ഒരു കാത്തിരിപ്പിന് പോലും അവസരം നൽകാതെ
നമ്മുടെ പ്രണയ൦ എരിഞ്ഞടങ്ങുകയായിരുന്നു
അവിടെ വീണു മുളയ്ക്കാൻ ഇനിയുമൊരു കാലം
ബാക്കിയില്ലെന്നറിയുമെങ്കിലും പറയട്ടെ…
ഇനിയൊരു ജന്മമുണ്ടെങ്കിൽ…
നമുക്കായ് പിന്നെയും പിന്നെയും
ജന്മങ്ങളുണ്ടെങ്കിൽ…
അവിടെയെല്ലാം
നിനക്കായ് ഞാനും എനിക്കായ് നീയും പുനർജനിക്കണം
അവിടെ നമ്മുടെ ഇഷ്ടങ്ങൾ ഒന്നായി അലിഞ്ഞു ചേരണം
നീ പറഞ്ഞു തുടങ്ങുന്നതിൻ ബാക്കി പറയുന്നത് ഞാനായിരിക്കണം
ഞാൻ കാണുന്ന കാഴ്ചകളുടെ ഭംഗി ആസ്വദിക്കുന്നത് നീയായിരിക്കണം
നിൻ്റെ ഇണക്കങ്ങൾ എനിയ്ക്ക് മാത്രമുള്ളതാവണം
എൻ്റെ പിണക്കങ്ങൾ നിനക്കുള്ളതാവണം
എന്നിൽ പെയ്യുന്ന മഴയത്രയും നീ മാത്രമായിരിക്കണം
നിന്നെ കുളിർമ കൊള്ളിക്കും മഞ്ഞ് ഞാനായിരിക്കണം
എന്റെ രാപകലുകൾ മുഴുവൻ നീയായ് മാറണം
നിന്റെ സ്വപ്നങ്ങളിൽ ഞാൻ മാത്രമായിരിക്കണം
നിദ്രയെൻ കൺതടങ്ങളിൽ തഴുകുമ്പോൾ
പോലുമെന്നരികെ നീയുണ്ടായിരിക്കണം
നിന്റെ ശ്വാസനിശ്വാസങ്ങളത്രയും
എന്റെ ഹൃദയത്തിൽ അലിഞ്ഞു ചേരണം
ഒരിക്കലും മരിക്കാത്ത പ്രണയത്തോടെ ജീവിച്ചു൦ മരിച്ചു൦
പിന്നെയും പിന്നെയും പുനർജനിക്കണം…
നിനക്കായി ഞാനും എനിക്കായി നീയും…!
3 Comments
👌👌
❤️❤️👍
❤️❤️❤️