നീ വരുവോളം നീൾമിഴി നീട്ടി ഈ പടിവാതിലിലിരിക്കും(2)
നിറമിഴികളുമായി നിന്നോർമ്മകളിൽ മുഴുകി ഈ പടിവാതിലിലിരിക്കും,
ഈ പടിവാതിലിലിരിക്കും…
വിരഹത്താൽ വിതുമ്പും മനമോടെ
വിജനമാം വീഥിയിലൊരു കാൽപെരുമാറ്റം കാതോർക്കും,
ഓർമ്മകളിലെ പരിരംഭണത്തിൽ നാണത്താലെന്നുള്ളം തുടിക്കും,
നിൻ വിരൽസ്പർശത്തിനായി കൊതിക്കും,
ദൂരെയെന്നാകിലും ദൂരമില്ലീ മനസ്സുകളിൽ,
ദൂതു പോവുന്നു ചിന്തകൾ ഓർമ്മകളായി,
നീയെന്ന സൂനത്തിലൂറും മധുകണം ഞാൻ,
നിന്നിലലിഞ്ഞു നിർവൃതി തേടുന്നു,
നീയെന്നിൽ പൂത്തുലയുകിൽ എന്നും വസന്തം ജീവിതവാടിയിൽ വിരുന്നെത്തും,
ചിത്രപതംഗങ്ങളായി നാം പ്രണയ മധുരം നുകരും,
ഒന്നായൊഴുകും പുഴ പോൽ നമ്മൾ സാഗരനീലിമതേടും,
സ്വപ്നത്തിൻ നീലനഭസ്സിൽ പ്രണയത്തിൻ മാരിവിൽ നിറയ്ക്കും,
നിനവിലും നിദ്രയിലും നിൻ വിളിക്കായി കാതോർക്കും,
ഹൃദയവാതിൽ നിനക്കായി തുറക്കും,
നീ വരുവോളം നീൾമിഴി നീട്ടി ഈ പടിവാതിലിലിരിക്കും,
നിറമിഴിയോടെ നിൻ പദനിസ്വനം നിനച്ചിരിക്കും…
★★★നിഷിബ എം നിഷി★★★
2 Comments
സൂ………പ്പർ👌👌👌
സ്നേഹം 😍