#എന്റെരചന
കയ്യിലെ ഞരമ്പ്മുറിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട് കൈത്തണ്ടയിൽ തുന്നലിന്റെ ഉണങ്ങിയ പാടുമായി വിതുമ്പിക്കൊണ്ടിരുന്ന ആ വിദ്യാർത്ഥിനിയുടെ കയ്യിൽ പിടിച്ചു ആ അദ്ധ്യാപിക 25 വർഷം മുൻപിലേക്ക് പതുക്കെ നടന്നു.
മേശക്കുമുന്നിൽ നിവർത്തിവച്ച പുസ്തകത്തിലെ അക്ഷരങ്ങൾ കണ്ണീരിൽ കുതിർന്നപ്പോൾ ഒരു പതിനേഴുകാരി കഴുത്തിൽ കുരുക്കിയ ഷാളിന്റെ രണ്ടറ്റവും ശക്തമായി വലിച്ചിട്ടും എന്താണ് മരിക്കാത്തത് സങ്കടത്തോടെ വീണ്ടും അതിശയിച്ചു കൊണ്ടിരുന്നു.അങ്ങനെയല്ലാതെ എങ്ങനെ മരിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു. അവളുടെ അടച്ചിട്ട പഠനമുറിക്ക് പുറത്ത് അപ്പോഴും അവളുടെ അച്ചൻ അമ്മയെ കുനിച്ചു നിർത്തി കാരണമൊന്നുമില്ലാതെ മുതുകിലിടിക്കുന്ന ശബ്ദം അവളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു. വിയർത്തൊഴുകി നിവർത്തി വച്ച പുസ്തകത്തിലേക്ക് കമഴ്ന്നുകിടന്ന് കിതച്ച അവൾക്ക് പിറ്റേ ദിവസത്തെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ചിന്തയിൽ പുസ്തകത്തിലെ കറുത്ത വരികളോട് അന്നാദ്യമായി വെറുപ്പ് തോന്നി. പരീക്ഷ പേപ്പറിലേക്ക് പേനയുരുട്ടാൻ ശ്രമിച്ചപ്പോഴെല്ലാം അമ്മയുടെ പുറത്തുവീഴുന്ന ഇടിയുടെ മുഴക്കം കാതിൽനിന്നും നെഞ്ചിലേക്ക് അരിച്ചിറങ്ങുന്നതറിഞ്ഞ് പേപ്പർ തിരിച്ചുകൊടുത്ത് പരീക്ഷഹാളിൽനിന്നും ഇറങ്ങിപ്പോയ ആ പെൺകുട്ടിയുടെ വിരൽത്തുമ്പ് പിടിച്ചു തിരിച്ചുവന്ന വിദ്യാർത്ഥിനി ആത്മവിശ്വാസത്തോടെ അവളുടെ അദ്ധ്യാപികയെ നോക്കി ചിരിച്ചപ്പോൾ അവളുടെ ഉണങ്ങിയ മുറിവിൽ തടവി ആ അദ്ധ്യാപികയും പഴയ പതിനേഴുകാരിയെ ഓർത്ത് പുഞ്ചിരിച്ചുകൊണ്ടിരുന്നു