പോകില്ലായെന്നും, അമ്മയോട് മകനെ വിട്ട് തരാൻ ഉള്ളുരുകി പ്രാർത്ഥിയ്ക്കാനും ഒരു ജ്യോത്സ്യൻ പറഞ്ഞു.
അവസാനം അവൻ്റെയമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു. യക്ഷിയെ സംതൃപ്തിപെടുത്താൻ അമ്മ അവനെ കൊണ്ട് ചുവന്ന പട്ടും കരിവളയും താലിയും സമർപ്പിച്ചു. പിന്നീട് അവൾ വരാതെയായി. അവൻ ഒറ്റയ്ക്കായി. വർഷങ്ങൾ പിന്നിട്ടു. അവൻ ജോലി തേടി ഗൾഫിൽ പോയി. അവനു വേണ്ടി ഒരു പാവം പെൺകുട്ടിയെ അമ്മ കണ്ടെത്തി.
കല്യാണം കഴിഞ്ഞു രണ്ടുപേരും യക്ഷിയമ്പലത്തിൽ വിളക്ക് വയ്ക്കാൻ വന്നു.
“തനിക്കെല്ലാം അറിയാവുന്നതല്ലേ, താൻ നടന്നോ. എനിക്ക് കുറച്ചു പറയാനുണ്ട്, അനുവാദം ചോദിക്കാനുണ്ട്. ”
“അത് വേണോ. ”
“തന്റെ മനസ്സ് അവൾ മനസ്സിലാക്കും. ”
ഒന്നും മിണ്ടാതെ നവവധു ഇറങ്ങി നടന്നു. കുറെ കഴിഞ്ഞു പിന്നിൽ അവൻ ഓടി വരുന്നുണ്ടായിരുന്നു. സന്തോഷവാനായി അവളുടെ വിരലുകളിൽ പിടിച്ചു.
“അവസാനമായി ഞാനവളെ കണ്ടു, സംസാരിച്ചു. തന്നെ ഇഷ്ടമായി, തന്നെ വേദനിപ്പിക്കല്ലേയെന്നു എന്നോട് പറഞ്ഞു. നമുക്കൊരു കുട്ടി പിറക്കുമ്പോൾ ഈ നടയിൽ വന്ന് ചോറ് കൊടുക്കണമെന്ന് പറഞ്ഞു. ”
പടിക്കെട്ടിറങ്ങി വഴിയിലേക്ക് തിരിയുമ്പോൾ അവൻ തിരിഞ്ഞു നോക്കി. സർവ്വാഭരണ വിഭൂഷിതയായ, ചുവന്ന പട്ടു സാരി ചുറ്റിയ ഒരു രൂപം അവനെ നോക്കി കൈവീശി കാണിച്ചു.
തൻ്റെ മനസ്സിലുള്ള യക്ഷിക്കാവിൽ നിന്നും അവൻ എന്നന്നേക്കുമായി പടിയിറങ്ങി.
✍️✍️✍️നിഷ പിള്ള
2 Comments
❤️❤️❤️🥰🥰
❤️❤️❤️