രക്ത ഗ്രൂപ്പുകൾ കണ്ടു പിടിച്ച ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റൈനറിന്റെ ജന്മദിനം 1868 ജൂൺ 14 ആം തിയതിയാണ്. ഈ ദിനം 2004 മുതലാണ് ലോക രക്തദാനദിനമായി ആചരിക്കാൻ ആരംഭിച്ചത്.
സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും രക്തഘടകങ്ങളെപ്പറ്റിയും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം ആചരിക്കുന്നത്.
രക്തസ്രാവം മൂലമാണ് ഭൂരിഭാഗം ആളുകളും മരിക്കുന്നത്. അതിനാൽ തന്നെ ഈ വർഷത്തെ രക്തദാനദിന സന്ദേശം ‘രക്തം നൽകി ലോകത്തെ ആരോഗ്യകരമായ ഒരു ഇടമാക്കുക’ എന്നതാണ്.
റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രിയില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. ഇവിടെയാണ് സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് രക്തം സ്വീകരിക്കലാണ് ഏറ്റവും അനുയോജ്യമെന്നാണ് പഠനം. ആരോഗ്യമുള്ള ഒരാള്‍ക്ക് 450 മില്ലി വരെ ഒരു തവണ രക്തം ദാനം ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
രക്തദാനം കൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ രക്തദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.
രക്തദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാവും. മാത്രമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കും.
ആഗോളതലത്തിൽ രക്തദാനത്തിലുള്ള കുറവ് പരിഹരിക്കാൻ ലോകാരോഗ്യ സംഘടന/ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ/ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷനുകൾ/ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചുവരുന്നുണ്ട്.
ഒഴുകുന്ന ജീവന് എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ദര്‍ നല്കിയ നിര്‍വ്വചനം. ഒരു തുള്ളി രക്തം ഒരു ജീവന് രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെയാണ്.
-ശുഭം-
1 Comment
👌💐❤️