ഞാൻ ആലോചിക്കുകയായിരുന്നു ഈ പുസ്തകത്തിൽ വിവരിച്ചത് പോലെയുള്ള അബദ്ധങ്ങൾ മുഴുവൻ എഴുത്തുകാരിയുടെ അനുഭവങ്ങൾ ആണെങ്കിൽ അതെങ്ങനെയാണ് ഇത്രയും അബദ്ധങ്ങൾ ഒരാൾക്ക് തന്നെ പറ്റുന്നത്. അങ്ങനെയാണെങ്കിൽ ഈ ലോകത്ത് നടക്കുന്ന അബദ്ധങ്ങൾ മുഴുക്കെ ഇയാളുടെ അടുത്ത് മാത്രം ആണോ നടക്കുന്നത്. തൊടുന്നതും ആലോചിക്കുന്നതും എല്ലാം അബദ്ധങ്ങൾ.
സാമൂഹ്യമാധ്യമം വഴിയുള്ള പരിചയം ആണ് അബ്രാമിന്റെ പെണ്ണുമായി. സുജ സുനിൽ എന്ന് യഥാർത്ഥ നാമം. ആളുടെ ആദ്യത്തെ പ്രസിദ്ധീകരണം ആണ് ചിരിമണികൾ ഉതിരുമ്പോൾ.
നാട്ടിൽ ആയിരുന്നപ്പോൾ ആണ് പുസ്തകം കൈയിൽ കിട്ടിയത് എങ്കിലും അവധിയുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു സമാധാനമായി ഇരുന്ന് വായിക്കാൻ വേണ്ടി നീട്ടി വെച്ച് വായന ആയിരുന്നു. അനുഭവങ്ങൾ ആണോ സങ്കല്പങ്ങളാണോ എന്ന ചിന്തയിൽ ഇതൊക്കെയും സ്വന്തം അനുഭവങ്ങൾ മാത്രമായിരിക്കും എന്ന തോന്നലിലേക്ക് നമ്മളെ അവസാനം എത്തിക്കുന്ന മാന്ത്രികസൃഷ്ടിയാണ് ചിരിമണികൾ ഉതിരുമ്പോൾ. ഫലിതങ്ങൾ ആണ്. ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും.
സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ ബഹളമയം അല്ലാതെ സ്വന്തം ശൈലിയിൽ കഥ പറഞ്ഞു പോകുകയാണ് സുജ. പലതും പലപ്പോഴും നമ്മൾ തന്നെയാണ് എന്ന് തോന്നിപോകുന്ന കഥാപാത്രങ്ങൾ. വീട്ടിൽ സംസാരിക്കുന്ന ഭാഷയിൽ ആണ് ആഖ്യാനം. നമ്മളിൽ ഒരാൾ നമുക്ക് കഥ പറഞ്ഞു തരുന്നത് പോലെ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വരണ്ടു വരുന്ന ഹാസ്യസാഹിത്യ ശാഖയ്ക്ക് ഒരു വാഗ്ദാനം ആണ് സുജ. നമ്മളിൽ ഒരുവൾ. ഇരുപത്തി ഒന്ന് കുഞ്ഞു കഥകളുടെ കൂട്ടം ആണ് ഈ പുസ്തകം. നിഷ്കളങ്കമായ ഇരുപത്തി ഒന്ന് കഥകൾ. മുന്നിട്ട് നില്കുന്നത് നിഷ്കളങ്കത ആണെങ്കിൽ തന്നെയും ഓരോ കഥയും കുറിക്ക് കൊള്ളുന്നവയാണ്. പലതിനോടും ഉള്ള സമരം ചെയ്യൽ ആണ്.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന അത്രയും രസകരമാണ്. തുടക്കക്കാർക്ക് വേണ്ടി recommend ചെയ്യാം.
ഇനിയും ഒരുപാട് സൃഷ്ടികൾ സുജയുടെ വിരൽത്തുമ്പിൽ നിന്ന് ജന്മം എടുക്കട്ടേ എന്ന് ആശംസിക്കുന്നു.
#അബ്രാമിന്റെപെണ്ണ്
2 Comments
വായിക്കണം ❤❤
ആശംസകൾ